ന്യൂഡല്‍ഹി: ദേശീയ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷനേതാക്കളെ ലക്ഷ്യമിട്ട് കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന വേട്ടയേയും അതിനു പിന്നിലെ ബിജെപ...
ന്യൂഡല്‍ഹി: ദേശീയ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷനേതാക്കളെ ലക്ഷ്യമിട്ട് കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന വേട്ടയേയും അതിനു പിന്നിലെ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെയും കടന്നാക്രമിക്കുന്ന തീപ്പൊരി പ്രസംഗവുമായി സുനിത കെജ്രിവാള്. മദ്യനയ അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത ഇന്ത്യാ ബ്ലോക്കിന്റെ മെഗാ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. രാഷ്ട്രീയ യുദ്ധക്കളത്തിലേക്കുള്ള പ്രവേശനമായിരുന്നു സുനിത ഇന്ന് നടത്തിയത്.
രാഹുല്‍ ഗാന്ധി, ഉദ്ധവ് താക്കറെ, മെഹബൂബ മുഫ്തി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അഖിലേഷ് യാദവ് എന്നിവരുള്‍പ്പെടെ പ്രതിപക്ഷ ഇന്ത്യാ സഖ്യത്തിന്റെ പ്രധാന നേതാക്കള്‍ പങ്കെടുത്ത ഡല്‍ഹി രാംലീല മൈതാനിയില്‍ നടന്ന റാലിയില്‍ സുനിത കെജ്രിവാള് ജയിലില്‍ കഴിയുന്ന ഭര്‍ത്താവ് അയച്ച സന്ദേശവും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും വായിച്ചു.
ഇന്ത്യയിലെ ജനങ്ങള്‍ അരവിന്ദ് കെജ്രിവാളിനൊപ്പം നില്‍ക്കുന്നുവെന്നും അദ്ദേഹത്തെ എന്നെന്നേക്കുമായി ജയിലില്‍ അടയ്ക്കാന്‍ കഴിയില്ലെന്നും നൂറുകണക്കിന് ആം ആദ്മി പാര്‍ട്ടി അനുഭാവികള്‍ക്ക് മുന്നില്‍ തന്റെ ആദ്യത്തെ പ്രധാന രാഷ്ട്രീയ പ്രസംഗത്തില്‍ സുനിത കെജ്രിവാള് വ്യക്തമാക്കി.
'നിങ്ങളുടെ സ്വന്തം അരവിന്ദ് കെജ്രിവാള് നിങ്ങള്‍ക്ക് ജയിലില്‍ നിന്ന് ഒരു സന്ദേശം അയച്ചിട്ടുണ്ട്. ഈ സന്ദേശം വായിക്കുന്നതിന് മുമ്പ്, ഞാന്‍ നിങ്ങളോട് ഒരു കാര്യം ചോദിക്കാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്റെ ഭര്‍ത്താവിനെ ജയിലിലടച്ചു, പ്രധാനമന്ത്രി ചെയ്തത് ശരിയായോ? കെജ്രിവാള് ജി ഒരു യഥാര്‍ത്ഥ ദേശസ്നേഹിയും സത്യസന്ധനുമാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? കെജ്രിവാള് ജി ജയിലിലാണ്, അദ്ദേഹം രാജിവയ്ക്കണം എന്നാണ് ഈ ബിജെപിക്കാര്‍ പറയുന്നത്. അദ്ദേഹം രാജിവെക്കണോ? നിങ്ങളുടെ കെജ്രിവാള് ഒരു സിംഹമാണ്, അദ്ദേഹത്തെ അധികകാലം ജയിലില്‍ അടയ്ക്കാന്‍ അവര്‍ക്ക് കഴിയില്ല...' സുനിത കെജ്രിവാള് സമ്മേളനത്തില്‍ പറഞ്ഞു.
ജയിലില്‍ നിന്ന് അരവിന്ദ് കെജ്രിവാളിന്റെ സന്ദേശം വായിച്ചുകൊണ്ട് സുനിത കെജ്രിവാള് പറഞ്ഞു, 'എന്റെ പ്രിയപ്പെട്ട ഇന്ത്യക്കാരേ, നിങ്ങളുടെ മകന്റെയും ജയിലില്‍ നിന്നുള്ള നിങ്ങളുടെ സഹോദരന്റെയും ആശംസകള്‍ സ്വീകരിക്കുക. ഞാന്‍ നിങ്ങളോട് വോട്ട് ചോദിക്കുന്നില്ല. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ജയിക്കണോ തോല്ക്കണോ എന്നൊന്നും ഞാന്‍ ചര്‍ച്ച ചെയ്യുന്നില്ല. ഈ രാജ്യത്തെ 1.4 ബില്യണ്‍ ജനങ്ങളെയും മഹത്തായ ഇന്ത്യ കെട്ടിപ്പടുക്കാന്‍ ഞാന്‍ ക്ഷണിക്കുന്നു. ദൈവം ഇന്ത്യക്ക് എല്ലാം സമ്മാനിച്ചിരിക്കുന്നു. എന്നിട്ടും എന്തുകൊണ്ടാണ് നമ്മള് പിന്നോക്കം നില്‍ക്കുന്നത്? എന്തുകൊണ്ടാണ് നമ്മള് നിരക്ഷരരായത്? ഞാന്‍ ഇവിടെ ജയിലിലാണ്, എനിക്ക് ചിന്തിക്കാന്‍ ധാരാളം സമയമുണ്ട്. ഭാരതമാതാവ് വളരെ ദുഃഖിതയാണ്. ഭാരതമാതാവ് വേദനയിലാണ്, അവള് വേദനയോടെ നിലവിളിക്കുന്നു,'' ഡല്‍ഹി മുഖ്യമന്ത്രിയുടെ സന്ദേശം വായിച്ചുകൊണ്ട് സുനിത കെജ്രിവാള് പറഞ്ഞു.
മാത്രമല്ല, ജയിലില്‍ കഴിയുന്ന അരവിന്ദ് കെജ്രിവാളിന്റെ ആറ് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും റാലിയില്‍ സുനിത വായിച്ചു.
1. എല്ലാദിവസും തസ്സമില്ലാത്ത വൈദ്യുതി ഉറപ്പാക്കും
2. ഇന്ത്യയിലുടനീളമുള്ള പാവപ്പെട്ടവര്‍ക്ക് സൗജന്യ വൈദ്യുതി.
3. അധികാരത്തില്‍ വന്നാല്‍, ഇന്ത്യാ ബ്ലോക്ക് എല്ലാ പ്രദേശങ്ങളിലും സര്‍ക്കാര്‍ സ്കൂളുകള്‍ നിര്‍മ്മിക്കുകയും പാവപ്പെട്ടവര്‍ക്കും സമ്പന്നര്‍ക്കും ഒരുപോലെ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുകയും ചെയ്യും.
4. എല്ലാ ഗ്രാമങ്ങളിലും പ്രദേശങ്ങളിലും മൊഹല്ല ക്ലിനിക്കുകളും ഓരോ വ്യക്തിക്കും ശരിയായതും സൗജന്യവുമായ ചികിത്സ നല്‍കുന്നതിന് മള്‍ട്ടി-സ്പെഷ്യാലിറ്റി ആശുപത്രികളും നിര്‍മ്മിക്കും.
5. സ്വാമിനാഥന് റിപ്പോര്‍ട്ട് അനുസരിച്ച് കര്‍ഷകര്‍ക്ക് എംഎസ്പി നല്‍കും.
6. ഡല്‍ഹിക്ക് സംസ്ഥാന പദവി നല്‍കും. - ഇവയായിരുന്നു കെജ്രിവാളിന്റെ ഉറപ്പുകള്‍.
Key words: Sunita Kejriwal, AAP, Delhi Maha Rally
COMMENTS