Prime Minister Modi arrives in Cyprus at the airport and receives the President as a warning visit to Turkey
അഭിനന്ദ്
ന്യൂഡല്‍ഹി: മൂന്ന് രാഷ്ട്ര പര്യടനത്തിന്റെ ആദ്യ പാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച സൈപ്രസില്‍ വിമാനമിറങ്ങി. 20 വര്‍ഷത്തിനിടെ സൈപ്രസിലേക്കുള്ള ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആദ്യ സന്ദര്‍ശനമാണിത്. പാകിസ്ഥാനുമായുള്ള കൂട്ടുകൂടി ഇന്ത്യയെ പ്രകോപിപ്പിക്കുന്ന തുര്‍ക്കിക്ക് നല്കുന്ന തന്ത്രപരമായ സൂചനയായാണ് ഈ സന്ദര്‍ശനത്തെ നിരീക്ഷകര്‍ കാണുന്നത്.
തലസ്ഥാനമായ നിക്കോസിയയില്‍ പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡസ് നേരിട്ടു വിമാനത്താവളത്തിലെത്തിയാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചത്. പ്രസിഡന്റുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷം മോദി ലിമാസോളില്‍ ബിസിനസ്സ് നേതാക്കളെ അഭിസംബോധന ചെയ്യുകയും ചെയ്യും.
കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലിലെ ഒരു ദ്വീപാണ് സൈപ്രസ്. തുര്‍ക്കി, സിറിയ എന്നിവയ്ക്ക് സമീപം സ്ഥിതിചെയ്യുന്നു. ഭൂമിശാസ്ത്രപരമായി ഏഷ്യയിലാണെങ്കിലും യൂറോപ്യന്‍ യൂണിയനില്‍ അംഗമാണ് സൈപ്രസ്.
1960-ല്‍ ദ്വീപ് രാഷ്ട്രം ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം നേടി. അതിലെ രണ്ട് പ്രധാന സമൂഹങ്ങളായ ഗ്രീക്ക് സൈപ്രിയോട്ടുകളും ടര്‍ക്കിഷ് സൈപ്രിയോട്ടുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഐക്യരാഷ്ട്രസഭയുടെ സമാധാന സേന ഇടപെടേണ്ടിവന്നു.
1974-ല്‍, ഗ്രീക്ക് സൈപ്രിയോട്ടുകള്‍ ഗ്രീക്ക് ഭരണകൂടത്തിന്റെ സഹായത്തോടെ ഒരു അട്ടിമറി നടത്തി ദ്വീപിനെ ഗ്രീസുമായി ലയിപ്പിച്ചു. നിയമാനുസൃത സര്‍ക്കാരിനെ പിന്നീട് പുനഃസ്ഥാപിച്ചെങ്കിലും തുര്‍ക്കി സൈന്യം ദ്വീപ് പൂര്‍ണ്ണമായും വിട്ടുപോയില്ല. ദ്വീപിന്റെ വടക്കുകിഴക്കന്‍ ഭാഗം തുര്‍ക്കി റിപ്പബ്ലിക് ഓഫ് നോര്‍ത്തേണ്‍ സൈപ്രസ് എന്ന പേരില്‍ സ്വതന്ത്രമായി പ്രഖ്യാപിച്ചു. ഇതിനെ തുര്‍ക്കി മാത്രമാണ് അംഗീകരിച്ചിട്ടുള്ളത്.
സൈപ്രസ് 'ഇന്ത്യയുടെ വിശ്വസനീയ സുഹൃത്തുക്കളില്‍ ഒന്നായി തുടരുന്നു' എന്നാണ് വിദേശകാര്യ മന്ത്രാലയം പറയുന്നത്. കശ്മീര്‍ സംബന്ധിച്ച അന്താരാഷ്ട്ര പ്രമേയങ്ങളുടെയും പ്രസ്താവനകളുടെയും കാര്യത്തില്‍ പാകിസ്ഥാനെയാണ് തുര്‍ക്കി പിന്തുണയ്ക്കാറുള്ളത്. ഓപ്പറേഷന്‍ സിന്ദൂരിനു ശേഷമുള്ള സമീപകാല സംഘര്‍ഷത്തില്‍, പാകിസ്ഥാന്‍ ഇന്ത്യയെ ആക്രമിച്ച ഡ്രോണുകളില്‍ പലതും തുര്‍ക്കി നിര്‍മിതമാണെന്നു വെളിവായിരുന്നു.
ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയുടെ നിര്‍ണായക ഭാഗമാണ് സൈപ്രസ്. 2026 ന്റെ ആദ്യ പകുതിയില്‍ സൈപ്രസ് യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സിലിന്റെ പ്രസിഡന്റ് സ്ഥാനം വഹിക്കാന്‍ പോകുവുകയാണ്. ഇന്ത്യ യൂറോപ്പുമായി ശക്തമായ വ്യാപാര, സുരക്ഷാ ബന്ധങ്ങള്‍ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുമ്പോള്‍ സൈപ്രസ് ഒരു നിര്‍ണായക സഖ്യകക്ഷിയായേക്കാം.
സൈപ്രസ് സന്ദര്‍ശനത്തിനു ശേഷം ജി 7 ഉച്ചകോടിക്കായി കാനഡയിലേക്കും തുടര്‍ന്ന് ക്രൊയേഷ്യയിലേക്കും പ്രധാനമന്ത്രി പോകും.
COMMENTS