കൊച്ചി: കാസര്‍കോട് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കല്യോട്ടെ കൃപേഷ്, ശരത് ലാല്‍ എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കുള്ള ...
കൊച്ചി: കാസര്‍കോട് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കല്യോട്ടെ കൃപേഷ്, ശരത് ലാല്‍ എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കുള്ള ശിക്ഷ എറണാകുളം സിബിഐ പ്രത്യേക കോടതി ഇന്നു വിധിക്കും. വിചാരണ നേരിട്ട 24 പ്രതികളില്‍ 14 പേര്‍ കുറ്റം ചെയ്തതായി കോടതി കണ്ടെത്തിയിരുന്നു.
ഒന്നു മുതല്‍ എട്ടുവരെ പ്രതികളായ എ. പീതാംബരന്‍, സജി സി. ജോര്‍ജ്, കെ.എം.സുരേഷ്, കെ. അനില്‍കുമാര്‍ (അബു), ഗിജിന്‍, ആര്‍. ശ്രീരാഗ് (കുട്ടു), എ. അശ്വിന്‍ (അപ്പു), സുബീഷ് (മണി), പത്താംപ്രതി ടി. രഞ്ജിത്ത്(അപ്പു), 15-ാം പ്രതി എ.സുരേന്ദ്രന്‍ (വിഷ്ണു സുര) എന്നിവര്‍ക്കെതിരെ ജീവപര്യന്തം മുതല്‍ വധശിക്ഷവരെ ലഭിക്കാവുന്ന കൊലക്കുറ്റം അടക്കമുള്ള ഗുരുതര വകുപ്പുകളാണു കോടതി ചുമത്തിയിട്ടുള്ളത്.
14-ാം പ്രതി കെ.മണികണ്ഠന്‍, 20-ാം പ്രതി മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമന്‍, 21-ാം പ്രതി രാഘവന്‍ വെളുത്തോളി (രാഘവന്‍നായര്‍), 22-ാം പ്രതി കെ.വി. ഭാസ്‌കരന്‍ എന്നിവര്‍ ക്കെതിരെ രണ്ടു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന തെളിവു നശിപ്പിക്കലും പ്രതികളെ സഹായിക്കലുമാണു കോടതി ചുമത്തിയ കുറ്റങ്ങള്‍.
വിചാരണ നേരിട്ട 10 പ്രതികളെ കോടതി തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചിരുന്നു. വിചാരണ നേരിട്ട എല്ലാവരും സിപിഎം പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളുമാണ്. 2019 ഫെബ്രുവരി 17നു രാത്രി 7.45നാണു കൊലപാതകം നടന്നത്.
Key Words: Periya Murder Case, Verdict Today
COMMENTS