The IPL final will be the game of the Malayalees this time as well. The Rajasthan Royals, led by Sanju Samson, have reached the final
അഹമ്മദാബാദ് : ഐ പി എല്‍ ഫൈനല്‍ ഇക്കുറി മലയാളികളുടെ കളി കൂടിയാവും. മലയാളത്തിന്റെ പ്രിയപ്പെട്ട താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് കടമ്പകളെല്ലാം കടന്നു ഫൈനലില്‍ എത്തിയിരിക്കുകയാണ്.
14 വര്‍ഷത്തിനു ശേഷമാണ് രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ ഫൈനലിലെത്തിയിരിക്കുന്നത്. ഐപിഎലിന്റെ ആദ്യ സീസണില്‍ ഷെയിന്‍ വോണ്‍ ആയിരുന്നു ആദ്യം രാജസ്ഥാനെ ഫൈനലിലെത്തിച്ചതും കരുത്തരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ഞെട്ടിച്ച് കിരീടം ചൂടിയതും. 2008 ആവര്‍ത്തിക്കാനാണ് സഞ്ജുവും കൂട്ടരും ഇക്കുറി ഇറങ്ങുക.
2008ലെ ആദ്യ സീസണു ശേഷം ഒരിക്കല്‍ പോലും ഫൈനലെത്താന്‍ രാജസ്ഥാനു കഴിഞ്ഞിട്ടില്ല. സഞ്ജു കഴിഞ്ഞ സീസണിലാണ് റോയല്‍സ് നായകനാവുന്നത്. പരുക്കും താരങ്ങളുടെ കൊഴിഞ്ഞുപോക്കും കഴിഞ്ഞ സീസണില്‍ രാജസ്ഥാന് വലിയ തിരിച്ചടിയായിരുന്നു.കഴിഞ്ഞ തവണ 14 ല്‍ വെറും അഞ്ചു മത്സരം മാത്രമാണ് രാജസ്ഥാനു വിജയിക്കാനായത്. പോയിന്റ് പട്ടികയില്‍ ഏഴാമതായാണ് രാജജസ്ഥാന്‍ ഫിനിഷ് ചെയ്തത്. കഴിഞ്ഞ സീസണിലെ തെറ്റ് ഈ സീസണില്‍ മാനേജ്‌മെന്റ് ടീം തിരുത്തി. പരിചയസമ്പന്നരെയും യുവതാരങ്ങളെയും ഒരുപോലെ ടീമിലെത്തിക്കാന്‍ മനേജുമെന്റ് പ്രത്യേകം ശ്രദ്ധിച്ചു. താരലേലത്തില്‍ ഇത്രയും പ്രൊഫഷണലിസം മറ്റൊരു ടീമും കാട്ടിയതുമില്ല.
ആര്‍ അശ്വിന്‍, യുസ് വേന്ദ്ര ചഹല്‍ എന്നിവര്‍ വന്നതോടെ ടീമിന്റെ സ്വഭാവം മാറി. അശ്വിന്‍ സ്പിന്നര്‍ മാത്രമല്ല, പ്രതിസന്ധി ഘട്ടത്തില്‍ വിശ്വസിക്കാവുന്ന ബാറ്റ്‌സ്മാനുമാണ്. അത് ഇക്കുറിയും തെളിയിക്കപ്പെടുകയും ചെയ്തു. ഏഴാം നമ്പറില്‍ നിന്നു മൂന്നാം നമ്പറിലേക്കു വരെ ഉയര്‍ന്ന് അശ്വിന്‍ അത്ഭുതങ്ങളുണ്ടാക്കി. ഒരു ഫിഫ്റ്റി അടക്കം 185 റണ്‍സാണ് ഇക്കുറി അശ്വിന്റെ നേട്ടം. 147 ആണ് അശ്വിന്റെ സ്‌ട്രൈക്ക് റേറ്റ് എന്നതു കൂടി ഓര്‍ക്കുക.
ഫിനിഷര്‍ എന്ന നിലയില്‍ ഹെട്മെയര്‍ പരാജയപ്പെട്ട മത്സരത്തില്‍ 23 പന്തില്‍ 40 റണ്‍സ് എടുത്ത് ചെന്നൈയെ അശ്വിന്‍ അമ്പരപ്പിക്കുന്ന കാഴ്ച ക്രിക്കറ്റ് ലോകം കൗതുകത്തോടെയാണ് കണ്ടിരുന്നത്. അശ്വിന്റെ പോരാട്ടമായിരുന്നു രാജസ്ഥാനെ രണ്ടാം സ്ഥാനത്ത് എത്തിച്ചതും അദ്യ ക്വാളിഫയറില്‍ പരാജയപ്പെട്ടിട്ടും ഫൈനലില്‍ എത്താന്‍ വഴി തുറന്നതും.
Moments we'll never forget. 😍 #RRvRCB pic.twitter.com/yhVLY254vq
— Rajasthan Royals (@rajasthanroyals) May 28, 2022
പവര്‍ പ്ലേയില്‍ മാരക നാശം വിതയ്ക്കുന്ന ട്രെന്റ് ബോള്‍ട്ട്, സ്‌കിഡ്ഡി പിച്ചുകളില്‍ നന്നായി പന്തെറിയുന്ന പ്രസിദ്ധ് കൃഷ്ണ, ആരും ഇതുവരെ കാര്യമായി പരിഗണിക്കാതിരുന്ന ഷിംറോണ്‍ ഹെട്മെയര്‍, ഡെത്ത് ഓവറുകളില്‍ എതിരാളിയെ അമ്പരപ്പിക്കുന്ന ഒബേദ് മക്കോയ് തുടങ്ങിയവരുടെ വരവോടെ രാജസ്ഥാന്റെ സ്വഭാവം തന്നെ മാറി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ പ്രകടനം കണ്ട് സഞ്ജു ടീമിലേക്കു നിര്‍ദ്ദേശിച്ച കുല്‍ദീപ് സെനും ടീമിനു മുതല്‍ക്കൂട്ടായി മാറി.
ജോസ് ബട്ലര്‍, ട്രെന്റ് ബോള്‍ട്ട്, അശ്വിന്‍, ചഹല്‍ തുടങ്ങി പുതുക്കക്കാര്‍ വരെയുള്ള ടീമിനെ ഒരുമിച്ചു നിറുത്തുകയും അവശ്യ ഘട്ടങ്ങളില്‍ ടീമിനെ അനായാസം വിജയപാതയിലേക്കു നയിക്കാനും സഞ്ജുവിനുള്ള മിടുക്കും ഈ ടൂര്‍ണമെന്റ് തെളിയിച്ചു. പല ഘട്ടങ്ങളിലും ക്യാപ്ടന്‍ കൂള്‍ എന്നു വിളിക്കുന്ന എം എസ് ധോണിയെ കവച്ചുവയ്ക്കുന്നതായിരുന്നു സഞ്ജുവിന്റെ ക്യാപ്ടന്‍സിയും.
ടീനേജുകാരനായി രാജസ്ഥാനൊപ്പം കൂടി ക്യാപ്ടനായി വളര്‍ന്നു ടീമിനെ കിരീട നേട്ടത്തിന്റെ അരികിലെത്തിച്ചിരിക്കുന്നു സഞ്ജു. ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തുറക്കാന്‍ മടിക്കുന്നവര്‍ക്കുള്ള ഉത്തരം കൂടിയാവട്ടെ സഞ്ജുവിന്റെ ഐ പി എല്‍ യാത്ര.
COMMENTS