Actress Shefali Jariwala's death has made everyone realize that heart attack cases are increasing in India, even among those who maintain fitness
അഭിനന്ദ്
ന്യൂഡല്‍ഹി: നടി ഷെഫാലി ജരിവാലയുടെ മരണം ഇന്ത്യയില്‍ ഹൃദയാഘാത കേസുകള്‍ വര്‍ദ്ധിക്കുകയാണെന്ന തിരിച്ചറിവ് എല്ലാവര്‍ക്കുമുണ്ടാക്കുകയാണ്. ഫിറ്റ്‌നസ് നിലനിര്‍ത്തുന്നവരില്‍ പോലും ഹൃദയ സംബന്ധമായ അസുഖങ്ങളുടെ വര്‍ദ്ധന ആശങ്കാജനകമായി കൂടുകയാണ്.
ഹൃദയത്തെ സൂക്ഷിക്കാന്‍ ഫിറ്റ്‌നസ് തെറാപ്പികളും വ്യായാമങ്ങളും മാത്രം മതിയോ എന്ന ചോദ്യവും ഉയരുകയാണ്. ഹൃദയാഘാത സാധ്യതയുടെ പ്രധാന കാരണങ്ങള്‍ സ്റ്റിറോയിഡുകള്‍, ഉറക്കക്കുറവ്, ഹോര്‍മോണ്‍ തെറാപ്പികള്‍ (പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്) എന്നിവയാണെന്നു കൗസമ്പിയിലെ യശോദാ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി പ്രിന്‍സിപ്പല്‍ കണ്‍സള്‍ട്ടന്റായ ഡോ. ധീരേന്ദ്ര സിംഘാനിയ പറയുന്നു.
'സെലിബ്രിറ്റി ആയാലും സാധാരണക്കാരനായാലും എല്ലാവരും ശരീര നിയമങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ പ്രശ്നങ്ങള്‍ ഉണ്ടാകും. സെലിബ്രിറ്റികളില്‍, എല്ലാവരും തങ്ങളുടെ ശരീരം ഫിറ്റ് ആയി നിലനിര്‍ത്താന്‍ ശ്രമിക്കുന്നു. പലപ്പോഴും, അത് നേടാന്‍ അവര്‍ എന്താണ് ചെയ്യുന്നതെന്ന് നമുക്കറിയില്ല. ഉറക്കക്കുറവ് ഹൃദയാഘാതത്തിന് ഒരു അപകട ഘടകമാണ്. പല സെലിബ്രിറ്റികളും ചിലപ്പോള്‍ രാത്രി മുഴുവന്‍ ഉണര്‍ന്നിരിക്കുന്നവരാണെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.
സ്റ്റിറോയിഡുകള്‍, മയക്കുമരുന്ന് അമിത അളവില്‍ ഉപയോഗിക്കുന്നത്, സ്ത്രീകള്‍ക്കുള്ള ഹോര്‍മോണ്‍ തെറാപ്പികള്‍, ഹോര്‍മോണ്‍ റീപ്ലേസ്മെന്റ് തെറാപ്പി (ആര്‍ത്തവവിരാമത്തിനുള്ള എച്ച് ആര്‍ ടി), ഓറല്‍ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ എന്നിവ ഹൃദയാഘാത സാധ്യതയ്ക്ക് കാരണമാകുമെന്ന് ഡോ. സിംഘാനിയ പറയുന്നു. കൂടാതെ, സോഷ്യല്‍ മീഡിയ ആസക്തിയും രക്തസമ്മര്‍ദ്ദവും കോര്‍ട്ടിസോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുമെന്നും ഇത് ഒടുവില്‍ ഹൃദയ സംബന്ധമായ അസുഖങ്ങളിലേക്ക് നയിക്കും.
അടുത്തിടെ ഹൃദയാഘാതത്തെ അതിജീവിച്ച 36 വയസ്സുള്ള ഒരാളുടെ കൊറോണറി ആന്‍ജിയോഗ്രാഫിയും ഡോ. സിംഘാനിയ ഉദാഹരണമായി കാണിക്കുന്നു. ആ വ്യക്തിക്ക് പുകവലിയുടെയോ മദ്യപാനത്തിന്റെയോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളുടെയോ ചരിത്രമില്ലായിരുന്നു. എന്നിട്ടും അദ്ദേഹം ഗുരുതര രോഗത്തിന് ഇരയായി.
വെള്ളിയാഴ്ച രാത്രിയാണ് നടിയും മോഡലുമായ ഷെഫാലി ജരിവാല (42) അന്തരിച്ചത്. ഹൃദയാഘാതം മൂലമാണ് അവര്‍ മരിച്ചതെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പൊലീസും ഫോറന്‍സിക് വിദഗ്ധരും ജരിവാലയുടെ വീട്ടിലെത്തി പരിശോധിച്ചിരുന്നു. ചര്‍മ്മത്തിന്റെ ഭംഗിക്കും വിഷവിമുക്തമാക്കലിനും പലപ്പോഴും ഉപയോഗിക്കുന്ന ഗ്ലൂട്ടത്തയോണ്‍, വിറ്റാമിന്‍ സി കുത്തിവയ്പ്പുകള്‍, അസിഡിറ്റി ഗുളികകള്‍ എന്നിവ കണ്ടെത്തി. അവ അപകടകരവും മേല്‍നോട്ടമില്ലാത്തതുമായ ആന്റി-ഏജിംഗ് ചികിത്സയ്ക്ക് അവര്‍ വിധേയയായിരുന്നുവെന്ന സൂചന നല്കി.
ഗ്ലൂട്ടത്തയോണിന്റെയും വിറ്റാമിന്‍ സിയുടെയും ദീര്‍ഘകാല ഉപയോഗം ആന്റി-ഏജിംഗ് തെറാപ്പികളില്‍ നേരിട്ട് കാര്‍ഡിയോടോക്‌സിക് അല്ലെന്നും ഹൃദയ സംബന്ധമായ സമ്മര്‍ദ്ദത്തിന് കാരണമാകില്ലെന്നും ഡോ. സിംഘാനിയ പറഞ്ഞു.
'ആന്റി-ഏജിംഗ് തെറാപ്പികള്‍ക്ക് ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഇല്ല, പക്ഷേ അവര്‍ ഏതെങ്കിലും ഹോര്‍മോണ്‍ തെറാപ്പി കൂടി എടുത്തിരുന്നെങ്കില്‍, അത് ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കിയിരിക്കാം,' അദ്ദേഹം പറഞ്ഞു.
COMMENTS