Trump says Israel-Iran agree to end aggression, Iran's foreign minister says they are ready if Israel withdraws
എന്‍ പ്രഭാകരന്‍
ദുബായ്: ഇസ്രായേല്‍ 'നിയമവിരുദ്ധമായ ആക്രമണം' നിര്‍ത്തുകയാണെങ്കില്‍, തിരിച്ചടി തുടരാന്‍ ഉദ്ദേശിക്കുന്നില്ലെന്നു ഇറാന്‍ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരാഗ്ചി പറഞ്ഞു. ഇറാനുമായി വെടിനിറുത്തലിനു ധാരണയായെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതിനു മറുപടിയായാണ് അരാഗ്ചിയുടെ പ്രസ്താവന. തിങ്കളാഴ്ച രാത്രിയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.
ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍, ജറുസലേമിനും ടെഹ്റാനും ഇടയില്‍ വെടിനിര്‍ത്തല്‍ ഉണ്ടായിട്ടുണ്ടെന്നും 24 മണിക്കൂറിനുള്ളില്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നും ട്രംപ് എഴുതിയിരുന്നു.
വെടിനിര്‍ത്തല്‍ ഉറപ്പാക്കാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ട്രംപ് നേരിട്ട് ആശയവിനിമയം നടത്തിയതായി പേര് വെളിപ്പെടുത്താത്ത മുതിര്‍ന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, പ്രത്യേക മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് എന്നിവര്‍ ഇറാനുമായി നേരിട്ടും അല്ലാതെയും ആശയവിനിമയം നടത്തിയതായി റിപ്പോര്‍ട്ട് പറയുന്നു.
ശനിയാഴ്ച ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ യുഎസ് നടത്തിയ ബോംബാക്രമണത്തെ തുടര്‍ന്നാണ് ഇസ്രയേല്‍ വെടിനിര്‍ത്തലിന് സമ്മതിച്ചത്. കരാറിന് ഇടനിലക്കാരനാകാന്‍ ഖത്തര്‍ സര്‍ക്കാര്‍ സഹായിച്ചെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
ഇസ്രായേലാണ് ഇറാനെതിരെ യുദ്ധം ആരംഭിച്ചത്. അതിനാല്‍ അവര്‍ തന്നെ ആക്രമണം അവസാനിപ്പിക്കണം. 'വെടിനിര്‍ത്തലോ സൈനിക പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിനോ യാതൊരു കരാറുമില്ല. ഇസ്രായേല്‍ ഭരണകൂടം ഇറാനിയന്‍ ജനതയ്ക്കെതിരായ നിയമവിരുദ്ധമായ ആക്രമണം അവസാനിപ്പിക്കുകയാണെങ്കില്‍, അതിനുശേഷം ഞങ്ങളുടെ തിരിച്ചടി തുടരാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല.
'ഞങ്ങളുടെ സൈനിക പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതു സംബന്ധിച്ച അന്തിമ തീരുമാനം പിന്നീട് എടുക്കും,' അരാഗ്ചി പറഞ്ഞു.
ഖത്തറിലെ അമേരിക്കന്‍ വ്യോമതാവളമായ അല്‍-ഉദെയ്ദ് താവളത്തില്‍ കഴിഞ്ഞ ദിവസം ഇറാന്‍ ആക്രമണം നടത്തിയത് തങ്ങളുടെ ആണവ നിലയങ്ങളില്‍ യുഎസ് നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടി നല്‍കാനാണ്.
'ഈ വിജയകരമായ ഓപ്പറേഷനില്‍ ഉപയോഗിച്ച മിസൈലുകളുടെ എണ്ണം, ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ അമേരിക്ക ഉപയോഗിച്ച ബോംബുകളുടെ എണ്ണത്തിന് തുല്യമാണ്. ഖത്തറിലെ നഗരപ്രദേശങ്ങളില്‍ നിന്നും റെസിഡന്‍ഷ്യല്‍ സോണുകളില്‍ നിന്നും വളരെ അകലെയാണ് അമേരിക്കന്‍ താവളം. സാധാരണക്കാര്‍ക്ക് അപകടസാധ്യത കുറച്ചുകൊണ്ടാണ് ആക്രമിച്ചത്, ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
![]() |
ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ യുഎസ് സൈനിക താവളത്തിന് നേരെയുണ്ടായ ആക്രമണത്തെ ഖത്തര്‍ അപലപിച്ചു. തങ്ങളുടെ പരമാധികാരത്തിന്റെ 'നഗ്നമായ ലംഘനം' എന്നാണ് ആക്രമണത്തെ ഖത്തര്‍ വിദേശകാര്യ വക്താവ് മജീദ് അല്‍ അന്‍സാരി വിശേഷിപ്പിച്ചത്.
COMMENTS