Govindachami had restricted his food for months in order to escape jail. After it getting lean he jumped out the small passage in jail window
സ്വന്തം ലേഖകന്‍
കണ്ണൂര്‍ : ജയില്‍ ചാടിയ കൊടും കുറ്റവാളി ഗോവിന്ദച്ചാമി നടന്നുപോകുന്നത് പലരും കണ്ടുവെങ്കിലും ഇയാളുടെ പുതിയ ലുക്ക് ആളെ തിരിച്ചറിയാന്‍ ഇടയാക്കാതെ പോയി.
ജയില്‍ ചട്ടമനുസരിച്ച് കുറ്റവാളികള്‍ക്ക് കൃത്യമായി മുടിയും താടിയും വെട്ടേണ്ടതുണ്ട്. എന്നാല്‍, ഗോവിന്ദച്ചാമിക്ക് ഇതൊന്നും ബാധകമായിരുന്നില്ല. അതുകൊണ്ടാണ് താടി നീട്ടി വളര്‍ത്തിയ ഇയാളെ നാട്ടുകാര്‍ തിരിച്ചറിയാതെ പോയത്.
ജയിലില്‍ നിന്ന് ചാടി മൂന്നര കിലോമീറ്ററോളം ഇയാള്‍ പൊതുനിരത്തിലൂടെ നടന്നു പോയി. തലയില്‍ ഒരു പൊതിക്കെട്ടും വച്ച് കൈ അതില്‍ തിരുകി ആരും തിരിച്ചറിയാത്ത വിധമാണ് നടന്നു പോയത്. പോസ്റ്റ് ഓഫീസ് പരിസരത്ത് എത്തിയപ്പോള്‍ സ്വകാര്യ കമ്പനി ജീവനക്കാരനായ വിനോജ് ആണ് ഗോവിന്ദച്ചാമിയെ ആദ്യമായി സംശയിച്ചത്.
![]() | |
ജയില്‍ ചാടിയ ഗോവിന്ദച്ചാമി തലയില്‍ പൊതിക്കെട്ടുമായി റോഡിലൂടെ നടന്നുപോകുന്നു |
ഉടന്‍തന്നെ വിനോജ് പോലീസിനെ അറിയിച്ചത് കൊണ്ടാണ് പ്രതിയെ കൈയോടെ പിടികൂടാന്‍ കഴിഞ്ഞത്. മതില്‍ ചാടിയ ഗോവിന്ദച്ചാമി കണ്ണൂര്‍ ഡിസിസി ഓഫീസില്‍ സമീപമാണ് എത്തിയത്. ജയിലില്‍ നിന്ന് മണം പിടിച്ച് പോയ പൊലീസ് നായയും ഡിസിസി ഓഫീസ് പരിസരത്താണ് എത്തി നിന്നത്. ഇതോടെ പ്രതിഭാഗത്തു തന്നെ ഉണ്ടെന്ന് പോലീസ് ഉറപ്പിച്ചു.
തുടര്‍ന്ന് പോലീസിനൊപ്പം നാട്ടുകാരും തിരച്ചിലനായി ചേര്‍ന്നു. ഈ ഭാഗത്ത് നിരവധി വീടുകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ട്. ഇവിടങ്ങളിലെല്ലാം പരിശോധന നടത്തി. ഇതിനിടെയാണ് മുന്‍ പട്ടാളക്കാരനായ ഉണ്ണികൃഷ്ണന്‍ ഗോവിന്ദച്ചാമിയെ കിണറ്റില്‍ കണ്ടെത്തിയത്.
കിണറ്റില്‍ നിന്ന് പുറത്തെത്തിച്ച പ്രതിയെ നാട്ടുകാര്‍ കാര്യമായി കൈകാര്യം ചെയ്യാതെ ഒരുവിധത്തിലാണ് പോലീസ് രക്ഷപ്പെടുത്തി കൊണ്ടുപോയത്. പോലീസ് ട്രെയിനിങ് സെന്ററിലേക്കാണ് ഇയാളെ ആദ്യം എത്തിച്ചത്.
![]() |
പ്രതിയെ പിന്നീട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തി. ഇവിടെ പുറത്തു തടിച്ചു കൂടിയ നാട്ടുകാരെയും മാധ്യമപ്രവര്‍ത്തകരെയും നോക്കി പ്രതി കൈവീശി കാണിക്കുകയും ചെയ്തു. ജയില്‍ മുറിയിലും ചാടിയ മതിലിനും സമീപവും എല്ലാം കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി.
ജയിലിലെ വര്‍ക്ക് ഷോപ്പില്‍ നിന്നാണ് അഴി മുറിക്കാനുള്ള ഹാക്‌സോ ബ്ലേഡ് കിട്ടിയതെന്നാണ് പ്രതി നല്‍കിയിരിക്കുന്ന മൊഴി. ആഴ്ചകള്‍ എടുത്താണ് ജയിലിന്റെ അഴി മുറിച്ചത്. മുറിച്ച ഭാഗം ആരും ശ്രദ്ധിക്കാതിരിക്കാനായി ഇവിടെ തുണികൊണ്ട് കെട്ടിവച്ചിരുന്നു.ജയില്‍ മോചിതരായവരുടെ വസ്ത്രങ്ങളാണ് രക്ഷപ്പെടാനായി കൂട്ടിക്കെട്ടി വടം ഉണ്ടാക്കുന്നതിന് ഉപയോഗിച്ചത്. കറുത്ത പാന്റും വെള്ള ഷര്‍ട്ടും ഇത്തരത്തില്‍ കിട്ടിയതാണെന്നാണ് കരുതുന്നത്. കുളിക്കാനുള്ള വെള്ളം ശേഖരിക്കുന്ന ടാങ്കിനു മുകളില്‍ കയറിയാണ് ഇയാള്‍ രക്ഷപ്പെട്ടത്. ടാങ്കിന് മുകളില്‍ നിന്നുകൊണ്ട് ഇലക്ട്രിക് വേലിയുടെ കമ്പിയില്‍ പുതപ്പ് കെട്ടി. അതിനുശേഷമാണ് പുറത്തേക്ക് ചാടിയത്. വേലി കേടായിരുന്നതിനാല്‍ വൈദ്യുതി പ്രവാഹം ഉണ്ടായിരുന്നില്ല. ഇതും ഗോവിന്ദച്ചാമിക്ക് അനുഗ്രഹമായി.
ജയില്‍ ചാടുന്നതിനായി ഇയാള്‍ മാസങ്ങളായി തയ്യാറെടുത്തിരുന്നു എന്നാണ് പോലീസിന്റെ നിഗമനം. ഇതിനായി ഏറെ നാളായി ഭക്ഷണം നിയന്ത്രിച്ചിരുന്നു. ഇങ്ങനെ നന്നായി മെലിഞ്ഞ ശേഷമാണ് കമ്പി അറുത്ത് ചെറിയ വഴിയുണ്ടാക്കി അതിലൂടെ പുറത്തുചാടിയത്. താടി വളര്‍ത്തി രൂപം മാറ്റിയതും ഇതേ ലക്ഷ്യത്തോടെയാണെന്നാണ് പൊലീസ് ഇപ്പോള്‍ സംശയിക്കുന്നത്.
തമിഴ്‌നാട്ടില്‍ നിന്നുള്ള മറ്റൊരു സഹ തടവുകാരനും കൂടെ രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇയാള്‍ക്ക് നല്ല തടി ഉണ്ടായിരുന്നതിനാല്‍ ഈ പഴുതിലൂടെ രക്ഷപ്പെടാന്‍ കഴിയാതെ വന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ മടുത്തതിനാല്‍ മറ്റൊരു ജയിലേക്കു മാറ്റം കിട്ടുന്നതിനു വേണ്ടിയാണ് ജയില്‍ ചാടിയതെന്നാണ് ഇയാള്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി.
Summary: Govindachami had restricted his food for months in order to escape jail. After it getting lean he jumped out the small passage in jail window. Changing the shape by growing a beard is also for the same purpose.
COMMENTS