കൊച്ചി: വാളയാറില്‍ പ്രായപൂര്‍ത്തിയാവാത്ത സഹോദരിമാര്‍ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ട കേസില്‍ പ്രതികളെ വെറുതെ വിട്ട വിചാരണ നടത്തിയ പോക്...
കൊച്ചി: വാളയാറില്‍ പ്രായപൂര്‍ത്തിയാവാത്ത സഹോദരിമാര്‍ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ട കേസില്‍ പ്രതികളെ വെറുതെ വിട്ട വിചാരണ നടത്തിയ പോക്സോ കോടതി വിധി ഹൈക്കോടതി റദ്ദാക്കി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡനത്തിനു ശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്.
കേസില്‍ പുനര്‍വിചാരണ നടത്തണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. പ്രതികളെ വിചാരണേക്കോടതി വെറുതെ വിട്ടതിനെ തുടര്‍ന്ന് കുട്ടികളുടെ അമ്മയും സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയില്‍ നല്കിയ അപ്പീലിലാണ് ഹൈക്കോടതി വിധി.
പുനരന്വേഷണം വേണമെങ്കില്‍ പരാതിക്കാര്‍ക്ക് വിചാരണക്കോടതിയെ സമീപിക്കാം. സ്പെഷ്യല്‍ ഗവണ്മെന്റ് പ്ലീഡര്‍ നിക്കോളാസ് ജോസഫാണ് പ്രോസിക്യൂഷനു വേണ്ടി ഹാജരായത്.
കേസില്‍ പൊലീസിനും പ്രോസിക്യൂഷനും വിചാരണക്കോടതിക്കും വീഴ്ചയുണ്ടായെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥര്‍ ശാസ്ത്രീയ അന്വേഷണം നടത്തുകയോ ഡിഎന്‍എ അടക്കമുള്ള തെളിവുകള്‍ ശേഖരിക്കുകയോ ചെയ്തില്ല.
പ്രധാനപ്പെട്ട സാക്ഷി മൊഴികളും മജിസ്ടേറ്റിനു മുന്നില്‍ നല്കിയ രഹസ്യമൊഴികളും വിചാരണക്കോടതിയില്‍ എത്തിയിരുന്നില്ല. കേസിലെ പ്രധാന സാക്ഷിയായ ഇളയ പെണ്‍കുട്ടിക്ക് സംരക്ഷണം നല്‍കിയതുമില്ല. പോക്സോ നിയമപ്രകാരം പെണ്‍കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റേണ്ടതായിരുന്നു.
ഇളയകുട്ടി മരിച്ചതോടെ കേസിലെ പ്രധാന സാക്ഷി തന്നെ ഇല്ലാതായി. പ്രോസിക്യൂഷന്റെ ഭാഗത്ത് ഗുരുതര പിഴവുകള്‍
ഉണ്ടായി. അന്വേഷണത്തില്‍ കണ്ടെത്തിയ തെളിവുകളും സാക്ഷികളെയും വേണ്ട വിധം ഹാജരാക്കിയില്ല. സാക്ഷികളെ തിരഞ്ഞെടുക്കുന്നതിലും വിസ്തരിക്കുന്നതിലും പ്രോസിക്യൂഷന് പരാജയപ്പെട്ടു.
പ്രധാന സാക്ഷികളേയും രഹസ്യ മൊഴി രേഖപ്പെടുത്തിയ മജിസ്ട്രേറ്റിനെയും വിസ്തരിച്ചില്ല. പ്രോസിക്യൂഷന് അന്വേഷണ ഉദ്യോഗസ്ഥരുമായും സഹകരിച്ചില്ല. വിസ്താര സമയത്ത് അന്വേഷണ ഉദ്യോഗസ്ഥന്റെ സാന്നിധ്യം കോടതിയില്‍ ഉറപ്പാക്കിയില്ല. കൂറു മാറിയ സാക്ഷികളുടെ എതിര് വിസ്താരം നടത്തിയില്ല.
വിചാരണക്കോടതിയുടെ ഭാഗത്തും ഗുരുതര പിഴവുകള്‍ ഉണ്ടായെന്ന് സര്‍ക്കാര്‍ ആരോപിച്ചു. പ്രോസിക്യൂഷന്റെ ഭാഗത്ത് വീഴ്ച ഉണ്ടായപ്പോള്‍ കോടതി ഇടപെട്ടില്ല. കോടതി ഉത്തരവാദിത്തം നിര്‍വഹിച്ചില്ല. തെളിവെടുപ്പിനിടെ അനാവശ്യ നിരീക്ഷണങ്ങള്‍ നടത്തി. വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ വിധിന്യായത്തില്‍ വന്നെന്നും നീതിനിര്‍വഹണത്തില്‍ കാര്യക്ഷമമായി ഇടപെട്ടിരുന്നെങ്കില്‍ കേസിന്റെ വിധി ഇങ്ങനെ ആവുമായിരുന്നില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
ഇതേസമയം, സിപിഎം പ്രവര്‍ത്തകരായ പ്രതികളെ രക്ഷിക്കാന്‍ പൊലീസ് ബോധപൂര്‍വം ശ്രമിച്ചതിനാലാണ് കേസ് അട്ടിമറിക്കപ്പെട്ടതെന്നാണ് പൊതുവേയുള്ള ആക്ഷേപം.
Keywords: Valayar Case, Murder, Crime, High Court
COMMENTS