വാഷിങ്ടന്‍: ഇസ്രയേല്‍- ഹമാസ് പോരാട്ടത്തിനിടെ ഗാസ ശാന്തിയിലേക്കെന്ന സൂചന നല്‍കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഗാസയില്‍ 60 ദിവസത്തേക്ക് വെ...
വാഷിങ്ടന്‍: ഇസ്രയേല്‍- ഹമാസ് പോരാട്ടത്തിനിടെ ഗാസ ശാന്തിയിലേക്കെന്ന സൂചന നല്‍കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഗാസയില്‍ 60 ദിവസത്തേക്ക് വെടിനിര്‍ത്തലിന് ഇസ്രയേല്‍ സമ്മതമറിയിച്ചതായും ഇത് ഹമാസ് പ്രവര്‍ത്തകര്‍ കൂടി അംഗീകരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് വെടിനിര്‍ത്തല്‍ സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
യുഎസ് പ്രതിനിധികള്‍ ഇസ്രയേലുമായി നടത്തിയ ചര്‍ച്ച ഫലം കണ്ടെന്നും 60 ദിവസം നീണ്ടു നില്‍ക്കുന്ന വെടിനിര്‍ത്തലിനിടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനമായില്ലെങ്കില്‍ ഹമാസ് കൂടുതല്‍ പ്രതിസന്ധി നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് എന്നിവര്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മുതിര്‍ന്ന ഉപദേഷ്ടാവായ റോണ്‍ ഡെര്‍മറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വെടിനിര്‍ത്തലിന് ധാരണയായതെന്നും വിവരമുണ്ട്.
വെടിനിര്‍ത്തലിന് ഖത്തര്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ള മധ്യസ്ഥരുമായും നിര്‍ദേശങ്ങള്‍ പങ്കുവയ്ക്കുമെന്നും ഹമാസ് നേതൃത്വത്തെ മധ്യസ്ഥര്‍ ഇക്കാര്യം അറിയിക്കണമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പറഞ്ഞു.
''60 ദിവസത്തെ വെടിനിര്‍ത്തല്‍ ഇസ്രയേല്‍ അംഗീകരിച്ചിരിക്കുന്നു. ഈ സമയത്ത് യുദ്ധം അവസാനിപ്പിക്കാന്‍ ഞങ്ങള്‍ എല്ലാ കക്ഷികളുമായും ചര്‍ച്ച ചെയ്യും. ഖത്തറിന്റെയും ഈജിപ്തിന്റെയും പ്രതിനിധികള്‍ ഈ അന്തിമ നിര്‍ദേശം ഹമാസിന് കൈമാറും. മധ്യപൂര്‍വ ഏഷ്യയുടെ നന്മയ്ക്കായി, ഹമാസ് ഈ കരാര്‍ അംഗീകരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അല്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുകയേയുള്ളൂ'' ട്രംപ് ട്രൂത്ത് സോഷ്യലില്‍ മുന്നറിയിപ്പ് നല്‍കി.
COMMENTS