About forty Pakistani soldiers were killed, 9 air bases were destroyed, and even the terrorists who planned the Kandahar plane hijack were killed
ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറിന് തുടർച്ചയായി ഉള്ള സൈനിക നടപടികളിൽ നൂറിൽപരം ഭീകരരെ വധിച്ചതായി ഇന്ത്യൻ സേന വെളിപ്പെടുത്തി.
പാകിസ്ഥാനുമായുള്ള വെടിനിർത്തൽ ധാരണക്കുശേഷം സംയുക്ത വാർത്താ സമ്മേളനത്തിലാണ് സേന നേതൃത്വം ഇക്കാര്യം വ്യക്തമാക്കിയത്.
35 മുതൽ 40 വരെ പാകിസ്താനി സൈനികർ കൊല്ലപ്പെട്ടതായി പാകിസ്ഥാൻ തന്നെ കണക്കാക്കിയിട്ടുണ്ടെന്നും സേനാ വക്താക്കൾ പറഞ്ഞു.
ഡയറക്ടർ ജനറൽ ഒഫ് മിലിട്ടറി ഓപ്പറേഷൻസ് ലഫ്റ്റനന്റ് ജനറൽ രാജീവ് ഗായ്, എയർ മാർഷൽ എ കെ ഭാരതി, വൈസ് അഡ്മിറൽ എ എൻ പ്രമോദ് എന്നിവരാണ് വിവിധ സേനാ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് വാർത്താസമ്മേളനത്തിൽ സംബന്ധിച്ചത്.
ഇന്ത്യൻ സേന ഭീകരരെ മാത്രമാണ് ലക്ഷ്യമിട്ടത്. വളരെ നിയന്ത്രിതവും കൃത്യവുമായാണ് ഇന്ത്യ തിരിച്ചടിച്ചത്.
ഇന്ത്യയുടെ ആക്രമണങ്ങൾക്ക് ശേഷം ഭീകര കേന്ദ്രങ്ങളിൽ ചിലതിൽ നിന്ന് ഭീകരർ ഒഴിഞ്ഞു പോയതായും സൈന്യം അറിയിച്ചു.
കൃത്യമായ ബോംബിങ്ങിലൂടെ തകർത്ത പാകിസ്ഥാനിലെ കെട്ടിടങ്ങളുടെ ചിത്രങ്ങൾ എയർ മാർഷൽ ഭാരതി വാർത്ത ലേഖകർക്ക് കാണിച്ചുകൊടുത്തു.
ബാവൽപൂരിൽ ഭീകര ക്യാമ്പായി പ്രവർത്തിച്ചിരുന്ന കെട്ടിടം പൂർണമായും തകർത്തു. മുരിദ് കെയിലെ ഭീകരകേന്ദ്രവും തകർത്തിരുന്നു.
കാണ്ഡഹാർ വിമാന റാഞ്ചലും പുൽവാമ ഭീകരാക്രമണവും ആസൂത്രണം ചെയ്ത ഭീകരരെയും വധിച്ചു.
യാത്ര വിമാനങ്ങളെ കവചമാക്കിയാണ് പാകിസ്ഥാൻ ഇന്ത്യയിലേക്ക് ആക്രമണം നടത്തിയത്. ഇതിനെയും സേന സമർത്ഥമായി നേരിട്ടു.
പാകിസ്ഥാനിലെ റഡാർ സ്റ്റേഷനുകളും വ്യോമത്താവളങ്ങളും തകർത്തിട്ടുണ്ട്. ചുനിയാൻ, സർഗോധ, റഫീഖി, സുക്കൂർ, റഹീം യാർ ഖാൻ, ജക്കോബാബാദ്, ഭോലരി എന്നീ വ്യോമ താവളങ്ങളും പസ്പൂരിലെ റഡാർ കേന്ദ്രവും തകർത്തു.
പാകിസ്താനി വ്യോമസേനയുടെ എഫ് 16, ജെ എഫ് 17 വിമാനങ്ങൾ സൂക്ഷിക്കുന്നത് സർഗോദയിലാണ്.
പാകിസ്താന്റെ മിലിറ്ററി ഓപ്പറേഷൻ ഡയറക്ടർ നേരിട്ട് ഫോണിൽ വിളിച്ചാണ് വെടിനിർത്തലിന് ധാരണ ഉണ്ടാക്കിയത്. പക്ഷേ പാകിസ്ഥാൻ തന്നെ ഈ ധാരണ ലംഘിച്ച് വിവിധ ഇടങ്ങളിൽ ആക്രമണം നടത്തി. ഇതിന് ഇന്ത്യ കൃത്യമായ തിരിച്ചടി നൽകുകയും ചെയ്തു.
പാകിസ്ഥാനിൽ ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളെ കുറിച്ച് വെളിപ്പെടുത്താൻ ആകില്ലെന്നും എയർ മാർഷൽ ഭാരതി പറഞ്ഞു. ഏതാനും പാകിസ്താനി വിമാനങ്ങൾ തകർത്തു. എത്രയെണ്ണമാണ് തകർത്തതെന്ന് ഈ ഘട്ടത്തിൽ.
വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ വ്യക്തത വരും. ഇന്ത്യൻ വിമാനങ്ങൾ തകർന്നോ എന്ന കാര്യവും ഇപ്പോൾ പറയുന്നില്ല. സംഘർഷം തുടരുകയാണ്. അത്തരം വെളിപ്പെടുത്തലുകൾ എതിരാളികൾക്ക് അനുകൂലമായേക്കാം.
അതുകൊണ്ട് കൂടുതൽ വെളിപ്പെടുത്തൽ പിന്നീട് ഉണ്ടാകും. പോർമുഖത്ത് നഷ്ടങ്ങൾ സ്വാഭാവികമാണെന്നും എ കെ ഭാരതി വാർത്ത ലേഖകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
Keywords : India, Pakistan, Border, Defence
COMMENTS