കൊച്ചി : ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ നടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് റജിസ്റ്റർ ചെയ്ത കേസിൽ ചലച്ചിത്ര താരങ്ങളായ ജ...
കൊച്ചി : ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ നടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് റജിസ്റ്റർ ചെയ്ത കേസിൽ ചലച്ചിത്ര താരങ്ങളായ ജയസൂര്യയ്ക്കും ബാലചന്ദ്രമേനോനുമെതിരെ തെളിവില്ലെന്ന് പൊലീസ്. സാക്ഷികളും പരാതിക്കാരിക്ക് എതിരാണെന്നാണ് പൊലീസ് പറയുന്നത്.
ഇരുവരെയും കുറ്റവിമുക്തരാക്കണോയെന്ന് പ്രത്യേകസംഘം ഉടന്‍ തീരുമാനിക്കും. 2008ല്‍ നടന്ന ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പീഡിപ്പിച്ചെന്നായിരുന്നു ജയസൂര്യക്കും ബാലചന്ദ്രമേനോനുമെതിരായ പരാതി. മുകേഷും മണിയന്‍പിള്ള രാജുവുമടക്കം ഏഴ് പേര്‍ക്കെതിരെ പരാതി നല്‍കിയ നടിയായിരുന്നു പരാതിക്കാരി.
സെക്രട്ടേറിയറ്റിലെ ശുചിമുറിയിലേക്ക് പോകുമ്പോൾ ജയസൂര്യ അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി. പരാതിയില്‍ പറയുന്ന ദിവസം സെക്രട്ടേറിയറ്റ് വളപ്പിൽ ഷൂട്ടിങ് നടന്നിട്ടുണ്ടെങ്കിലും ഓഫിസിലോ മുറികളിലോ കയറാന്‍ അനുവാദം നല്‍കിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ രേഖ.
പീഡനം നടന്നതായി പറയുന്ന ശുചിമുറി ഇടിച്ച് പൊളിച്ച് അവിടെ വനംമന്ത്രിയുടെ ഓഫിസാക്കി മാറ്റി.
അതിനാല്‍ പരാതിക്കാരി പോലും കൃത്യമായി സ്ഥലം തിരിച്ചറിഞ്ഞിട്ടില്ല. ദൃക്സാക്ഷിയോ സാഹചര്യം തെളിയിക്കുന്ന സാക്ഷിമൊഴിയോ ഇല്ല.
പരാതിക്കാരിയുടെ രഹസ്യമൊഴിയും ജയസൂര്യയും പരാതിക്കാരിയും ആ സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചുവെന്നതും മാത്രമാണ് അനുകൂല തെളിവുകൾ. ഇതേ സിനിമയുടെ ചിത്രീകരണത്തിനിടെ വഞ്ചിയൂരിലെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി അപമാനിച്ചെന്നാണ് ബാലചന്ദ്രമേനോനെതിരായ പരാതി.
ബാലചന്ദ്രമേനോന്‍ ആ ഹോട്ടലില്‍ താമസിച്ചതായി പൊലീസ് കണ്ടെത്തി. എന്നാൽ പരാതിക്കാരി അവിടെ വന്നതിന് തെളിവില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞതിനാൽ സിസിടിവി ദൃശ്യം, മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പോലുള്ള തെളിവുകളില്ല. ഉപദ്രവത്തിന്‍റെ സാക്ഷിയെന്ന് പരാതിക്കാരി പറഞ്ഞ മറ്റൊരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് താനൊന്നും കണ്ടില്ലെന്ന് മൊഴിമാറ്റിയതും കേസിന് തിരിച്ചടിയായി.
Key Words: Sexual Allegations, Police, Jayasurya, Balachandra Menon
COMMENTS