Vikrant Massey announces retirement from acting
മുംബൈ: കരിയറിന്റെ ഉന്നത നിലയില്‍ നില്‍ക്കുമ്പോള്‍ തന്നെ വിരമിക്കല്‍ പ്രഖ്യാപിച്ച് ബോളിവുഡ് നടന്‍ വിക്രാന്ത് മാസി. ട്വല്‍ത്ത് ഫെയ്ല്‍, സെക്ടര്‍ 36 തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച നടനാണ് വിക്രാന്ത് മാസി. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം തന്റെ മുപ്പത്തിയേഴാം വയസില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രേക്ഷകരുടെ പിന്തുണയ്ക്ക് നന്ദിയെന്നും എല്ലാവര്‍ക്കും നന്ദി പറയുന്നതായും നടന്‍ കുറിച്ചു. ഒരു ഭര്‍ത്താവ്, പിതാവ്, മകന്‍ എന്ന നിലയില്‍ വീട്ടിലേക്ക് മടങ്ങാനുള്ള സമയമായെന്നും അതിനാലാണ് ഈ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. 2025 ല്‍ പുറത്തിറങ്ങുന്ന രണ്ട് ചിത്രങ്ങളിലൂടെ നമ്മള്‍ അവസാനമായി കാണുമെന്നും ഒരിക്കല്‍ക്കൂടി എല്ലാവര്‍ക്കും നന്ദിയെന്നും അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
ടെലിവിഷനിലൂടെ അഭിനയ രംഗത്തെത്തിയ വിക്രാന്ത് മാസി 2013 ല്‍ രണ്‍വീര്‍ സിങ്, സോനാക്ഷി സിന്‍ഹ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ലൂട്ടേര എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് ട്വല്‍ത്ത് ഫെയ്ല്‍, സെക്ടര്‍ 36, ദി സബര്‍മതി റിപ്പോര്‍ട്ട് തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു.
Keywords: Vikrant Massey, Bollywood, Retirement, Cinema
COMMENTS