സിദ്ധാര്‍ത്ഥ് ശ്രീനിവാസ് തിരുവനന്തപുരം : നീണ്ട ആശയക്കുഴപ്പത്തിനും സംസ്ഥാന നേതൃത്വത്തിന്റെ നിരാകരണത്തിനുമൊടുവില് ശോഭാ സുരേന്ദ്രനെ ബിജെപി ദേശ...
സിദ്ധാര്‍ത്ഥ് ശ്രീനിവാസ്
തിരുവനന്തപുരം : നീണ്ട ആശയക്കുഴപ്പത്തിനും സംസ്ഥാന നേതൃത്വത്തിന്റെ നിരാകരണത്തിനുമൊടുവില് ശോഭാ സുരേന്ദ്രനെ ബിജെപി ദേശീയ നേതൃത്വം തിരിച്ചറിഞ്ഞു. കഴക്കൂട്ടം മണ്ഡലത്തില്‍ സംസ്ഥാന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ എതിരിടാന്‍ തയ്യാറാവാന്‍ ശോഭയോടു പാര്‍ട്ടി ദേശീയ നേതൃത്വം നിര്‍ദ്ദേശിച്ചു.
ഇതോടെ, കഴക്കൂട്ടത്ത് അതിശക്തമായ മത്സരത്തിനു കളമൊരുങ്ങുകയാണ്. കേന്ദ്രമന്ത്രി വി മുരളീധരന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തു വന്ന സീറ്റാണ് കഴക്കൂട്ടം. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ബിജെപി ആസ്ഥാനത്തു നിന്ന് ശോഭാ സുരേന്ദ്രന് അറിയിപ്പ് ലഭിച്ചു.
ബിജെപി നേരത്തേ പുറത്തുവിട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ കഴക്കൂട്ടത്തെ സ്ഥാനാര്‍ത്ഥിയുടെ പേര് ഒഴിച്ചിട്ടിരുന്നു. ശോഭയെ തഴയാന്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ സുരേന്ദ്രന് ഉള്‍പ്പെടെ ശ്രമിച്ചുവെന്നും ആരോപണം വന്നിരുന്നു. ശോഭയ്ക്കു വേണ്ടി ഒ രാജഗോപാല്‍ ഉള്‍പ്പെടെയുള്ളവര്‍ പരസ്യമായി രംഗത്തുവരികയും ചെയ്തിരുന്നു.കഴക്കൂട്ടത്ത് തുഷാര്‍ വെള്ളാപ്പള്ളിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം പദ്ധതിയിട്ടിരുന്നു. ഇതു വെട്ടിയാണ് ദേശീയ നേതൃത്വം ശോഭയെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നത്. സുരേന്ദ്രന് സംസ്ഥാന പ്രസിഡന്റായതു മുതല്‍ ശോഭയെ പാര്‍ട്ടിയില്‍ ഒതുക്കുന്നതായി ആരോപണമുണ്ടായിരുന്നു. ശോഭയും ഒരു വര്‍ഷത്തിലേറെയായി പാര്‍ട്ടി പരിപാടികളില്‍ നിന്നു കഴിയുന്നതും വിട്ടുനില്‍ക്കുകയായിരുന്നു.
സംസ്ഥാന നേതൃത്വം തഴഞ്ഞതിനാല്‍ ഇക്കുറി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന തീരുമാനത്തിലായിരുന്നു ശോഭ സുരേന്ദ്രന്. പക്ഷേ, കടകംപള്ളി സുരേന്ദ്രനെതിരേ മത്സരിക്കണമെന്ന പാര്‍ട്ടി നിര്‍ദ്ദേശം അംഗീകരിക്കുകയായിരുന്നു.
വിശ്വാസങ്ങള്‍ക്കെതിരായ പോരാട്ടത്തിനു നേതൃത്വം കൊടുത്ത് വിശ്വാസികളെ വേദനിപ്പിച്ച വ്യക്തിയാണ് കടകംപള്ളി സുരേന്ദ്രനെന്നും അത്തരമൊരാള്ക്കെതിരേ വിശ്വാസികളുടെ താത്പര്യം സംരക്ഷിക്കാനാണ് താന്‍ മത്സരിക്കുന്നതെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു.
1996ല്‍ നായനാര്‍ മന്ത്രിസഭയുടെ കാലത്തു കഴക്കൂട്ടത്തുനിന്നു കടകംപള്ളി വിജയിച്ചിരുന്നു. പിന്നീട് തുടര്ചച്ചയായി രണ്ടുവട്ടം എംഎ വാഹീദാണ് വിജയിച്ചത്. ആദ്യം സ്വതന്ത്രനായും പിന്നീട് കോണ്‍ഗ്രസ് ടിക്കറ്റിലുമാണ് വാഹീദ് ഇവിടെ വിജയിച്ചത്. കഴിഞ്ഞ തവണ വാഹീദിനെ മൂന്നാം സ്ഥാനത്തേയ്ക്കു തള്ളിയായിരുന്നു കടകംപള്ളി ഒന്നാമതും വി മുരളീധരന് രണ്ടാമതുമെത്തിയത്. ശക്തമായ ത്രികോണ മത്സരത്തില്‍ 7,347 വോട്ടിനാണ് കഴിഞ്ഞതവണ കടകംപള്ളി വിജയിച്ചത്.ടെക്കികളും മറ്റു ജില്ലകളില്‍ നിന്നുള്ളവരും ധാരാളം കുടിയേറിയിട്ടുള്ള കഴക്കൂട്ടത്ത് ആഞ്ഞുപിടിച്ചാല്‍ ബിജെപിക്ക് അത്ഭുതം സൃഷ്ടിക്കാനായേക്കും. പരമ്പരാഗത വോട്ടുബാങ്കില്‍ വന്ന മാറ്റം ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തിലായിരുന്നു ശോഭാ സുരേന്ദ്രന് മത്സരിച്ചത്. കോണ്‍ഗ്രസിന്റെ അടൂര്‍ പ്രകാശ് 379469 വോട്ടും സിപിഎമ്മിലെ എ സമ്പത്ത് 340298 വോട്ടും നേടിയപ്പോള്‍ ശോഭ 246502 വോട്ട് പിടിച്ച് എല്ലാവരെയും അമ്പരപ്പിച്ചിരുന്നു. 2014ലെ ലോക് സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയിലെ എസ് ഗിരിജാ കുമാരി 90,528 വോട്ടു മാത്രം നേടിയ സ്ഥാനത്തായിരുന്നു ശോഭ ആറ്റിങ്ങലില്‍ തൊട്ടടതുത്ത തിരഞ്ഞെടുപ്പില്‍ 246502 വോട്ടു നേടി എല്ലാവരെയും അമ്പരപ്പിച്ചത്.
Keywords: Sobha Surendran, BJP, Kadakampalli Surendran, Kazhakkuttam
COMMENTS