തിരുവനന്തപുരം : ഈരാറ്റുപേട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് വിഷ്ണുവും ഭാര്യയും നഴ്സിങ് സൂപ്രണ്ടുമായ രശ്മിയും ബ്ളേഡ് മാഫിയയുട...
തിരുവനന്തപുരം : ഈരാറ്റുപേട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് വിഷ്ണുവും ഭാര്യയും നഴ്സിങ് സൂപ്രണ്ടുമായ രശ്മിയും ബ്ളേഡ് മാഫിയയുടെ ഭീഷണി മൂലം ജീവനൊടുക്കിയ വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്. ഇരുവര്‍ക്കും ആദരാഞ്ജലികള്‍!
ഇത്രയേറെ ജനകീയ ബന്ധങ്ങളുള്ള ഒരു പൊതു പ്രവര്‍ത്തകന് ബ്ളേഡ് മാഫിയയുടെ ഭീഷണി മൂലം കുടുംബസമേതം ആത്മഹത്യ ചെയ്യേണ്ട സ്ഥിതി കേരളത്തില്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ ബ്ളേഡ് മാഫിയയുടെ ശക്തി എത്രമാത്രമാണ് എന്നു മനസിലാക്കണം. അവരുടെ ഗുണ്ടാ ശക്തിയും പോലീസ് ബന്ധവും നമ്മള്‍ മനസിലാക്കണം. ഇത്തരം സാഹചര്യത്തില്‍ സാധാരണക്കാരന് എന്തു സംരക്ഷണമാണ് സര്‍ക്കാര്‍ കൊടുക്കുന്നത്. ഇത് വെറും ആത്മഹത്യയല്ല. സര്‍ക്കാര്‍ അനാസ്ഥ മൂലമുള്ള കൊലപാതകം എന്നു തന്നെ വിളിക്കേണ്ടി വരും.
ഇതുപോലെ പ്രതിസന്ധി നിലനിന്ന കാലത്താണ് ഞാന്‍ ആഭ്യന്തര മന്ത്രിയായിരിക്കെ, ഓപ്പറേഷന്‍ കുബേര കൊണ്ടുവന്നത്. കേരളത്തിലെ സാധാരണക്കാരന്റെ സ്വൗര്യ ജീവിതത്തിനു മേല്‍ അഴിഞ്ഞാടിയ മുഴുവന്‍ ബ്ളേഡ് മാഫിയയേയും ഇരുമ്പഴിക്കുള്ളിലാക്കാന്‍ ഞങ്ങള്‍ക്കു സാധിച്ചു. നൂറു കണക്കിന് കുടുംബങ്ങളെ കൂട്ട ആത്മഹത്യയില്‍ നിന്നു രക്ഷിച്ചു. കേരളത്തിലെ സാധാരണക്കാരന്റെ വീടുകളില്‍ ശാന്തിയും സമാധാനവും തിരിച്ചു കൊണ്ടുവന്നു.
ബ്ളേഡ് മാഫിയയെ നിയന്ത്രിക്കുന്നതിനും പോലീസ് - ഗുണ്ടാ - ബ്ളേഡ് മാഫിയ കൂട്ടുകെട്ട് നിര്‍മാര്‍ജനം ചെയ്യുന്നതിനും ഓപ്പറേഷന്‍ കുബേര തിരിച്ചു കൊണ്ടുവരണം. ഇക്കാര്യത്തില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല. ഇത് മുന്‍സര്‍ക്കാര്‍ ചെയ്യതിന്റെ തുടര്‍ച്ചയായി നടപ്പാക്കാവുന്നതേയുള്ളു. എത്രയും പെട്ടെന്ന് ഇത് നടപ്പാക്കാനുള്ള ശ്രമം സര്‍ക്കാര്‍ തുടങ്ങണം. ഇനിയും പാവം മനുഷ്യര്‍ ബ്ളേഡ് മാഫിയകളുടെ ഇരകളായി മരിച്ചു വീഴരുത്- - ചെന്നിത്തല പറഞ്ഞു.
Key Words: Blade Mafia, Kerala, Operation Kubera, Ramesh Chennithala.
COMMENTS