Union Minister Narayan Rane has been arrested by the Maharashtra Police for remarks against Maharashtra Chief Minister Uddhav Thackeray
മുംബയ്: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറയെ മുഖത്തടിക്കുമെന്നു പ്രസംഗിച്ചതിന് കേന്ദ്രമന്ത്രി നാരായണ്‍ റാണെയെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റുചെയ്തു.
മഹാരാഷ്ട്ര ഭരിക്കുന്ന ശിവസേനയും കേന്ദ്രം ഭരിക്കുന്ന ബിജെപിയും തമ്മിലുള്ള വടംവലിയുടെ പുതിയ ചിത്രമാണ് കേന്ദ്രമന്ത്രിയുടെ അറസ്റ്റിലൂടെ പുറത്തുവന്നിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്ത് പലേടത്തും ബിജെപി-ശിവസേന സംഘര്‍ഷം ഉടലെടുത്തിരിക്കുകയാണ്.
രത്നഗിരിയിലെ സംഗമേശ്വര്‍ പൊലീസാണ് നാരായണ്‍ റാണെയെ അറസ്റ്റ് ചെയ്തത്. റാണയെ കോടതിയില്‍ ഹാജരാക്കാനാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ പൊലീസിനു നിര്‍ദ്ദേശം കൊടുത്തിരിക്കുന്നത്. ജാമ്യത്തിന് റാണെയും അഭിഭാഷകരും ശ്രമിക്കുന്നുണ്ട്.
ഓഗസ്റ്റ് 15ന് സംസ്ഥാനത്തെ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെ, രാജ്യത്തിനു സ്വാതന്ത്ര്യം കിട്ടിയ വര്‍ഷത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉദ്ധവ് പിന്നിലേക്ക് നോക്കിയിരുന്നു. ഇതിനു പ്രതികരണമെന്ന നിലയാലാണ്, താന്‍ അപ്പോള്‍ അടുത്തുണ്ടായിരുന്നുവെങ്കില്‍ ഉദ്ധവിന്റെ കരണത്ത് ഒന്നു കൊടുക്കുമായിരുന്നുവെന്നു റാണ പറഞ്ഞത്. തിങ്കളാഴ്ച റായ്ഗഡ് ജില്ലയില്‍ നടന്ന ജന്‍ ആശീര്‍വാദ് യാത്രയ്ക്കിടെ ആയിരുന്നു റാണെ ഇപ്രകാരം പ്രസംഗിച്ചത്.
ജൂലായിലാണ് നരേന്ദ്ര മോദിയുടെ മന്ത്രിസഭയില്‍ മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മന്ത്രിയായി ബിജെപി നേതാവുകൂടിയായ റാണെ ചുമതലയേറ്റത്. 20 വര്‍ഷത്തിനിടെ അറസ്റ്റിലാകുന്ന ആദ്യ കേന്ദ്രമന്ത്രിയാണ്.
രത്നഗിരി കോടതിയില്‍ റാണെ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതോടെ, അറസ്റ്റ് സാദ്ധ്യത മുന്നില്‍ക്കണ്ട്, അടിയന്തരമായി വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയുമായി റാണെ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജി ഹൈക്കോടതിയും തള്ളിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ഉച്ച ഭക്ഷണം കഴിക്കുന്നതിനിടെ മന്ത്രിയെ അറസ്റ്റ് ചെയ്തത്.
റാണെയ്ക്കെതിരെ പുണെ, നാസിക്, റായ്ഗഡിലെ മഹാദ് എന്നിവിടങ്ങളില്‍ പോലീസ് കേസെടുത്തിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
Summary: Union Minister Narayan Rane has been arrested by the Maharashtra Police for remarks against Maharashtra Chief Minister Uddhav Thackeray. BJP-Shiv Sena clashes have erupted in many parts of the state following the incident.
COMMENTS