The President of India nominated BJP Kerala state vice president C Sadanandan to the Rajya Sabha
ന്യൂഡൽഹി : ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് സി സദാനന്ദനെ രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്തു. സദാനന്ദൻ ഉൾപ്പെടെ നാലു പേരെയാണ് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്തിരിക്കുന്നത്.
നിലവിൽ രാജ്യസഭയിലെ നോമിനേറ്റഡ് സീറ്റുകളിൽ നാല് ഒഴിവുകളാണ് ഉണ്ടായിരുന്നത്. മുൻ വിദേശകാര്യ സെക്രട്ടറി ഹർഷവർദ്ധൻ ശൃംഗ്ല, അഭിഭാഷകൻ ഉജ്ജ്വൽ നികം, ചരിത്രകാരി മീനാക്ഷി ജയിൻ എന്നിവരാണ് രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട മറ്റ് അംഗങ്ങൾ.
മട്ടന്നൂർ സ്വദേശിയായ സദാനന്ദനെ അടുത്തിടെയാണ് ബിജെപി വൈസ് പ്രസിഡൻ്റായി നിയോഗിച്ചത്. തൊട്ടു പിന്നാലെയാണ് രാജ്യസഭ എംപി സ്ഥാനം അദ്ദേഹത്തെ തേടി എത്തിയിരിക്കുന്നത്.
കണ്ണൂരിലെ കൂത്തുപറമ്പാണ് പ്രധാനമായും സദാനന്ദൻറെ പ്രവർത്തന മേഖല.
ആർഎസ്എസ് -സിപിഎം സംഘട്ടനത്തിൽ 1994 ജനുവരി 25ന് സദാനന്ദൻറെ രണ്ട് കാലുകളും നഷ്ടപ്പെട്ടിരുന്നു. പിന്നീട് കൃത്രിമ കാലുകളുടെ സഹായത്തിലും വീൽചെയറിലുമൊക്കെയായാണ് അദ്ദേഹം രാഷ്ട്രീയ പ്രവർത്തനം നടത്തിയത്.
2016ലും 2021ലും നിയമസഭാ തിരഞ്ഞെടുപ്പിൽ കൂത്തുപറമ്പിൽ നിന്ന് മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. 2016 സദാനന്ദനു വേണ്ടി പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോഡി എത്തിയിരുന്നു.
രാജ്യസഭയിലേക്ക് ആകെ 12 അംഗങ്ങളെയാണ് രാഷ്ട്രപതിക്ക് നാമ നിർദ്ദേശം ചെയ്യാൻ കഴിയുക.
Summary: The President of India nominated BJP Kerala state vice president C Sadanandan to the Rajya Sabha
COMMENTS