തിരുവനന്തപുരം: കേരളത്തില്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്ന കോവിഡ്-19 വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ആരോഗ്യ വകുപ...
തിരുവനന്തപുരം: കേരളത്തില്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്ന കോവിഡ്-19 വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്‌സിനേഷന്‍ പൂര്‍ത്തിയായാല്‍ കോവിഡ് മുന്നണി പോരാളികളായ വിവിധ സേനാംഗങ്ങള്‍, പൊലീസുകാര്‍, കോവിഡുമായി സഹകരിച്ച റവന്യൂ വകുപ്പ് ജീവനക്കാര്‍, മുനിസിപ്പല്‍ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ക്ക് വാക്സിന്‍ നല്‍കും.
ആദ്യദിനത്തില്‍ 8062 ആരോഗ്യ പ്രവര്‍ത്തകരാണ് കോവിഡ് വാക്സിനേഷന്‍ സ്വീകരിച്ചത്. ആര്‍ക്കും പാര്‍ശ്വഫലങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആശങ്കകള്‍ ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍, മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍, ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ വാക്സിന്‍ എടുത്തിരുന്നു.
തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി നാലു ദിവസങ്ങളിലാണ് കോവിഡ് വാക്സിന്‍ കുത്തിവയ്പ്പ് എടുക്കുന്നത്. ബുധനാഴ്ച കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് ദിവസമായതിനാല്‍ തടസ്സം വരാതെ നോക്കാനാണ് ആ ദിവസം ഒഴിവാക്കിയത്.
100 പേരെ വച്ച് വരും ദിവസങ്ങളിലും 133 കേന്ദ്രങ്ങളില്‍ വാക്സിനേഷന്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ചില ചെറിയ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവരുടെ വാക്സിനേഷന്‍ പൂര്‍ത്തിയായി. ജില്ലകളുടെ മേല്‍നോട്ടത്തില്‍ പുതിയ കേന്ദ്രങ്ങള്‍ ആരംഭിക്കും.
തിങ്കളാഴ്ച മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ചൊവ്വാഴ്ച മുതല്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കും. പുല്ലുവിള പ്രാഥമികാരോഗ്യ കേന്ദ്രത്തിലും അഞ്ചുതെങ്ങ് സാമൂഹികാരോഗ്യ കേന്ദ്രത്തിലും ഉടന്‍ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ തുടങ്ങും. തിരുവനന്തപുരം ജില്ലയില്‍ പൂഴനാട്, മണമ്പൂര്‍, വര്‍ക്കല എന്നിവിടങ്ങളിലെ ആശുപത്രികളില്‍ വാക്സിനേഷന്‍ പൂര്‍ത്തിയായി.
രാവിലെ 9 മണി മുതല്‍ 5 മണിവരെയാണ് വാക്സിനേഷന്‍. രജിസ്റ്റര്‍ ചെയ്ത ആളിന് എവിടെയാണ് വാക്സിന്‍ എടുക്കാന്‍ പോകേണ്ടതെന്ന എസ്.എം.എസ്. ലഭിക്കും. അതനുസരിച്ചാണ് അവര്‍ വാക്സിനേഷന്‍ കേന്ദ്രത്തിലെത്തേണ്ടത്. വാക്സിന്‍ എടുത്താല്‍ 30 മിനിറ്റ് നിര്‍ബന്ധമായും ഒബ്സര്‍വേഷനിലിരിക്കണം.
Keywords: Kerala, Coronavirus, Covid, Vaccination
COMMENTS