As the political drama at Kerala University continues, the suspended registrar returned to the office on Sunday, a holiday, and assumed charge
തിരുവനന്തപുരം : കേരള സർവകലാശാലയിലെ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നതിനിടെ, സസ്പെൻഷനിലുള്ള രജിസ്ട്രാർ അവധി ദിവസമായ ഞായറാഴ്ച ഓഫീസിലെത്തി ചുമതല ഏറ്റെടുത്തു.
വൈസ് ചാൻസലറാണ് രജിസ്ട്രാറെ സസ്പെൻഡ് ചെയ്തത്. ഈ വിഷയം നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ്.
ഇതിനിടയിൽ ഇന്ന് തിടുക്കപ്പെട്ട് സിൻഡിക്കേറ്റ് കൂടിയാണ് രജിസ്ട്രാറോട് അടിയന്തരമായി ചുമതല ഏറ്റെടുക്കാൻ ആവശ്യപ്പെട്ടത്. ഞായറാഴ്ച ഉച്ചയോടെയാണ് തിടുക്കപ്പെട്ട് സിൻഡിക്കേറ്റ് യോഗം ചേർന്ന് അനിൽകുമാറിനോട് ചുമതല ഏൽക്കാൻ ആവശ്യപ്പെട്ടത്.
വൈകുന്നേരം നാലരയോടെ രഹസ്യമായി ഓഫീസിൽ എത്തി ഡോ. കെ എസ് അനിൽകുമാർ ചുമതല ഏൽക്കുകയായിരുന്നു. വിസിയോട് ഏറ്റുമുട്ടാൻ തന്നെയാണ് സിപി എമ്മിന്റെ തീരുമാനം.
വിസി സസ്പെൻഡ് ചെയ്ത രജിസ്ട്രാർക്ക് ഓഫീസിലെത്തി ചുമതല ഏൽക്കാൻ കഴിയുമോ എന്നതാണ് സാങ്കേതികമായ ചോദ്യം. എന്നാൽ, സർവകലാശാലാ നിയമപ്രകാരം രജിസ്ട്രാറുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം സിൻഡിക്കേറ്റിനാണ് എന്നാണ് സിപിഎമ്മിന്റെ നിലപാട്.
അനിൽകുമാറിനെ സസ്പെൻഡ് ചെയ്ത വി സിയുടെ നടപടി തെറ്റാണെന്നും നിയമവിരുദ്ധമാണെന്നും സിൻഡിക്കേറ്റിലെ ഇടത് അംഗങ്ങൾ നിലപാടെടുത്തു. തുടർന്ന് അനിൽകുമാറിന്റെ സസ്പെൻഷൻ റദ്ദാക്കിക്കൊണ്ട് സിൻഡിക്കേറ്റ് ഉത്തരവിടുകയായിരുന്നു.
ഗവർണർ രാജേന്ദ്ര ആർലേകർ പങ്കെടുത്ത ചടങ്ങിൽ ഭാരതാംബയുടെ ചിത്രം വെച്ചതിനെ തുടർന്നുണ്ടായ വിവാദമാണ് അനിൽകുമാറിന്റെ സസ്പെൻഷനിലേക്ക് എത്തിച്ചത്.
ശ്രീ പത്മനാഭ സേവാ സമിതി ജൂൺ 25ന് യൂണിവേഴ്സിറ്റി സെനറ്റ് ഹാളിൽ നടത്തിയ സെമിനാർ ആണ് വിവാദത്തിന് കാരണമായത്.
സെമിനാറിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചിരുന്നു. ഇതിനെതിരെ ഇടതു സംഘടനകൾ പ്രതിഷേധിച്ചു.
സർവ്വകലാശാലയുടെ വളപ്പിൽ മതചിഹ്നങ്ങളും ആരാധനയും അനുവദിക്കില്ലെന്നു പറഞ്ഞ് രജിസ്ട്രാർ ഹാളിനുള്ള അനുമതി നിഷേധിച്ചു. എന്നാൽ ഗവർണർ എത്തുകയും പരിപാടി നടക്കുകയും ചെയ്തു.
തുടർന്ന് രജിസ്ട്രാറുടെ പരാതിയിൽ പോലീസ് കേസെടുത്തു. തൊട്ടു പിന്നാലെ ഗവർണർ പങ്കെടുത്ത ചടങ്ങ് അലങ്കോലമാക്കാൻ ചിലർക്ക് വേണ്ടി രജിസ്ട്രാർ പ്രവർത്തിച്ചുവെന്ന് പറഞ്ഞ് വൈസ് ചാൻസലർ മോഹൻ കുന്നുമ്മൽ രജിസ്ട്രാറെ സസ്പെൻഡ് ചെയ്യുകയായിരുന്നു.
Summary: As the political drama at Kerala University continues, the suspended registrar returned to the office on Sunday and assumed charge
COMMENTS