തിരുവനന്തപുരം : സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റു. തുടര്‍ന്ന് അദ്ദേഹം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അര...
തിരുവനന്തപുരം : സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റു. തുടര്‍ന്ന് അദ്ദേഹം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. സര്‍വ്വീസില്‍ ദുരിതം അനുഭവിച്ചെന്ന പരാതിയുമായി മുന്‍ ഉദ്യോഗസ്ഥന്‍ അപ്രതീക്ഷിതമായി എത്തുകയായിരുന്നു.
മുപ്പത് വര്‍ഷം സര്‍വ്വീസില്‍ അനുഭവിച്ച വേദനകളാണെന്നുപറഞ്ഞ് ചില രേഖകള്‍ ഉയര്‍ത്തികാണിച്ചാണ് പരാതിയും പരിഭവവും മുന്‍ ഉദ്യോഗസ്ഥന്‍ പങ്കുവെച്ചു. പരിഹരിക്കാമെന്ന് റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു. പിന്നീട് അദ്ദേഹത്തെ പൊലീസുകാര്‍ അനുനയിപ്പിച്ച് വാര്‍ത്താ സമ്മേളനം നടക്കുന്ന ഹാളിന് പുറത്തേക്ക് കൊണ്ടു പോവുകയായിരുന്നു. ഇവിടേക്ക് പ്രവേശനം നേടാന്‍ താനൊരു മാധ്യമപ്രവര്‍ത്തകനാണെന്നാണ് ഇദ്ദേഹം പറഞ്ഞത്.
അതേസമയം, പൊലീസ് മേധാവിയുടെ താത്കാലിക ചുമതല വഹിച്ചിരുന്ന എഡിജിപി എച്ച് വെങ്കിടേഷാണ് പുതിയ പൊലിസ് മേധാവിക്ക് ബാറ്റണ്‍ കൈമാറിയത്. ഇന്ന് പുലര്‍ച്ചെയാണ് അദ്ദേഹം ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് എത്തിയത്. ഭാര്യയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം രാവിലെ പത്തരയ്ക്കുള്ള വിമാനത്തില്‍ അദ്ദേഹം കണ്ണൂരിലേക്ക് പോകും.
കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്ന അദ്ദേഹത്തിന് ഇന്നലെ കേന്ദ്ര സര്‍വീസില്‍ നിന്ന് വിടുതല്‍ ലഭിച്ചു. ഉടന്‍ തന്നെ അദ്ദേഹം കേരളത്തിലേക്ക് പുറപ്പെടുകയായിരുന്നു. എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍, സിറ്റി പൊലീസ് കമ്മീഷണര്‍ തോംസണ്‍ ജോസ്, എഐജി ജി പൂങ്കുഴലി എന്നിവര്‍ തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തില്‍ നിയുക്ത പൊലീസ് മേധാവിയെ സ്വീകരിക്കാന്‍ എത്തിയിരുന്നു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് റവാഡയെ പൊലിസ് മേധാവിയായി തീരുമാനിച്ചത്.
COMMENTS