No nuclear threat to India, talks with Pakistan based on Occupied Kashmir and eradicating terrorism, India's new policy seen in recent days, PM
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്നത് വെറുമൊരു ഒറ്റത്തവണ വ്യായാമമല്ലെന്നും ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ പുതിയ നയമാണിതെന്നും പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നല്‍കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.
ഭീകരതയും ചര്‍ച്ചകളും ഒരുമിച്ച് പോകില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. പഹല്‍ഗാം ആക്രമണത്തോടുള്ള ഇന്ത്യയുടെ പ്രതികരണമായ ഓപ്പറേഷന്‍ സിന്ദൂറിനു ശേഷം രാജ്യത്തെ ആദ്യമായി അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
രാജ്യം ആണവ ഭീഷണിക്ക് വഴങ്ങില്ലെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. ഭീകരതയുടെ പേരില്‍ പാകിസ്ഥാനെ കീറിമുറിച്ചുകൊണ്ട്, സായുധ സേന അവരുടെ 11 സൈനിക കേന്ദ്രങ്ങളും വ്യോമതാവളങ്ങളും തകര്‍ത്തു. ആ രാജ്യത്തെ ഭീകര ക്യാമ്പുകളിലും സൈനിക കേന്ദ്രങ്ങളിലും ഇന്ത്യ ആക്രമണം തത്കാലം നിറുത്തിവച്ചിരിക്കുകയാണ്.
'ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ പുതിയ നയമാണ് ഓപ്പറേഷന്‍ സിന്ദൂര്‍. ഇത് ഇനി പുതിയ സാധാരണത്വം കൂടിയാണ്. പാകിസ്ഥാനെതിരായ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഭാവി അവരുടെ പെരുമാറ്റത്തെ ആശ്രയിച്ചിരിക്കും,' 22 മിനിറ്റ് നീണ്ടുനിന്ന പ്രസംഗത്തില്‍ മോഡി പറഞ്ഞു.
ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ തന്ത്രപരമായ സമീപനത്തിലെ നിര്‍ണായക മാറ്റത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. പാകിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരര്‍ ഭാവിയില്‍ നടത്തുന്ന ഏതൊരു ഭീകരാക്രമണവും ശക്തമായ സൈനിക തിരിച്ചടി ക്ഷണിച്ചുവരുത്തുമെന്ന് പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.
ഇന്ത്യന്‍ മണ്ണില്‍ ഭാവിയില്‍ ഉണ്ടാകുന്ന ഏതൊരു ഭീകരാക്രമണത്തെയും 'യുദ്ധപ്രവൃത്തി'യായി കാണും. അതിനനുസരിച്ച് പ്രതികരിക്കുമെന്നും സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച തന്നെ പറഞ്ഞിരുന്നു.
'ഭീകര കേന്ദ്രങ്ങള്‍ക്കെതിരെ ഞങ്ങള്‍ നിര്‍ണായക നടപടി സ്വീകരിക്കും. സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരതയ്ക്കും ഭീകരര്‍ക്കും ഓരേ വിധിയായിരിക്കും.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധത്തില്‍ മുന്നോട്ടുള്ള വഴിയില്‍, ഒരു രാജ്യമായി നിലനില്‍ക്കണമെങ്കില്‍ ഇസ്ലാമാബാദ് സ്വന്തം മണ്ണില്‍ തഴച്ചുവളരുന്ന ഭീകര അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കണമെന്ന് പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.
'ഇത്രയും വര്‍ഷങ്ങളായി അവര്‍ പോറ്റി വളര്‍ത്തിക്കൊണ്ടിരുന്ന ഭീകരര്‍ പാകിസ്ഥാനെ തന്നെ വിഴുങ്ങും. പാകിസ്ഥാന്‍ അതിജീവിക്കണമെങ്കില്‍, ഭീകരതയെ വേരോടെ പിഴുതെറിയേണ്ടതുണ്ട്.
ഒരു തരത്തിലുള്ള 'ആണവ ഭീഷണി'യും വച്ചുപൊറുപ്പിക്കില്ല. ഭീകരതയും ചര്‍ച്ചകളും ഒരുമിച്ച് പോകില്ല. 'വെള്ളവും രക്തവും' ഒരുമിച്ച് ഒഴുകുയുമില്ല.
പാകിസ്ഥാനുമായുള്ള ഏത് സംഭാഷണവും ഭീകരത തുടച്ചുനീക്കുന്നതില്‍ ഊന്നി മാത്രമായിരിക്കും. ഇനി ചര്‍ച്ചകള്‍ നടന്നാല്‍ അത് പാക് അധീന കശ്മീരിനെ കുറിച്ചായിരിക്കും, മറ്റൊന്നുമായിരിക്കില്ല,' അദ്ദേഹം പറഞ്ഞു.
സൈനിക നടപടി നിര്‍ത്താന്‍ ഇന്ത്യയുമായി പാക്കിസ്ഥാന്‍ ബന്ധപ്പെട്ടതിനെത്തുടര്‍ന്ന് വെടിനിര്‍ത്തല്‍ കരാറില്‍ എത്തിയതെങ്ങനെയെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.
'ആദ്യ മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍, ഇന്ത്യ പാകിസ്ഥാനില്‍ വന്‍ നാശം വിതച്ചു. പൂര്‍ണ്ണമായും പരാജയപ്പെട്ടതിനുശേഷം, പാകിസ്ഥാന്‍ സൈന്യം നമ്മുടെ ഡിജിഎംഒയുമായി ബന്ധപ്പെടാന്‍ നിര്‍ബന്ധിതരായി. അപ്പോഴേക്കും, ഭീകര അടിസ്ഥാന സൗകര്യങ്ങളുടെ വലിയൊരു ഭാഗം ഞങ്ങള്‍ പൊളിക്കുകയും നിരവധി ഭീകരന്മാരെ ഇല്ലാതാക്കുകയും ചെയ്തിരുന്നു,' അദ്ദേഹം പറഞ്ഞു.
Summary: No nuclear threat to India, talks with Pakistan based on Occupied Kashmir and eradicating terrorism, India's new policy seen in recent days, PM addresses the nation
COMMENTS