ന്യൂഡല്‍ഹി: മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഡല്‍ഹി കോടതി വ്യാഴാഴ്ച ജാമ്യം അനുവദ...
ന്യൂഡല്‍ഹി: മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഡല്‍ഹി കോടതി വ്യാഴാഴ്ച ജാമ്യം അനുവദിച്ചു. റൂസ് അവന്യൂ കോടതിയുടെ അവധിക്കാല ജഡ്ജി ന്യായ് ബിന്ദുവാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഒരു ലക്ഷം രൂപ ജാമ്യ ബോണ്ട് നല്കിയാല് കേജ്രിവാളിന് വെള്ളിയാഴ്ച തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങാം.
നേരത്തെ, കേജ്രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ജൂലൈ 3 വരെ കോടതി നീട്ടിയിരുന്നു. സഞ്ജയ് സിംഗിന് ശേഷം കേസില്‍ ജാമ്യം ലഭിക്കുന്ന രണ്ടാമത്തെ എഎപി നേതാവാണ് കെജ്രിവാള്. ഡല്‍ഹി മുന്‍ മന്ത്രി മനീഷ് സിസോദിയ ഇപ്പോഴും തിഹാര്‍ ജയിലില്‍ തുടരുകയാണ്.
ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ മാര്‍ച്ച് 21 നാണ് കേജ്രിവാളിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തത്. പൊതുതിരഞ്ഞെടുപ്പ് കണക്കിലെടുത്ത് മേയില്‍ സുപ്രീം കോടതി അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജൂണ്‍ രണ്ടിനാണ് കേജ്രിവാള് വീണ്ടും കീഴടങ്ങിയത്.
മദ്യനയ കേസില്‍ അരവിന്ദ് കെജ്രിവാള് 100 കോടി രൂപ കോഴ ആവശ്യപ്പെട്ടതിന്റെ തെളിവുകള്‍ കൈവശമുണ്ടെന്ന് വാദത്തിനിടെ ഇഡി അവകാശപ്പെട്ടു. മദ്യവില്‍പ്പനക്കാരില്‍ നിന്ന് ലഭിച്ച അഴിമതിപ്പണം ഗോവയിലെ ആം ആദ്മി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതായും കേന്ദ്ര അന്വേഷണ ഏജന്‍സി ആരോപിച്ചു.
Key Words: Arvind Kejriwal, Bail, ED
COMMENTS