Israel has launched another wave of strikes on Iran's nuclear and military facilities. This is the second wave of attacks in 24 hours
ടെല്‍ അവീവ്: ഇറാന്റെ ആണവ, സൈനിക സ്ഥാപനങ്ങള്‍ക്കു മേല്‍ ഇസ്രയേല്‍ വീണ്ടും ആക്രമണം ആരംഭിച്ചു. 24 മണിക്കൂറിനുള്ളില്‍ രണ്ടാം ആക്രമണ തരംഗമാണ് തുടങ്ങിയിരിക്കുന്നത്. ഇറാനിലെ ഫോര്‍ഡോ ആണവ കേന്ദ്രത്തിന് സമീപം രണ്ട് സ്‌ഫോടനങ്ങള്‍ കേട്ടതായി റിപ്പോര്‍ട്ടുണ്ട്.
ഇറാന്‍ വ്യോമ പ്രതിരോധം സജീവമാക്കിയിട്ടുണ്ട്. ഇതേസമയം, ഇറാനിലെ 'മിസൈല്‍ ലോഞ്ചറുകളെയും അടിസ്ഥാന സൗകര്യങ്ങളെയും ആക്രമിക്കുന്നത്' തുടരുകയാണെന്ന് ഇസ്രയേല്‍ വ്യോമസേന പറഞ്ഞു. പുതിയ ആക്രമണങ്ങളിലെ നാശനഷ്ടത്തിന്റെ കണക്കുകള്‍ പുറത്തുവന്നിട്ടില്ല.
ആക്രമണങ്ങള്‍ 'അനിവാര്യമായ നടപടി' ആയിരുന്നുവെന്ന് ഐക്യരാഷ്ട്രസഭയിലെ ഇസ്രയേല്‍ അംബാസഡര്‍ പറഞ്ഞു. ഇറാന്‍ 'വിനാശകരമായ പ്രത്യാഘാതങ്ങള്‍' വരുത്തിവയ്ക്കുന്നുവെന്നും ഇസ്രയേല്‍ പറഞ്ഞു. എന്നാല്‍, ഈ ആക്രമണങ്ങള്‍ക്ക് ഇസ്രയേല്‍ ഏറ്റവും കനത്ത വില കൊടുക്കേണ്ടിവരുമെന്ന് ഇറാന്റെ പരമോന്നത നേതാവ് അയത്തുല്ല ഖമേനി ആവര്‍ത്തിച്ചു മുന്നറിയിപ്പു നല്കി.
ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ വീണ്ടും ആക്രമണം നടത്തിയതായി ഐഡിഎഫ് വ്യക്തമാക്കി. ഇന്നലത്തെ ആക്രമണത്തില്‍ റവല്യൂഷണറി ഗാര്‍ഡ് മേധാവി ഹൊസൈന്‍ സലാമിയും മറ്റ് കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടിരുന്നു.
ആറ് ആണവ ശാസ്ത്രജ്ഞര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ അറിയിച്ചു. കുട്ടികള്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാര്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നുവെന്ന് സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്തു.
ഇതേസമയം, ആണവ പദ്ധതിയില്‍ ഒരു കരാര്‍ ഉണ്ടാക്കാനും വിനാശം ഒഴിവാക്കാനും ഇറാനോട് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. 'കൂടുതല്‍ ക്രൂരമായ' ഇസ്രയേലി ആക്രമണങ്ങള്‍ ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇതേസമയം, ഇസ്രയേലിന്റെ ആക്രമണങ്ങളെ യുഎസ് പിന്തുണയ്ക്കുന്നുവെന്ന ഇറാന്റെ ആരോപണം ട്രംപ് നിഷേധിച്ചു. എന്നാല്‍, 'മികച്ചത്' എന്നാണ് ഇസ്രയേലി ആക്രമണത്തെ ട്രംപ് വിശേഷിപ്പിച്ചത്. വരാനിരിക്കുന്ന ഒരുപാട് കാര്യങ്ങള്‍ ഉണ്ടെന്നും ട്രംപ് പറയുകയും ചെയ്തു.
പുതിയ ആക്രമണങ്ങള്‍ മിഡില്‍ ഈസ്റ്റിലെ രണ്ടു എതിരാളികളും തമ്മിലുള്ള പൂര്‍ണ യുദ്ധത്തിലേക്കു വഴി മാറിയേക്കും. 1980-കളിലെ ഇറാഖുമായുള്ള യുദ്ധത്തിനുശേഷം ഇറാന്‍ നേരിട്ട ഏറ്റവും വലിയ ആക്രമണമായിരുന്നു ഇത്.
ഇറാന്റെ അര്‍ദ്ധസൈനിക റവല്യൂഷണറി ഗാര്‍ഡിന്റെ നേതാവ് ജനറല്‍ ഹൊസൈന്‍ സലാമിക്കു പുറഫമേ ഇറാനിയന്‍ സായുധ സേനയുടെ ചീഫ് ഒഫ് സ്റ്റാഫ് ജനറല്‍ മുഹമ്മദ് ബാഗേരിയും നിരവധി ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടു.
വെള്ളിയാഴ്ച നടന്ന ഓപ്പറേഷനില്‍ 200 ഇസ്രയേലി വിമാനങ്ങള്‍ പങ്കെടുക്കുകയും ഏകദേശം 100 ലക്ഷ്യങ്ങള്‍ ആക്രമിക്കുകയും ചെയ്തിരുന്നു. ഇസ്രയേലിനെതിരെ ഇറാന്‍ 100 ലധികം ഡ്രോണുകള്‍ വിക്ഷേപിച്ചുവെങ്കിലും നാശമൊന്നിമില്ലെന്ന് ഇസ്രയേലിന്റെ സൈനിക മേധാവി വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ എഫി ഡെഫ്രിന്‍ പറഞ്ഞു.
Summary: Israel has launched another wave of strikes on Iran's nuclear and military facilities. This is the second wave of attacks in 24 hours. Two explosions have been reported near Iran's Fordow nuclear facility.
COMMENTS