Terrorists killed in US drone strike in Afghanistan near Kabul airport
കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ കാബൂളിലെ ഹമീദ് കര്‍സായി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ആക്രമണം നടത്തുന്നതിനായി സ്ഫോടക വസ്തുക്കള്‍ നിറച്ച കാറുമായി വന്ന ഭീകരരെ അമേരിക്ക ആളില്ലാ വിമാനത്തില്‍ നിന്നു നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ വധിച്ചു.
അഫ്ഗാനു പുറത്തുനിന്നെത്തിയ ആളില്ലാ വിമാനമാണ് ആക്രമണം നടത്തിയതെന്ന് പെന്റഗണ്‍ വക്താവ് അറിയിച്ചു. അമേരിക്ക നടത്തിയ ആക്രമണത്തില്‍ ഭീകരര്‍ സഞ്ചരിച്ചിരുന്ന കാര്‍ തകരുകയും ഉഗ്രസ്ഫോടനം ഉണ്ടാവുകയും ചെയ്തതായി താലിബാന് വക്താക്കളും അറിയിച്ചു.
ഇതേസമയം, കാബൂള്‍ വിമാനത്താവളത്തിനു സമീപമുണ്ടായ മറ്റൊരു റോക്കറ്റ് ആക്രമണത്തില്‍ മൂന്നു മരണം സ്ഥിരീകരിച്ചു. മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ട്. ആളില്ലാ വിമാനത്തില്‍ നിന്നു ഭീകരരെ ഉന്നമിട്ട് തൊടുത്ത മറ്റൊരു റോക്കറ്റാണ് ജനവാസ മേഖലയില്‍ പതിച്ചതെന്നാണ് പ്രാഥമിക വിവരം.
വിമാനത്താവളത്തിനു സമീപം ഖാജി ബാഗ്റയിലെ ഗുലൈ പ്രദേശത്തെ ജനവാസ മേഖലയിലാണ് റോക്കറ്റ് പതിച്ചത്. മരിച്ചവരില്‍ ഒരു കുട്ടിയും ഒരു സ്ത്രീയും ഉള്‍പ്പെടുമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
അടുത്ത 36 മണിക്കൂറിനുള്ളില്‍ കാബൂള്‍ വിമാനത്താവളത്തില്‍ വീണ്ടും ഭീകരാക്രമണമുണ്ടാകുമെന്ന് വിശ്വസനീയമായ വിവിരം ലഭിച്ചിട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന് മുന്നറിയിപ്പ് നല്കി മണിക്കൂറുകള്‍ക്കകമാണ് ഭീകരര്‍ക്കു നേരേ അമേരിക്കയുടെ ആക്രമണവും.
'പ്രദേശത്ത് സ്ഥിതി അതീവ അപകടകരമാണ്, വിമാനത്താവളത്തില്‍ ഭീകരാക്രമണ ഭീഷണി നിലനില്ക്കുന്നു. അടുത്ത 36 മണിക്കൂറിനുള്ളില്‍ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഞങ്ങളുടെ കമാന്‍ഡര്‍മാര്‍ എന്നെ അറിയിച്ചു, 'എന്നാണ് ജോ ബൈഡന് പറഞ്ഞുത്.
കാബൂള്‍ വിമാനത്താവളത്തിന്റെ പരിസരത്തുള്ള എല്ലാ അമേരിക്കക്കാരും ഉടന്‍ തന്നെ പ്രദേശം വിട്ടുപോകണമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ആവശ്യപ്പെട്ടിരുന്നു.
കാബൂള്‍ വിമാനത്താവളത്തിലും പരിസരത്തും ഐസിസ്-ഖൊറാസന്‍ ഭീകരര്‍ വ്യാഴാഴ്ച സൃഷ്ടിച്ച സ്ഫോടന പരമ്പരയില്‍ 169 അഫ്ഗാന്‍കാരും 13 യുഎസ് മറീനുകളും കൊല്ലപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം മറ്റൊരു റോക്കറ്റ് ആക്രമണത്തില്‍ കാബൂള്‍ എയര്‍പോര്‍ട്ടിലെ സ്ഫോടന പരമ്പരയിലെ സൂത്രധാരന്മാരായ രണ്ടു ഭീകരരെ അമേരിക്ക വകവരുത്തിയിരുന്നു.
COMMENTS