Former KPCC President, former Rajya Sabha Member and one of the gentle faces of the Congress Party, Thenala Balakrishna Pillai passed away. He was 95
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കെ പി സി സി മുന്‍ അദ്ധ്യക്ഷനും മുന്‍ രാജ്യസഭാംഗവും കോണ്‍ഗ്രസ് പാര്‍ട്ടിയിലെ സൗമ്യ മുഖങ്ങളില്‍ ഒരാളുമായിരുന്ന തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു. 95 വയസ്സായിരുന്നു.
വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൊല്ലം ശൂരനാട് സ്വദേശിയാണ്. തെന്നല എന്‍ ഗോവിന്ദ പിള്ളയുടേയും ഈശ്വരി അമ്മയുടേയും മകനായി 1931 മാര്‍ച്ച് 11നാണ് ജനനം.
ചെറുപ്പത്തില്‍ തന്നെ പൊതുപ്രവര്‍ത്തനം ആരംഭിച്ചു. പാര്‍ട്ടിയുടെ ശൂരനാട് വാര്‍ഡ് കമ്മിറ്റി പ്രസിഡന്റായാണ് രാഷ്ട്രീയജീവിതം തുടങ്ങുന്നത്. പിന്നീട് കുന്നത്തൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടേയും ശൂരനാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടേയും പ്രസിഡന്റായി. കൊല്ലം ഡിസിസി പ്രസിഡന്റായതോടെ ശ്രദ്ധേയനായി മാറി. 1962ല്‍ കെപിസിസി അംഗമായി. 1991 മുതല്‍ 1922 വരെ കെപിസിസി ജനറല്‍ സെക്രട്ടറിയായി.
1991, 1998, 2003 വര്‍ഷങ്ങളില്‍ രാജ്യസഭാംഗമായി. 1998 മുതല്‍ 2001 വരെയും 2004 മുതല്‍ 2005 വരെയും കെപിസിസി അധ്യക്ഷനായിരുന്നു. 1998 ല്‍ വയലാര്‍ രവി സ്ഥാനമൊഴിഞ്ഞപ്പോഴാണ് തെന്നല കെപിസിസി അധ്യക്ഷ പദവിയിലെത്തുന്നത്. ഒരിക്കലും മത്സരത്തിലൂടെയായിരുന്നില്ല തെന്നല കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് എത്തിയത്.
കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഗ്രൂപ്പ് സമവാക്യങ്ങളെ തുടര്‍ന്ന് എ കെ ആന്റണി മുഖ്യമന്ത്രിയായപ്പോള്‍ കെ മുരളീധരനെ അദ്ധ്യക്ഷനാക്കാനുള്ള ചര്‍ച്ചകള്‍ വന്നപ്പോഴാണ് തെന്നല ബാലകൃഷ്ണപിള്ളയെ കെപിസിസി അധ്യക്ഷപദവിയില്‍ നിന്നു മാറ്റിയത്. പ്രസിഡന്റ് പദവി ഒഴിയാനുള്ള പാര്‍ട്ടി തീരുമാനം തെന്നല സൗമ്യയമായി അംഗീകരിക്കുകയായിരുന്നു.
1977ലും 1982ലും അടൂരില്‍ നിന്ന് നിയമസഭാംഗമായി. 1967, 1980, 1987 വര്‍ഷങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ അടൂരില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2004 ലാണ് രണ്ടാമത് കെപിസിസി അധ്യക്ഷപദവിയിലെത്തിയത്. ആന്റണി മന്ത്രിസഭയില്‍ കെ മുരളീധരന്‍ അംഗമായതിനെ തുടര്‍ന്ന് താല്‍ക്കാലിക പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പി പി തങ്കച്ചന് പകരക്കാരനായി എത്തിയ അടുത്ത ഊഴത്തില്‍ 2005ല്‍ രമേശ് ചെന്നിത്തലയെ ഹൈക്കമാന്‍ഡ് കെപിസിസി പ്രസിഡന്റായി നിയോഗിച്ചതോടെ തെന്നല പദവി ഒഴിഞ്ഞു.
കെ കരുണാകരന്റെ ഐ ഗ്രൂപ്പിന്റെ ഭാഗമായിരുന്നെങ്കിലും എന്നും എ ഗ്രൂപ്പിനും സ്വീകാര്യനായിരുന്നു തെന്നല. ഗ്രൂപ്പുകള്‍ക്ക് അതീതനായി പ്രവര്‍ത്തിക്കാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. വിരുദ്ധ ചേരികളിലായിരുന്ന എ കെ ആന്റണിയെയും കെ കരുണാകരനെയും ഒരുമിച്ച് കൊണ്ടുപോയതിലും തെന്നല ബാലകൃഷ്ണപിള്ളയുടെ നയചാതുര്യം വലിയ പങ്കു വഹിച്ചിരുന്നു.
Summary: Former KPCC President, former Rajya Sabha Member and one of the gentle faces of the Congress Party, Thenala Balakrishna Pillai passed away. He was 95 years old. He became Member of Rajya Sabha in 1991, 1998 and 2003. He was the chairman of KPCC from 1998 to 2001 and from 2004 to 2005.
COMMENTS