തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മിഷണറുടെ അന്വേഷണ റിപ്പോര്‍ട്ട് റവന്യൂ മന്ത്രി കെ.രാ...
തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മിഷണറുടെ അന്വേഷണ റിപ്പോര്‍ട്ട് റവന്യൂ മന്ത്രി കെ.രാജന് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി.
എഡിഎം നിരപരാധിയാണെന്നും പെട്രോള്‍ പമ്പിന് എന്‍ഒസി നല്കാന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന് തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം തനിക്ക് തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞെന്ന കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയന്റെ മൊഴിയും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ അതുമായി ബന്ധപ്പെട്ട തെളിവുകളൊന്നും റിപ്പോര്‍ട്ടില്‍ ഇല്ല. എന്താണ് പറ്റിയ തെറ്റെന്ന് കളക്ടര്‍ നവീന്‍ ബാബുവിനോട് ചോദിക്കുകയോ അതിന് അദ്ദേഹം എന്തെങ്കിലും വിശദീകരണം നല്‍കുകയോ ഉണ്ടായിട്ടില്ല.
കളക്ടര്‍ എഴുതി തയാറാക്കിയ മൊഴിയാണ് ജോയിന്റ് കമ്മിഷണര്‍ എ.ഗീതയ്ക്ക് നല്‍കിയത്. പി.പി.ദിവ്യയെ നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും കലക്ടറുടെ മൊഴിയില്‍ ആവര്‍ത്തിക്കുന്നു. പെട്രോള്‍ പമ്പുമായി ബന്ധപ്പെട്ട എന്‍ഒസി നവീന്‍ ബാബു വൈകിപ്പിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഫയലുകള്‍ വൈകിപ്പിച്ചിരുന്ന ആളല്ല നവീന്‍ ബാബുവെന്നും ക്രമവിരുദ്ധമായി അദ്ദേഹം ഒന്നും ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
COMMENTS