30 Maoists killed in encounter in Chhattisgarh, CPI (Maoist) general secretary Nambala Keshav Rao among those killed
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: ഛത്തീസ്ഗഢിലെ നാരായണ്‍പൂര്‍ ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 30 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഇവരില്‍ സിപിഐ (മാവോയിസ്റ്റ്) ഉന്നത നേതാവ് നമ്പാല കേശവ് റാവു എന്ന ബസവരാജുവും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ദണ്ഡകാരണ്യ സ്പെഷ്യല്‍ സോണല്‍ കമ്മിറ്റി നേതാവായ മധുവും കൊല്ലപ്പെട്ടതായി വൃത്തങ്ങള്‍ അറിയിച്ചു.
നാരായണ്‍പൂര്‍-ബിജാപൂര്‍ അതിര്‍ത്തിയില്‍ ഏകദേശം 50 മണിക്കൂറായി ഏറ്റുമുട്ടല്‍ തുടരുകയാണ്. മാവോയിസ്റ്റുകളുടെ മാഡ് ഡിവിഷനില്‍ മുതിര്‍ന്ന കേഡറുകളുടെ സാന്നിധ്യമുണ്ടെന്ന ഇന്റലിജന്‍സ് വിവരത്തെത്തുടര്‍ന്ന് നാരായണ്‍പൂര്‍, ദന്തേവാഡ, ബിജാപൂര്‍, കൊണ്ടഗാവ് എന്നീ ജില്ലകളില്‍ നിന്നുള്ള ജില്ലാ റിസര്‍വ് ഗാര്‍ഡ് ജവാന്‍മാര്‍ അബുജ്മദ് പ്രദേശത്ത് ഓപ്പറേഷനായി പുറപ്പെട്ടപ്പോഴാണ് ഏറ്റുമുട്ടലുണ്ടായത്.
ബസവരാജു മുമ്പ് സംഘടനയുടെ സൈനിക കമ്മിഷന്റെ തലവനായിരുന്നു. പിന്നീട് മാവോയിസ്റ്റ് ശ്രേണിയിലെ ഏറ്റവും ഉയര്‍ന്ന പദവിയായ ജനറല്‍ സെക്രട്ടറിയായി. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) യും തെലങ്കാനയിലെയും ആന്ധ്രാപ്രദേശിലെയും പൊലീസും അദ്ദേഹത്തെ തിരയുന്നുണ്ടായിരുന്നു.
ബസവരാജുവിന്റെ തലയ്ക്ക് 1.5 കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണം മേഖലയിലെ നക്‌സലുകള്‍ക്ക് ഏറ്റ കനത്ത പ്രഹരമാണെന്നും ഇത് മാവോയിസ്റ്റ് നേതൃത്വത്തെയും പുനഃസംഘടനാ ശ്രമങ്ങളെയും ഇല്ലാതാക്കുമെന്നും പൊലീസ് കരുതുന്നു.
ഛത്തീസ്ഗഢ് ഉപമുഖ്യമന്ത്രി അരുണ്‍ സാവോ ഓപ്പറേഷന്‍ വിജയം സ്ഥിരീകരിച്ചു. 2026 മാര്‍ച്ചോടെ സംസ്ഥാനം മാവോയിസ്റ്റ് മുക്തമാകുമെന്ന് അദ്ദേഹം പറഞ്ഞു. 40 മുതല്‍ 42 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയില്‍ ഓപ്പറേഷന്‍ നടത്തുന്ന സേനകളെയും അദ്ദേഹം അഭിനന്ദിച്ചു.
ഛത്തീസ്ഗഢ്-തെലങ്കാന അതിര്‍ത്തിയിലെ കരേഗുട്ടാലു കുന്നിന് (കെജിഎച്ച്) സമീപം സുരക്ഷാ സേന 'ഓപ്പറേഷന്‍ ബ്ലാക്ക് ഫോറസ്റ്റ്' നടത്തി ഒരു മാസത്തിന് ശേഷമാണ് ഏറ്റുമുട്ടല്‍. അന്ന് 21 ദിവസം നീണ്ടുനിന്ന ഓപ്പറേഷനില്‍, സെന്‍ട്രല്‍ റിസര്‍വ് പോലീസ് സേനയും സംസ്ഥാന പൊലീസും ചേര്‍ന്ന് 31 മാവോയിസ്റ്റുകളെ വധിച്ചു. 214 മാവോയിസ്റ്റ് ഒളിത്താവളങ്ങളും ബങ്കറുകളും നശിപ്പിച്ചു. ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഉപകരണങ്ങള്‍, ബിജിഎല്‍ ഷെല്ലുകള്‍, ഡിറ്റണേറ്ററുകള്‍, സ്‌ഫോടകവസ്തുക്കള്‍ എന്നിവ പിടിച്ചെടുത്തിരുന്നു. ഏകദേശം 12,000 കിലോഗ്രാം ഭക്ഷ്യവസ്തുക്കളും കണ്ടെടുത്തു.
ഈ ആഴ്ചയുടെ തുടക്കത്തില്‍, ബിജാപൂര്‍ ജില്ലയില്‍ 24 മാവോയിസ്റ്റുകള്‍ കീഴടങ്ങി, അതില്‍ 14 പേരുടെ തലയ്ക്ക് 28.50 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.
Summary: 30 Maoists killed in encounter in Chhattisgarh, CPI (Maoist) general secretary Nambala Keshav Rao among those killed. Madhu, leader of the Dandakaranya Special Zonal Committee, was also killed, sources said.
COMMENTS