The spillway shutters were opened as the water level in the Mullaperiyar Dam rose to 136.15 feet due to heavy rains. The 13 shutters were raised
കുമളി: കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136.15 അടിയായി ഉയര്‍ന്നതോടെ സ്പില്‍ വേ ഷട്ടറുകള്‍ തുറന്നു. സ്പില്‍ വേയിലെ 13 ഷട്ടറുകള്‍ 10 സെന്റി മീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. സെക്കന്റില്‍ 250 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് സ്പില്‍ വേയിലൂടെ ഒഴുകുന്നത്.
പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. വൃഷ്ടി പ്രദേശമായ പെരിയാര്‍ കടുവാ സങ്കേതത്തിലെ വനത്തില്‍ വീണ്ടും മഴ ശക്തമായതോടെയാണ് ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ദ്ധിച്ചത്.
പെരിയാര്‍ നദിയിലൂടെ ഒഴുകി വെള്ളം ഇടുക്കി അണക്കെട്ടിലാണ് എത്തുന്നത്. ഇടുക്കിയിലും ജലനിരപ്പ് കൂടിയിട്ടുണ്ട്. ഇടുക്കിയില്‍ പരമാവധി വൈദ്യുതി ഉത്പാദിപ്പിച്ചുകൊണ്ട് ജലം പുറത്തേയ്ക്ക് ഒഴുക്കാനാണ് നീക്കം.
മുല്ലപ്പെരിയാറില്‍ ഇപ്പോള്‍ സെക്കന്‍ഡില്‍ 3867 ഘന അടി വെള്ളം ഒഴുകിയെത്തുന്നുണ്ട്. സെക്കന്‍ഡില്‍ 2117 ഘന അടിവച്ചു തമിഴ് നാട് കൊണ്ടുപോകുന്നുണ്ട്. ബാക്കി വരുന്ന ജലമാണ് സ്പില്‍ വേ വഴി പെരിയാറിലേക്കു തിരിച്ചുവിടുന്നത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഘടന അനുസരിച്ചു ജലം തമഴ് നാട്ടിലേക്കാണ് ഒഴുക്കുന്നത്. അധിക ജലം വന്നാല്‍ അതു പെരിയാറിലേക്ക് ഒഴുക്കാന്‍ പിന്നീട് സ്പില്‍ വേ ഷട്ടറുകള്‍ നിര്‍മിക്കുകയായിരുന്നു. പക്ഷേ, സ്പില്‍ വേ ഷട്ടറിനു മുന്നില്‍ തമിഴ് നാട് മണ്ണിട്ടുയര്‍ത്തി. ഇതോടെ, വെള്ളം വളരെയേറെ ഉയര്‍ന്നാല്‍ മാത്രമേ സ്പില്‍ വേ വഴി കേരളത്തിലേക്ക് ഒഴുക്കാന്‍ കഴിയൂ.
COMMENTS