വാഷിംഗ്ടണ്‍: രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ 'നമ്മുടെ രാജ്യത്തിന്റെ രക്തത്തില്‍ വിഷം കലര്‍ത്തുകയാണെന്ന' വിവാദ പ്രസ്താവന ആവര്‍ത്തിച്ച...
വാഷിംഗ്ടണ്‍: രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ 'നമ്മുടെ രാജ്യത്തിന്റെ രക്തത്തില്‍ വിഷം കലര്‍ത്തുകയാണെന്ന' വിവാദ പ്രസ്താവന ആവര്‍ത്തിച്ച് മുന്‍ അമേരിക്കന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ മുന്‍നിരക്കാരനുമായ ഡൊണാള്‍ഡ് ട്രംപ്.
ന്യൂ ഹാംഷെയറില്‍ നടന്ന പ്രചാരണ പരിപാടിക്കിടെയാണ് അനധികൃതമായി യുഎസ് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്ന റെക്കോഡ് കുടിയേറ്റക്കാര്‍ക്കെതിരെ ട്രംപ് പ്രതികരിച്ചത്. രണ്ടാം ഭരണത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ അനധികൃത കുടിയേറ്റം തടയുമെന്നും നിയമപരമായ കുടിയേറ്റം നിയന്ത്രിക്കുമെന്നും ട്രംപ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
'അവര്‍ നമ്മുടെ രാജ്യത്തിന്റെ രക്തത്തില്‍ വിഷം കലര്‍ത്തുകയാണ്,' ആയിരക്കണക്കിന് അനുയായികള്‍ പങ്കെടുത്ത ഡര്‍ഹാം നഗരത്തില്‍ നടന്ന റാലിയില്‍ ട്രംപ് പറഞ്ഞു. തെക്കേ അമേരിക്കയ്ക്ക് പുറമേ ഏഷ്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും യുഎസിലേക്ക് കുടിയേറ്റക്കാര്‍ വരുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. 'ലോകമെമ്പാടും നിന്ന് അവര്‍ നമ്മുടെ രാജ്യത്തേക്ക് ഒഴുകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സെപ്തംബര്‍ അവസാനം പ്രസിദ്ധീകരിച്ച വലതുപക്ഷ ചായ്വുള്ള വെബ്സൈറ്റായ ദി നാഷണല്‍ പള്‍സിന് നല്‍കിയ അഭിമുഖത്തിലും ട്രംപ് ഇതേ പരാമര്‍ശം നടത്തിയിരുന്നു. ഇത് ആന്റി ഡിഫമേഷന്‍ ലീഗില്‍ നിന്ന് ഒരു ശാസനയ്ക്ക് കാരണമായി. ലീഗ് നേതാവ് ജോനാഥന്‍ ഗ്രീന്‍ബ്ലാറ്റ് ട്രംപിന്റെ ഭാഷയെ 'വംശീയവും വിദ്വേഷവും നിന്ദ്യവും' എന്നാണ് അന്ന് വിമര്‍ശിച്ചത്.
Key words: Trump, America
COMMENTS