തിരുവനന്തപുരം: വന്യമൃഗശല്യം പെരുകിയ സാഹചര്യത്തില്‍ കേരളം, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളുടെ കോര്‍ഡിനേഷന്‍ യോഗം ബന്ദിപ്പൂരില്‍ പൂര്‍ത്തിയാ...
തിരുവനന്തപുരം: വന്യമൃഗശല്യം പെരുകിയ സാഹചര്യത്തില്‍ കേരളം, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളുടെ കോര്‍ഡിനേഷന്‍ യോഗം ബന്ദിപ്പൂരില്‍ പൂര്‍ത്തിയായി. വന്യമൃഗ ശല്യം തടയാന്‍ ഏതെല്ലാം തലത്തില്‍ സഹകരണം സാധ്യമാകും എന്നാണ് യോഗം പ്രധാനമായും വിലയിരുത്തിയത്.
കേരള വനം മന്ത്രി എ.കെ.ശശീന്ദ്രന്, കര്‍ണാടക വനം മന്ത്രി ഈശ്വര്‍ ഖണ്ഡ്രെ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. തമിഴ്നാട്ടില്‍ നിന്ന് മുതുമലൈ ഫീല്‍ഡ് ഡയറക്ടറായ മുതിര്‍ന്ന വനം വകുപ്പ് ഉദ്യോഗസ്ഥനാണ് എത്തിയത്.
യോഗത്തില്‍ വന്യമൃഗശല്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി കേരളവും കര്‍ണാടകവും തമ്മില്‍ അന്തര്‍ സംസ്ഥാന സഹകരണ ചാര്‍ട്ടറില്‍ ഒപ്പിട്ടു.
കേരള-കര്‍ണാടക വനം വകുപ്പ് മന്ത്രിമാരാണ് ചാര്‍ട്ടറില്‍ ഒപ്പിട്ടത്. തമിഴ്നാട്ടില്‍നിന്നുള്ള വനം മന്ത്രി എം. മതിവേന്ദന് യോഗത്തില്‍ എത്താത്തതിനാല്‍ ഒപ്പിട്ടിട്ടില്ല. വന്യമൃഗശല്യത്തില്‍ വേഗത്തിലുള്ള ഇടപെടലിനും ഏകോപനത്തിനുമായി അന്തര്‍ സംസ്ഥാന ഏകോപന സമിതിയും രൂപവത്കരിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു.
മൂന്നു സംസ്ഥാനങ്ങളുമായി അതിര്‍ത്തിപങ്കിടുന്ന ബന്ദിപ്പൂര്‍, മുതുമലെ, നാഗര്‍ഹോളെ, വയനാട് വന്യജീവി സങ്കേതങ്ങളില്‍ നിന്നുള്ള ആനകള്‍ പലഭാഗത്തും നാട്ടിലിറങ്ങുന്നുണ്ട്. വ്യാപക കൃഷിനാശവും പതിവാണ്. ഈ സാഹചര്യത്തിലാണ് യോഗം ചേര്‍ന്നത്. മൂന്ന് സംസ്ഥാനങ്ങള്‍ക്കും ബാധകമായ നയരൂപീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി. ബേലൂര്‍ മഖ്നയുണ്ടാക്കിയ പ്രശ്നങ്ങള്‍ക്ക് പിന്നാലെയാണ് യോഗം ചേരാന്‍ തീരുമാനം ഉണ്ടായത്.
അതേസമയം, വന്യമൃഗശല്യം തടയുന്നതിന് കേന്ദ്ര സഹായം കിട്ടുന്നില്ലെന്ന് കര്‍ണാടക വനം മന്ത്രി ഈശ്വര്‍ ഖണ്ഡ്രെ ആരോപിച്ചു. റെയില്‍ ഫെന്‍സിങിന് കേന്ദ്ര സഹായം കിട്ടുന്നില്ലെന്നും പിന്നെ എങ്ങനെ കാട്ടാനകള്‍ നാട്ടിലിറങ്ങുന്നത് തടയാന്‍ കഴിയുമെന്നും ഈശ്വര്‍ ഖണ്ഡ്രെ ചോദിച്ചു.
Key words: Wild animal attack, Kerala, Karnataka, Agreement
COMMENTS