India's decision to freeze the Indus Water Treaty indefinitely after the Pahalgam massacre may even seriously affect Pakistan's survival
അഭിനന്ദ്
ന്യൂഡല്‍ഹി: പഹല്‍ഗാം കൂട്ടക്കൊലയ്ക്കു പിന്നാലെ ഇന്ത്യ സിന്ധു നദീജല ഉടമ്പടി അനിശ്ചിതകാലത്തേക്ക് മരവിപ്പിക്കാന്‍ തീരുമാനിച്ചത് പാകിസ്ഥാന്റെ നിലനില്പ്പിനെ പോലും ഗുരുതരമായി ബാധിച്ചേക്കാം. കാരണം സിന്ധുവിന്റെയും അതിന്റെ പോഷക നദികളിലെയും ജലം കൊണ്ടാണ് പാകിസ്ഥാന്റെ സമ്പദ് വ്യവസ്ഥയും ആ രാജ്യത്തെ കൃഷിയും കുടിവെള്ള വിതരണവുമെല്ലാം പിടിച്ചുനില്‍ക്കുന്നത്. ഇന്ത്യ നല്കുന്ന ഈ പ്രഹരം പാകിസ്ഥാന് ഒരു തരത്തിലും താങ്ങാന്‍ കഴിയില്ല.
ആറു നദികളെ നിയന്ത്രിക്കുന്ന 1960-ലെ സിന്ധു നദീജല ഉടമ്പടി പ്രകാരം, രവി, ബിയാസ്, സത്ലജ് എന്നീ നദികളിലെ ജലത്തിന്മേല്‍ ഇന്ത്യയ്ക്ക് പൂര്‍ണ്ണമായ അവകാശമുണ്ട്. ഇതേസമയം സിന്ധു, ഝലം, ചെനാബ് എന്നിവയുടെ ജലത്തിന്മേല്‍ പാകിസ്ഥാനാണ് അവകാശം അംഗീകരിച്ചുകൊടുത്തിരിക്കുന്നത്.
സിന്ധു നദീജല ഉടമ്പടി ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വളരെ അപൂര്‍വമായ ദീര്‍ഘകാല ഉടമ്പടികളില്‍ ഒന്നാണ്. ലോകബാങ്കിന്റെ മദ്ധ്യസ്ഥതയിലുള്ളതാണ് കരാര്‍. രണ്ട് ആണവ എതിരാളികള്‍ തമ്മിലുള്ള സഹകരണത്തിന്റെ ഏറ്റവും വിജയകരമായ ഏക ഉദാഹരണമാണിത്.
2019ലും, പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം അന്നത്തെ സുരക്ഷാ കാബിനറ്റ് കമ്മിറ്റിയില്‍ 'രക്തവും വെള്ളവും ഒരുമിച്ച് ഒഴുകാന്‍ കഴിയില്ല' എന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞിരുന്നു. അന്നു പറയുക മാത്രം ചെയ്ത കാര്യമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്.
എന്നാല്‍, കശ്മീരില്‍ 26 വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് ഏറ്റെടുത്തിരിക്കെ ഇന്ത്യയ്ക്ക് ഇനി കൈയും കെട്ടി നോക്കി നില്ക്കാനാവില്ല.
കിഴക്കന്‍ നദികള്‍: രവി, ബിയാസ്, സത്‌ലജ് (ഇന്ത്യക്ക് അനുവദിച്ചത്)
പടിഞ്ഞാറന്‍ നദികള്‍: സിന്ധു, ഝലം, ചെനാബ് (പാകിസ്ഥാന് അനുവദിച്ചത്)
ഉടമ്പടി പ്രകാരം, സിസ്റ്റത്തിന്റെ ജലത്തിന്റെ 20 ശതമാനത്തില്‍ കൂടുതല്‍ അവകാശം ഇന്ത്യക്ക് ലഭിച്ചു. അതായത് ഏകദേശം 33 ദശലക്ഷം ഏക്കര്‍ അടി അല്ലെങ്കില്‍ 41 ബില്ല്യണ്‍ ക്യുബിക് മീറ്റര്‍ ആണ് ഇന്ത്യയ്ക്ക് അവകാശപ്പെട്ടത്.
പാകിസ്ഥാന് 80 ശതമാനം ജല നിയന്ത്രണമാണുള്ളത്. ഏകദേശം 135 ദശലക്ഷം ഏക്കര്‍ അടി അല്ലെങ്കില്‍ 99 ബില്ല്യണ്‍ ക്യുബിക് മീറ്റര്‍ ആണ് പാകിസ്ഥാന്റെ പങ്ക്. ജലവൈദ്യുതി പോലുള്ള ഉപഭോഗേതര ആവശ്യങ്ങള്‍ക്കായി പടിഞ്ഞാറന്‍ നദികളുടെ പരിമിതമായ ഉപയോഗം ഇന്ത്യക്ക് അനുവദിച്ചിട്ടുണ്ട്. പക്ഷേ ഒഴുക്കിനെ തടയാനോ ഗണ്യമായി മാറ്റാനോ അവകാശമില്ല.
പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം സിന്ധു നദീതട സമ്പ്രദായം കേവലം അവരുടെ നിലനില്പ്പ് തന്നെയാണ്. പാകിസ്ഥാനിലെ മൊത്തം കൃഷിഭൂമിയുടെ 80 ശതമാനം (ഏകദേശം 16 ദശലക്ഷം ഹെക്ടര്‍) സിന്ധു നദീജലത്തെ ആശ്രയിച്ചിരിക്കുന്നു.
ഈ വെള്ളത്തിന്റെ 93 ശതമാനം അവര്‍ ജലസേചനത്തിനായി ഉപയോഗിക്കുന്നു. ഇത് രാജ്യത്തിന്റെ കാര്‍ഷിക നട്ടെല്ലിനെയാണ് കാക്കുന്നത്. 237 ദശലക്ഷത്തിലധികം പാക് പൗരന്മാര്‍ ഇതിന്റെ ഗുണഭോക്താക്കളാണ്. സിന്ധു നദീതടത്തിലെ ജനസംഖ്യയുടെ 61 ശതമാനം പാകിസ്ഥാനിലാണ്.
കറാച്ചി, ലാഹോര്‍, മുള്‍ട്ടാന്‍ നഗരങ്ങള്‍ക്കു വേണ്ട കുടിവെള്ളം സിന്ധു അനുബന്ധ നദികളില്‍ നിന്ന് നേരിട്ട് എടുക്കുന്നു. പാക് ജലവൈദ്യുത നിലയങ്ങളായ ടാര്‍ബെല, മംഗ്ല എന്നിവയും ഈ നദികളെ ആശ്രയിച്ചിരിക്കുന്നു.
പാകിസ്ഥാന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 25 ശതമാനം സിന്ധു നദീജലത്തെ ആശ്രയിച്ചിരിക്കുന്നു. ഗോതമ്പ്, അരി, കരിമ്പ്, പരുത്തി തുടങ്ങിയ വിളകളെല്ലാം ഈ ജലത്തെ മാത്രം ആശ്രയിച്ചാണ്.
ലോകത്തിലെ ഏറ്റവും ജലസമ്മര്‍ദ്ദമുള്ള രാജ്യങ്ങളിലൊന്നാണ് പാകിസ്ഥാന്‍. പ്രതിശീര്‍ഷ ജല ലഭ്യത അതിവേഗം കുറയുന്നത് നിലവില്‍ തന്നെ പാകിസ്ഥാനെ അലട്ടുന്നുണ്ട്. സിന്ധു, ഝലം, ചെനാബ് എന്നയിലെ ഒഴുക്ക് ഇന്ത്യ വെട്ടിക്കുറച്ചാല്‍, ആഘാതം ഗുരുതരമായിരിക്കും.
ദശലക്ഷക്കണക്കിന് ആളുകളുടെ ഭക്ഷ്യസുരക്ഷയെ അതു ബാധിക്കും. പാകിസ്ഥാനില്‍ ഭക്ഷ്യ ഉല്‍പ്പാദനം തകര്‍ന്നേക്കാം. നഗരങ്ങളിലെ ജലവിതരണം സ്തംഭിക്കും. നഗരങ്ങളില്‍ അസ്വസ്ഥത ഉണ്ടാവാന്‍ അതു കാരണമാവും. പാകിസ്ഥാനില്‍ വൈദ്യുതി ഉല്‍പ്പാദനം ഗുരുതരമായി ബാധിക്കും. വ്യവസായങ്ങളെയും വീട്ടുപയോഗത്തെയും തടസ്സപ്പെടുത്തും. വായ്പാ തിരിച്ചടവ് മുടങ്ങല്‍, തൊഴിലില്ലായ്മ, കുടിയേറ്റം എന്നിവ ഗ്രാമീണ മേഖലകളില്‍ അനുബന്ധമായി വര്‍ധിച്ചേക്കാം.
ഇന്ത്യയുടെ തീരുമാനം പാകിസ്ഥാനോടുള്ള സമീപനത്തില്‍ വലിയ മാറ്റമാണ് സൂചിപ്പിക്കുന്നത്. ന്യൂഡല്‍ഹി നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നെങ്കിലും, ഉടമ്പടി ഔദ്യോഗികമായി മരവിപ്പിക്കുന്നത് ആദ്യമാണ്. കൃഷി, ഭക്ഷണം, വെള്ളം, ഊര്‍ജ സുരക്ഷ എന്നിവയെ ഏറ്റവും കൂടുതല്‍ ദോഷകരമായി ബാധിക്കുന്ന ഈ നീക്കം പാക്കിസ്ഥാന്‍ എങ്ങനെ അതിജീവിക്കുമെന്നു കണ്ടറിയണം.
COMMENTS