കോട്ടയം: യാത്രക്കാരുടെ വർധിച്ചുവരുന്ന ആവശ്യം പരിഗണിച്ച് നിലമ്പൂർ–കോട്ടയം എക്സ്പ്രസിൽ (ട്രെയിൻ നമ്പർ 16325/16326) കോച്ചുകൾ വർധിപ്പിച്ചു. റെയ...
കോട്ടയം: യാത്രക്കാരുടെ വർധിച്ചുവരുന്ന ആവശ്യം പരിഗണിച്ച് നിലമ്പൂർ–കോട്ടയം എക്സ്പ്രസിൽ (ട്രെയിൻ നമ്പർ 16325/16326) കോച്ചുകൾ വർധിപ്പിച്ചു. റെയിൽവേ മന്ത്രി അശ്വിനി വൈഷണവ് ലോക്‌സഭയിലാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ 12-ൽ നിന്ന് 14 കോച്ചുകളായാണ് വർധിപ്പിച്ചത്.
2025 മെയ് 21 മുതൽ, ട്രെയിനിൽ ഒരു ജനറൽ ക്ലാസ് കോച്ചും ഒരു ചെയർ കാർ കോച്ചും കൂട്ടിച്ചേർത്തിട്ടുണ്ട്. ലോക്‌സഭയിൽ ഇ.ടി മുഹമ്മദ് ബഷീർ എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രിയുടെ വിശദീകരണം.
തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകൾ നടത്തിയ ശുപാർശകളുടെയും ദക്ഷിണ റെയിൽവേ നടത്തിയ പരിശോധയുടെയും അടിസ്ഥാനത്തിലാണ് അധിക കോച്ചുകൾ ചേർക്കാൻ തീരുമാനിച്ചത്. ‘ട്രെയിൻയാത്രയുമായി ബന്ധപ്പെട്ട സേവനങ്ങൾ പതിവായി വർധിപ്പിക്കുകയാണ്. യാത്രക്കാരുടെ ആവശ്യം, പ്രവർത്തന സാധ്യത, വിഭവങ്ങളുടെ ലഭ്യത എന്നിവയെ അടിസ്ഥാനമാക്കിയാണ് ഇത്തരം തീരുമാനങ്ങൾ എടുക്കുന്നത്’ - അശ്വിനി വൈഷണവ് ലോക്‌സഭയിൽ വ്യക്തമാക്കി.
ഈ തീരുമാനം യാത്രക്കാരുടെ തിരക്ക് കുറയ്ക്കാൻ സഹായിക്കുകയും ജനറൽ കോച്ചുകളിലെ സീറ്റിംഗ് സൗകര്യം മെച്ചപ്പെടുത്തുകയും ചെയ്യും. ചെയർ കാർ ചേർത്തതിലൂടെ സുഖകരമായ യാത്രാനുഭവവും പ്രാപ്യമാകും. കേരളത്തിലെ യാത്രക്കാരുടെ ആവശ്യങ്ങൾ നിറവേറ്റാനും യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഈ തീരുമാനമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.
Key Words: Train Additional Coaches, Nilambur-Kottayam Express.
COMMENTS