Four people, including RCB's top marketing officer Nikhil Sosale, have been arrested in connection with the stampede outside the Chinnaswamy Stadium
ബെംഗളൂരു: റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍സിബി) ടീമിന്റെ ആദ്യ ഐപിഎല്‍ വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് ഉണ്ടായ തിക്കിലും തിരക്കിലും 11 പേര് മരിച്ച സംഭവത്തില്‍ ആര്‍സിബി ഉന്നത മാര്‍ക്കറ്റിംഗ് ഉദ്യോഗസ്ഥനായ നിഖില്‍ സൊസാലെ ഉള്‍പ്പെടെ നാലു പേരെ അറസ്റ്റ് ചെയ്തു.
മുംബയിലേക്ക് പോകുന്നതിനിടെ ബെംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് രാവിലെ 6.30 നാണ് നിഖില്‍ സൊസാലെയെ അറസ്റ്റ് ചെയ്തത്. ആര്‍സിബിയുടെ എല്ലാ പ്രമോഷണല്‍ പ്രവര്‍ത്തനങ്ങളും സൊസാലെയാണ് കൈകാര്യം ചെയ്യുന്നത്. കളിക്കാരും ഫ്രാഞ്ചൈസിയും തമ്മിലുള്ള പ്രധാന കണ്ണിയാണ് അദ്ദേഹം. ടീമിന്റെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളും അദ്ദേഹമാണ് കൈകാര്യം ചെയ്യുന്നത്.
അറസ്റ്റിലായ ബാക്കിയുള്ളവര്‍ ഇവന്റ് മാനേജ്മെന്റ് കമ്പനിയായ ഡിഎന്‍എ എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിലെ അംഗങ്ങളാണ് - സുനില്‍ മാത്യു (വൈസ് പ്രസിഡന്റ്, ഡിഎന്എയ്ക്കായി ഐപിഎല്‍ പരിപാടികള്‍ കൈകാര്യം ചെയ്യുന്നു), കിരണ്‍, സുമന്ത് എന്നിവരാണ്.
കൊലപാതകമല്ലാത്ത മനഃപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരം പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷമാണ് അറസ്റ്റ്. ആര്‍സിബി ടീം, ഡിഎന്‍എ എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന് (കെഎസ്സിഎ) എന്നിവയുടെ പ്രതിനിധികളെ അറസ്റ്റ് ചെയ്യാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു.
ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ അക്ഷയുടെ നേതൃത്വത്തില്‍ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് രാത്രി മുഴുവന്‍ നടത്തിയ ഓപ്പറേഷനിലാണ് അറസ്റ്റ് നടന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ ഇന്ന് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പിന് കൈമാറിയേക്കും.
കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്റെ (കെഎസ്സിഎ) രണ്ട് ഉദ്യോഗസ്ഥരായ സെക്രട്ടറി ശങ്കര്‍, ട്രഷറര്‍ ജയറാം എന്നിവര്‍ ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇവരുടെ വീടുകളില്‍ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.
ആര്‍സിബിയുടെ വിജയാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ലക്ഷക്കണക്കിനു പേരെ നിയന്ത്രിക്കാനാവാതെ വന്നതോടെ 11 പേര് മരിക്കുകയും 60 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ബെംഗളൂരു പൊലീസ് കമ്മിഷണര്‍ ബി ദയാനന്ദയെയും മറ്റ് നിരവധി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെയും സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു.
ബെംഗളൂരു മെട്രോപൊളിറ്റന്‍ ടാസ്ക് ഫോഴ്സിലെ അഡിഷണല്‍ ഡയറക്ടര്‍ ജനറല്‍ ഒഫ് പോലീസായ സീനിയര്‍ ഐപിഎസ് ഓഫീസര്‍ സീമന്ത് കുമാര്‍ സിങ്ങിനെ ഉടന്‍ പ്രാബല്യത്തില്‍ സ്ഥലംമാറ്റിയിരുന്നു.
സിദ്ധരാമയ്യയുടെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെയും രാജി ആവശ്യപ്പെട്ട് പ്രതിപക്ഷമായ ബി ജെ പി സമരത്തിനിറങ്ങിയതിനു പിന്നാലെയാണ് സര്‍ക്കാരിന്റെ നടപടി. ബിജെപി 'വൃത്തികെട്ട രാഷ്ട്രീയം' കളിക്കുകയാണെന്ന് ഭരണകക്ഷിയായ കോണ്‍ഗ്രസ് ആരോപിച്ചു.
അധികൃതരുടെ അനുമതിയില്ലാതെ ആര്‍സിബി സോഷ്യല്‍ മീഡിയയില്‍ പരിപാടി പ്രഖ്യാപിച്ച് ആളുകളെ ക്ഷണിച്ചതെന്നും സംഭവം ബെംഗളൂരുവിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തിയെന്നും ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ പറഞ്ഞു.
Summary: Four people, including RCB's top marketing officer Nikhil Sosale, have been arrested in connection with the stampede outside the Chinnaswamy Stadium during the RCB team's maiden IPL victory celebration in which 11 people died.
COMMENTS