Following the Sabarimala Tractor Controversy, ADGP MR Ajith Kumar has been transferred as Excise Commissioner. The issue is under court consideration
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : ശബരിമല ട്രാക്ടര്‍ വിവാദത്തെ തുടര്‍ന്ന് എഡിജിപി എം ആര്‍ അജിത് കുമാറിനെ എക്‌സൈസ് കമ്മിഷണറായി സ്ഥലം മാറ്റി. ട്രാക്ടര്‍ വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണ്.
അടുത്ത തവണ ഈ കേസ് പരിഗണിക്കുമ്പോള്‍ അജിത് കുമാറിനെ ബറ്റാലിയന്‍ ചുമതലയില്‍ നിന്ന് മാറ്റിയ വിവരം കോടതിയെ അറിയിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
എക്‌സൈസ് കമ്മിഷണര്‍ മഹിപാല്‍ യാദവ് അവധിയില്‍ പ്രവേശിച്ച ഒഴിവിലാണ് അജിത് കുമാറിനെ നിയമിക്കുന്നത്.
ജൂലായ് 12, 13 ദിവസങ്ങളിലാണ് അജിത് കുമാര്‍ ശബരിമലയില്‍ സന്നിധാനത്തേയ്ക്ക് ട്രാക്ടറില്‍ യാത്ര ചെയ്തത്. നവഗ്രഹ പ്രതിഷ്ഠ നടന്ന വേളയില്‍ സന്നിധാനത്തേക്കും തിരിച്ചു പമ്പയിലേക്കും അജിത് കുമാര്‍ ട്രാക്ടറിലാണ് സഞ്ചരിച്ചത്.
പമ്പ - സന്നിധാനം റൂട്ടില്‍ ചരക്കു നീക്കത്തിന് മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാന്‍ പാടുള്ളൂ എന്ന് 12 വര്‍ഷം മുന്‍പ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഡ്രൈവറെ കൂടാതെ ഒരാള്‍ പോലും ട്രാക്ടറില്‍ സഞ്ചരിക്കാന്‍ ഇവിടെ അനുമതിയില്ല.
ഈ ഉത്തരവൊന്നും പരിഗണിക്കാതെയാണ് അജിത് കുമാര്‍ പേഴ്‌സണല്‍ സ്റ്റാഫുമായി ട്രാക്ടറില്‍ സഞ്ചരിച്ചത്. സംഭവം വിവാദമായതോടെ ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.
തുടര്‍ന്ന് ഹൈക്കോടതി അജിത് കുമാറിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കോടതി ഇടപെടലിനു പിന്നാലെ പമ്പ പൊലീസ് ഈ വിഷയത്തില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരുന്നു.
കഴിഞ്ഞ മേയില്‍ അജിത് കുമാറിനെ എക്‌സൈസ് കമ്മിഷണറായി സര്‍ക്കാര്‍ നിയോഗിച്ചുവെങ്കിലും വൈകാതെ തന്നെ ഉത്തരവ് പിന്‍വലിച്ച് ബറ്റാലിയന്‍ ചുമതല നല്‍കുകയായിരുന്നു.
അനധികൃത സ്വത്ത് സംമ്പാദനം, തൃശൂര്‍ പൂരം കലക്കല്‍, ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച തുടങ്ങി വിവിധ വിവാദങ്ങളില്‍ അടുത്തിടെ അജിത് കുമാര്‍ പെട്ടിരുന്നു. 1995 ബാച്ച് ഉദ്യോഗസ്ഥനായ അജിത് കുമാറിന് 2028 വരെ സര്‍വീസുണ്ട്.
Summary: Following the Sabarimala Tractor Controversy, ADGP MR Ajith Kumar has been transferred as Excise Commissioner. The tractor issue is under the consideration of the Kerala High Court.
COMMENTS