Is Rajasthan Royals' favorite captain Sanju Samson planning to leave the franchise and join Chennai Super Kings? Sanju's latest Instagram post
സിദ്ധാര്‍ത്ഥ് ശ്രീനിവാസ്
ഭാര്യ ചാരുലതയുമൊത്ത് റോഡിലെ മഞ്ഞ വര മുറിച്ചു കടക്കുന്ന ചിത്രമാണ് സഞ്ജു പങ്കുവച്ചത്. 'മാറാന്‍ സമയമായി..' (ടൈം ടു മൂവ്) എന്ന അടിക്കുറിപ്പും ഒപ്പം ഏഴാം അറിവ് എന്ന തമിഴ് ചിത്രത്തിലെ ഗാനവും പശ്ചാത്തലത്തില്‍ ചേര്‍ത്തതോടെയാണ് സഞ്ജു ചെന്നൈയിലേക്കു കൂടുമാറുന്നുവെന്ന സംശയം ബലപ്പെട്ടത്. വാര്‍ത്തകളോടൊന്നും സഞ്ജു ഇതുവരെ പ്രതികരിക്കാത്തും സംശയം ബലപ്പെടുത്തുന്നു.
ഇത്തവണ രാജസ്ഥാന് ക്യാമ്പ് വിടുന്ന സമയത്തെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചപ്പോഴും സഞ്ജു ബിഗ് ബൈ എന്നു പറഞ്ഞിരുന്നു. അതും ഇപ്പോഴത്തെ ടൈം റ്റു മൂവും കൂട്ടിവായിക്കുമ്പോള്‍ താരം ചിലത് ഉറപ്പിച്ചുവെന്നു വ്യക്തമാണ്.
2016 ലും 2017 ലും ഡല്‍ഹി ക്യാപിറ്റല്‍സിനായി (അന്ന് ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) കളിച്ചു. 2018 ല്‍ രാജസ്ഥാന് റോയല്‍സിനൊപ്പം സഞ്ജു രണ്ടാം ഇന്നിംഗ്സ് ആരംഭിച്ചു.
2021-ല്‍ സഞ്ജുവിനെ ആര് ആര് ക്യാപ്റ്റനായി നിയമിച്ചു. ടീമിനെ ഐപിഎല്‍ 2022 ഫൈനലിലേക്ക് നയിച്ചു. സഞ്ജുവിന്റെ കീഴില്‍ റോയല്‍സ് 33 മത്സരങ്ങളില്‍ വിജയിക്കുകയും 32 മത്സരങ്ങളില്‍ തോല്‍ക്കുകയും ചെയ്തു.
ഒരു ആര്‍ആര്‍ ബാറ്റ്സ്മാന് നേടുന്ന ഏറ്റവും കൂടുതല്‍ റണ്‍സ് സഞ്ജുവിന്റെ പേരിലാണ് കുറിച്ചിട്ടുള്ളത്, 4027 റണ്‍സ്. ഇപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സിനു വേണ്ടി കളിക്കുന്ന ജോസ് ബട്ലര് 3055 റണ്‍സുമായി രണ്ടാം സ്ഥാനത്താണ്.
സഞ്ജു സാംസണ് രാജസ്ഥാന് വിടുമെന്ന അഭ്യൂഹം കുറച്ചുനാളായുണ്ട്. സഞ്ജു, ധോണിയുടെ പകരക്കാരനായി ചെന്നൈയിലേക്ക് എത്തുമെന്ന പ്രചാരണം ശക്തമാണ്.
ഈ സീസണില്‍ പരുക്ക് നിമിത്തം പകുതിയോളം ഐ പി എല്‍ മത്സരങ്ങള്‍ സഞ്ജുവിന് നഷ്ടമായിരുന്നു. പകരം ക്യാപ്ടനായി എത്തിയ റിയാന്‍ പരാഗിന്റെ കീഴില്‍ രാജസ്ഥാന് വളരെ മോശം പ്രകടനമാണ് നടത്തിയത്. ധോണിയുടെ ചെന്നൈ ടീം പത്താം സ്ഥാനത്തേയ്ക്കു കൂപ്പു കുത്തിയപ്പോള്‍ രാജസ്ഥാന് ഒന്‍പതാം സ്ഥാനത്തായിരുന്നു.
സീസണിന്റെ തുടക്കത്തില്‍ കൈവിരലിനേറ്റ പരിക്കു നിമിത്തം ആദ്യ മൂന്ന് മത്സരങ്ങളില്‍ സഞ്ജു ബാറ്റിങ് മാത്രമാണ് ചെയ്തത്. ക്യാപ്റ്റന്‍ സ്ഥാനം റിയാന്‍ പരാഗിനായിരുന്്നു. പിന്നീട് പൂര്‍ണ ഫിറ്റ്നസ് ലഭിച്ച് വീണ്ടും ക്യാപ്റ്റന്‍സിയിലേക്ക് വന്നു. എന്നാല്‍ മത്സരത്തിനിടെ വാരിയെല്ലിന് പരിക്കേറ്റ താരത്തിന് സീസണിലെ പ്രധാന മത്സരങ്ങളെല്ലാം നഷ്ടമായി. പരിക്കില്‍ നിന്ന് മുക്തി നേടിയപ്പോള്‍ ടീം ഐപിഎല്‍ സീസണില്‍ നിന്ന് പുറത്താകുകയും ചെയ്തു.
ഇത്തവണ പ്രകടനം മോശമായത് സഞ്ജുവിന്റെ കുറ്റം കൊണ്ടല്ല. ജോസ് ബട്ലറെ ഉള്‍പ്പെടെ രാജസ്ഥാന് വിറ്റതും അവരുടെ പരാജയത്തിന്റെ ആക്കം കൂട്ടി. സഞ്ജുവിനെ കൈവിട്ടാല്‍ രാജസ്ഥാനെ ആരു നയിക്കുമെന്ന ചോദ്യവും ബാക്കിയാവുന്നു. രാജസ്ഥാന് റോയല്‍സിനായി 4000 ല്‍ അതികം റണ്‍സ് നേടിയ ഒരേ ഒരു താരം സഞ്ജുവാണെന്നത് അവര്‍ക്കു മറക്കാനാവില്ല.
ഐപിഎല്‍ പ്രഥമ സീസണിലെ കിരീട ജേതാക്കളാണ് രാജസ്ഥാന്. പിന്നീട് അവരെ കിരീടത്തിന്റെ അടുത്തു വരെ എത്തിച്ചത് 2022 ല്‍ സഞ്ജുവാണ്. 2024 സീസണില്‍ രണ്ടാം ക്വാളിഫയര്‍ വരെയും രാജസ്ഥാന് സഞ്ജുവിന്റെ നേതൃത്വത്തില്‍ എത്തിയിരുന്നു.
മറുവശത്ത് ചെന്നൈക്കാകട്ടെ ധോണിക്കു പകരക്കാരനായി നല്ലൊരാളെ കണ്ടെത്താനായിട്ടില്ല. സുരേഷ് റെയ്നയും രവീന്ദ്ര ജഡേജയും ഋതുരാജ് ഗെയ്ക്ക് വാദുമൊന്നും ധോണിക്കൊപ്പമെത്താത്തതിനാല് ക്യാപ്ടന് കൂളെന്ന് ധോണിയെപ്പോലെ അറിയപ്പെടുന്ന സഞ്ജുവാണ് ചെന്നൈയ്ക്കും ഇണങ്ങുന്ന അടുത്ത ക്യാപ്ടന്.
Summary: Is Rajasthan Royals' favorite captain Sanju Samson planning to leave the franchise and join Chennai Super Kings? Sanju's latest Instagram post started the speculations.
COMMENTS