ന്യൂഡല്‍ഹി : ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള യുഎസ് ആക്രമണം ഇറാന്റെ ആണവ പദ്ധതിയെ പൂര്‍ണ്ണമായും ഇല്ലാതാക്കിയിട്ടില്ലെന്ന് പെന്റഗണ്‍ ഇന...
ന്യൂഡല്‍ഹി : ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള യുഎസ് ആക്രമണം ഇറാന്റെ ആണവ പദ്ധതിയെ പൂര്‍ണ്ണമായും ഇല്ലാതാക്കിയിട്ടില്ലെന്ന് പെന്റഗണ്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത്.
ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് യു.എസ് നടത്തിയ വ്യോമാക്രമണത്തെ പ്രശംസിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എത്തിയിരുന്നു. 'ആക്രമണത്തില്‍ ഇറാന് വലിയ നാശനഷ്ടങ്ങളുണ്ടായെന്നും ഇറാന് എക്കാലവും ഓര്‍ക്കാന്‍ സാധിക്കുന്ന തരത്തിലുള്ള പ്രഹരമാണ് യു.എസ് വ്യോമസേന നല്‍കിയിരിക്കുന്നത് എന്നും ട്രംപ് തന്റെ സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചിരുന്നു. ഇറാനില്‍ യു.എസ് നടത്തിയ വ്യോമാക്രമണത്തെ ബുള്‍സ്‌ഐ എന്നാണ് വിശേഷിപ്പിച്ചത്. ലക്ഷ്യത്തിന്റെ കേന്ദ്രസ്ഥാനത്ത് കനത്ത പ്രഹരമേല്‍പിക്കുന്ന രീതിയില്‍ കൃത്യതയോടെ ആക്രമണം നടത്തുന്നതിനെയാണ് 'ബുള്‍സ്ഐ' എന്ന് പറയുന്നത്.
എന്നാല്‍ പ്രതിരോധ ഇന്റലിജന്‍സ് ഏജന്‍സി തിങ്കളാഴ്ച പുറത്തുവിട്ട ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഇറാന്റെ ആണവ കേന്ദ്രങ്ങളുടെ അവസ്ഥയെക്കുറിച്ചുള്ള ട്രംപിന്റെയും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെയും പ്രസ്താവനകള്‍ക്ക് വിരുദ്ധമാണ്. ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന്‍ ആണവ കേന്ദ്രങ്ങളില്‍ ശനിയാഴ്ച നടന്ന ആക്രമണങ്ങള്‍ കാര്യമായ നാശനഷ്ടങ്ങള്‍ വരുത്തിയെങ്കിലും അവ പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടിട്ടില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അതേസമയം, വൈറ്റ് ഹൗസ് ഈ റിപ്പോര്‍ട്ടിനെ ശക്തമായി എതിര്‍ത്തു. റിപ്പോര്‍ട്ട് പൂര്‍ണ്ണമായും തെറ്റാണെന്ന് വൈറ്റ്ഹൗസ് വാദിക്കുന്നു. പുറത്തുവന്ന റിപ്പോര്‍ട്ട് പ്രസിഡന്റ് ട്രംപിനെ താഴ്ത്തിക്കെട്ടാനും ഇറാന്റെ ആണവ പദ്ധതിയെ ഇല്ലാതാക്കാന്‍ മികച്ച പ്രകടനം കാഴ്ചവച്ച ധീരരായ യുദ്ധവിമാന പൈലറ്റുമാരെ അപകീര്‍ത്തിപ്പെടുത്താനുമുള്ള വ്യക്തമായ ശ്രമമാണ്,' വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.
COMMENTS