കൊച്ചി: സംസ്ഥാനതല സ്കൂള്‍ പ്രവേശനോത്സവം ജൂണ്‍ 3 ന് എളമക്കര ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. സ...
കൊച്ചി: സംസ്ഥാനതല സ്കൂള്‍ പ്രവേശനോത്സവം ജൂണ്‍ 3 ന് എളമക്കര ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്താകെ ജില്ലാതല പ്രവേശനോത്സവവും തദ്ദേശ സ്ഥാപനാടിസ്ഥാനത്തിലും എല്ലാ സ്കൂളുകളിലും പ്രവേശനോത്സവം സംഘടിപ്പിക്കും. ഈ അക്കാദമിക് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതാക്കുന്നതിനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ചതായി മന്ത്രി വി ശിവന് കുട്ടി പറഞ്ഞു.
ചരിത്രത്തില്‍ ആദ്യമായി സ്കൂള്‍ തുറക്കുന്നതിന് മുന്‍പ് ഈ വര്‍ഷം മുഴുവന്‍ അധ്യാപകര്‍ക്കും വിവിധ പരിശീലനങ്ങള്‍ നല്കി. ഇന്ത്യയില്‍ ആദ്യമായി അധ്യാപകര്‍ക്ക് നിര്‍മ്മിത ബുദ്ധിയില്‍ പരിശീലനം നല്കിയ സംസ്ഥാനമായി കേരളം. കഴിഞ്ഞ ഏഴര വര്‍ഷത്തിനിടെ 7000 കോടി രൂപയാണ് സ്കൂള്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനായി ചെലവഴിച്ചത്.
പൊതുവിദ്യാലയങ്ങളിലെ അക്കാദമിക് നിലവാരം ഉയര്‍ത്തുകയാണ് ലക്ഷ്യം. ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള ക്ലാസുകളില്‍ ഓള് പ്രൊമോഷന് നല്കുമ്പോള് അക്കാദമിക് നിലവാരം കൂടി പരിഗണിക്കും. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഈ മാസം 28ന് വിദ്യാഭ്യാസ കോണ്‍ക്ലേവ് തിരുവനന്തപുരത്ത് സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
1, 3, 5, 7, 9 ക്ലാസുകളില്‍ ഈ വര്‍ഷം പുതിയ പാഠപുസ്തകം വിതരണം ചെയ്തു. സമൂഹത്തിലെ സമകാലിക ആവശ്യങ്ങള്‍ കണക്കിലെടുത്ത് വിവിധ വിഷയങ്ങള്‍ പുതിയ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി. ശുചിത്വബോധം മയക്കുമരുന്നുകള്‍ക്കെതിരായ പ്രതിരോധം തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബാക്കി ക്ലാസ്സുകളിലേക്കുള്ള പുതിയ പാഠപുസ്തകങ്ങള്‍ തയ്യാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും
COMMENTS