Bhupendra Patel has been elected as the new Chief Minister of Gujarat. He is a close confidante of former Chief Minister Anandi Ben Patel
അഭിനന്ദ്
ന്യൂഡല്‍ഹി: അപ്രതീക്ഷിത നീക്കത്തിലൂടെ, മുതിര്‍ന്ന നേതാവ് ഭൂപേന്ദ്ര പട്ടേലിനെ ഗുജറാത്ത് മുഖ്യമന്ത്രിയായി ബിജെപി നേതൃത്വം നിശ്ചയിച്ചു. മുന്‍ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിന്റെ വിശ്വസ്തനാണ് ഭൂപേന്ദ്ര പട്ടേല്‍.
വിജയ് രൂപാണിയുടെ പിന്‍ഗാമിയായി നിയമസഭാ കക്ഷി നേതാവായി പട്ടേല്‍ തിരഞ്ഞെടുക്കപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നിര്‍ദ്ദേശപ്രകാരമാണ് ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയായി നിശ്ചയിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
പുതിയ മുഖ്യമന്ത്രിയായി ഭൂപേന്ദ്രയുടെ പേര് നിര്‍ദ്ദേശിച്ചത് വിജയ് രൂപാണിയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി വരുന്ന തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടുമെന്നും രൂപാണി പറഞ്ഞു. അടുത്ത വര്‍ഷം ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.
ആനന്ദിബെന്‍ പട്ടേല്‍ മത്സരിച്ചിരുന്ന ഘട്ലോഡിയ സീറ്റില്‍ നിന്നുള്ള എംഎല്‍എ ആണ് ഭൂപേന്ദ്ര പട്ടേല്‍.
ഗുജറാത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാരായ മന്‍സുഖ് മാണ്ഡവ്യ, പര്‍ഷോത്തം രൂപാല, വിവാദ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍, സംസ്ഥാന കൃഷി മന്ത്രി ആര് സി ഫല്ദു എന്നിവരുടെ പേരുകളാണ് ഇന്നു രാവിലെ വരെയും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കു പറഞ്ഞുകേട്ടിരുന്നത്.
അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെയും അഹമ്മദാബാദ് നഗര വികസന അതോറിറ്റിയുടെയും ഭാഗമായിരുന്നു പട്ടേല്‍.
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് 15 മാസം മുമ്പാണ് വിജയ് രൂപാണിയെ മാറ്റി ബിജെപി പുതിയ മുഖ്യമന്ത്രിയെ പരീക്ഷിക്കുന്നത്ത. കോവിഡ് രണ്ടാം തരംഗം കൈകാര്യം ചെയ്തതിലെ പിഴവും പാര്‍ട്ടിക്കുള്ളിലെയും സര്‍ക്കാരിലെയും പടലപ്പിണക്കങ്ങളും വിജയ് രൂപാണിയുടെ കസേര തെറിക്കാന്‍ കാരണമായി.
ഭൂപേന്ദ്ര പട്ടേലിനെ ഭരണത്തിന്റെ ചുക്കാന്‍ ഏല്പിക്കുന്നതും വ്യക്തമായ ലക്ഷ്യത്തോടെയാണ്. സംസ്ഥാന രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തികളിലൊന്നാണ് പട്ടിദാര്‍ സമുദായം. അവര്‍ ബിജെപിയോട് ഇടഞ്ഞുനില്‍ക്കുകയാണ്. അവരെ അനുനയിപ്പിക്കാന്‍ കൂടിയാണ് ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയായി പ്രതിഷ്ഠിക്കുന്നത്.
Summary: Bhupendra Patel has been elected as the new Chief Minister of Gujarat. He is a close confidante of former Chief Minister Anandi Ben Patel.
COMMENTS