തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കാത്തതില്‍ പ്രതി പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് സ്ഥാനം രാജിയ്ക്കുകയും കെപിസിസി...
തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കാത്തതില്‍ പ്രതി പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് സ്ഥാനം രാജിയ്ക്കുകയും കെപിസിസി ആസ്ഥാനത്തുവച്ച് തല മുണ്ഡനം ചെയ്ത് പ്രതിഷേധിക്കുകയും ചെയ്തു.
സ്ത്രീകളെ പാര്‍ട്ടി പരിഗണിക്കാത്തതില്‍ തലമുടിയുടെ ഒരു ഭാഗവും രാജ്യത്തെയും സംസ്ഥാനത്തെയും സ്ത്രീകളെ പരിഗണിക്കാത്ത നയങ്ങള്‍ക്ക് എതിരെ മറ്റൊരു ഭാഗവും മുറിക്കുന്നുവെന്നാണ് ലതിക പറഞ്ഞത്.
കണ്ണീരോടെയായിരുന്നു ലതികയുടെ പ്രതികരണം. ലതികയെ കെട്ടിപ്പിടിച്ചു വനിതാ പ്രവര്‍ത്തകരും കരയുന്നുണ്ടായിരുന്നു.
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിപ്പട്ടിക കേട്ടപ്പോള്‍ വനിതയെന്ന നിലയില്‍ ഏറെ ദുഃഖം തോന്നി. 20 ശതമാനം സീറ്റ് വനിതകള്‍ക്കു നല്‍കണമെന്ന് മഹിളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. അത്രയും കിട്ടിയില്ലെങ്കിലും ഒരു ജില്ലയില്‍നിന്ന് ഒരാളെന്ന നിലയില്‍ 14 വനിതകളെങ്കിലും പട്ടികയിലുണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്നു.
കൈപ്പത്തി അടയാളത്തില്‍ ഏറ്റുമാനൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നു. 24-ാം വയസ്സു മുതല്‍ രമേശ് ചെന്നിത്തലയുടെ പേര് ആവേശത്തോടെ പറയുന്ന ആളാണ് താന്‍. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിയട്ടെ, ഏറ്റുമാനൂര്‍ സീറ്റ് കിട്ടുമോയെന്നു നോക്കാമെന്നാണ് പറഞ്ഞത്. പിന്നീടെന്തു സംഭവിച്ചെന്നറിയില്ല.
പ്രതിഷേധം വ്യക്തിപരമല്ല. കോണ്‍ഗ്രസ് നന്നാവാന്‍ വേണ്ടിയാണ്. സ്ത്രീകളെ പാര്‍ട്ടി അംഗീകരിക്കണം. താന്‍ വേറെ പാര്‍ട്ടിയില്‍ പോകുകയില്ലെന്നും അവര്‍ പറഞ്ഞു.
16 വയസ്സു മുതല്‍ ഈ പാര്‍ട്ടിക്കൊപ്പം നില്ക്കുന്നു. ഇന്ന് എംഎല്‍എമാരായിരിക്കുന്ന പലരേക്കാളും അധികകാലം കോണ്‍ഗ്രസിനെ സേവിച്ചു.
പ്രസ്ഥാനത്തിനു വേണ്ടി പതിറ്റാണ്ടുകളായി പണിയെടുക്കുന്ന വനിതകളുണ്ട്. തിരുവനന്തപുരത്ത് മുതിര്‍ന്ന നേതാവ് കെപിസിസി സെക്രട്ടറി രമണി പി.നായര്‍ ഉള്‍പ്പെടെ തഴയപ്പെട്ടുവെന്നും അവര്‍ പറഞ്ഞു.
സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ പ്രതിഷേധിച്ച് കെപിസിസി സെക്രട്ടറി സ്ഥാനം രമണി പി നായര്‍ രാജിവച്ചിരുന്നു.
എന്നാല്‍, സ്ഥാനാര്‍ത്ഥിയാക്കാത്തതിന്റെ പേരില്‍ ലതിക തല മൊട്ടയടിച്ചു പ്രതിഷേധിച്ചത് ശരിയായ രീതിയല്ലെന്നു ദീപ്തി മേരി വര്‍ഗീസ് പ്രതികരിച്ചു.
ലതിക തല മൊട്ടയടിച്ചതിനു മറ്റെന്തെങ്കിലും കാരണം കാണുമായിരിക്കുമെന്നും സ്ഥാനാര്‍ത്ഥിയാക്കാത്തതിന് ആരെങ്കിലും ഇങ്ങനെ ചെയ്യുമോ എന്നുമായിരുന്നു കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം.
Keywords: Lathika Subhash, Congress Party, Ettumanoor, Election
COMMENTS