ജാവേദ് റഹ്മാന്‍ കോഴിക്കോട് : യാത്രക്കാരായ 190 പേരുടെയും പരിസരവാസികളുടെയും ജീവനെടുക്കാമായിരുന്ന വലിയൊരു ദുരന്തത്തെ ഇത്രയെങ്കിലും ചുരുക്കാനായത...
ജാവേദ് റഹ്മാന്‍
കോഴിക്കോട് : യാത്രക്കാരായ 190 പേരുടെയും പരിസരവാസികളുടെയും ജീവനെടുക്കാമായിരുന്ന വലിയൊരു ദുരന്തത്തെ ഇത്രയെങ്കിലും ചുരുക്കാനായത് ദീപക് വസന്ത് സാഠെ എന്ന പരിചയ സമ്പന്നായ പൈലറ്റിന്റെ ജീവത്യാഗം ഒന്നുകൊണ്ടു മാത്രമാണ്.
2010 മേയ് 22ന് മംഗളൂരു വിമാനത്താവളത്തില്‍ സമാനമായ അപകടത്തില്‍ വിമാനം കത്തിയമര്‍ന്ന് 158 പേരാണ് മരിച്ചത്. മംഗളൂരു ബജ്‌പെ വിമാനത്താവളവും കരിപ്പൂരും റണ്‍വേയുടെ സ്വഭാവംകൊണ്ട് സമാനമാണ്.
മലയുടെ മുകള്‍ വശം ചെത്തിയൊരുക്കുന്ന റണ്‍വേ (ടേബിള്‍ ടോപ് റണ്‍വേ)യാണ് മംഗളൂരുവിലും ദുരന്തമുണ്ടാക്കിയത്. അവിടെ ഇറങ്ങിയ വിമാനം നിയന്ത്രിച്ചു നിര്‍ത്താനാവാതെ വന്നതോടെ പൈലറ്റ് വീണ്ടും ഉയര്‍ത്താന്‍ നോക്കി. ഇതോടെയാണ് വിമാനത്തിനു തീപിടിച്ചു വന്‍ ദുരന്തമുണ്ടാക്കിയത്. ടേബിള്‍ ടോപ് എയര്‍ പോര്‍ട്ടുകളില്‍ ഏറ്റവും പരിചയസമ്പന്നരും മിടുക്കരുമായ പൈലറ്റുമാരെ മാത്രമേ നിയോഗിക്കാറുള്ളൂ.
പക്ഷേ, പരിചയസമ്പന്നനായ ദീപക് വസന്ത് സാഠെ വിമാനം വീണ്ടും ഉയര്‍ത്താന്‍ ശ്രമിച്ചില്ലെന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്. ലാന്‍ഡ് ചെയ്യുന്നതോടെ വിമാന എന്‍ജിന്‍ റിവേഴ്‌സ് ത്രസ്റ്റിലേക്കു പോകും. പിന്നെ വിമാനത്തെ പെട്ടെന്ന് ഉയര്‍ത്താന്‍ ശ്രമിച്ചാല്‍ അപകടം ഉറപ്പാണ്. മംഗളൂരുവില്‍ വിമാനം ഇറങ്ങുന്ന വേളയില്‍ ഉറങ്ങിപ്പോയ ക്യാപ്ടന്‍ പെടെന്ന് ഉണര്‍ന്നു ടേക് ഓഫിനു ശ്രമിക്കുകയും വിമാനം പ്രതീക്ഷിച്ചതുപോലെ ഉയാരാതെ സിഗ്‌നല്‍ ലൈറ്റ് തൂണില്‍ ഇടിച്ച് കൊക്കയിലേക്ക് വീണ് കത്തിയമരുകയുമായിരുന്നു.
അപകട വീഡിയോ
നാഷണല്‍ ഡിഫെന്‍സ് അക്കാദമിയിലും എയര്‍ ഫോഴ്‌സിലും സേവനം അനുഷ്ഠിച്ചിട്ടുള്ളതു വഴി കിട്ടിയ പാഠങ്ങള്‍ ദീപക് വസന്ത് സാഠേയ്ക്കു തുണയായെന്നു വേണം കരുതാന്‍. കോഴിക്കോട്ട് എത്രയോ തവണ വിമാനമിറക്കി പരിചയമുള്ള പൈലറ്റാണ് ദീപക് വസന്ത് സാഠെ. മോശം കാലാവസ്ഥയാണ് അദ്ദേഹത്തെ ചതിച്ചത്. വിമാനത്തിനു സാങ്കേതിക തകരാറുണ്ടായിരുന്നോ എന്ന് ഇനി വേണം അറിയാന്‍.അദ്ദേഹം അപകടം നേരത്തേ മണത്തിരുന്നുവെന്നു വേണം കരുതാന്‍. ഒരു തവണ ഇറങ്ങാന്‍ നോക്കി കഴിയാതെ വന്നതോടെ ആകാശത്ത് 20 മിനിറ്റ് വട്ടമിട്ട് ഇന്ധനമെല്ലാം തീര്‍ത്ത ശേഷമാണ് അദ്ദേഹം രണ്ടാം വട്ടം വിമാനമിറക്കിയത്.
ഇന്ധനം തീര്‍ന്നതോടെ വിമാനം ഇറക്കുകയല്ലാതെ വഴിയില്ല. അതോടെ വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയര്‍ തുറക്കാതെ തന്നെ അടിഭാഗം തറയില്‍ തട്ടിച്ചു നിറുത്തുന്ന ബെല്ലി ലാന്‍ഡിംഗിന് പൈലറ്റ് നിര്‍ന്ധിതനായി. കനത്ത മഴ നിമിത്തം കാഴ്ച മറഞ്ഞതിനാല്‍ റണ്‍വേയില്‍ സ്ഥാനം തെറ്റിയാണ് വിമാനം ഇറങ്ങിയത്. റണ്‍വേയില്‍ വിമാനം നില്‍ക്കില്ലെന്നു മനസ്സിലാക്കിയതോടെ പൈലറ്റ് എഞ്ചിന്‍ ഓഫ് ചെയ്തു. ഇതു തീപിടിത്തം ഒഴിവാക്കി.
കനത്ത മഴയുണ്ടായിരുന്നതും അഗ്നിരക്ഷാ സേന യഥാസമയം എത്തി വെള്ളം ചീറ്റിയതും തീപിടിക്കാനുള്ള വിദൂര സാദ്ധ്യതയും ഒഴിവാക്കി.
30 വര്‍ഷത്തെ പരിചയ സമ്പത്താണ് കരിപ്പൂരില്‍ ക്യാപ്റ്റന്‍ സാഠേയ്ക്കു വലിയ ദുരന്തത്തെ ചെറുതാക്കാന്‍ സഹായകമായത്. വ്യോമസേനയില്‍ 12 വര്‍ഷം അദ്ദേഹം പോര്‍ വിമാനം പറത്തി. വ്യാമസേനയിലെ എക്സ്പിരിമെന്റല്‍ ടെസ്റ്റ് പൈലറ്റായിരുന്നു. തുടര്‍ന്ന് വളണ്ടറി റിട്ടയര്‍മെന്റ് എടുത്ത് എയര്‍ ഇന്ത്യയില്‍ ചേര്‍ന്നു. വിശിഷ്ട സേവനത്തിനുള്ള മെഡല്‍ രാഷ്ട്രപതിയില്‍ നിന്ന് വാങ്ങിയ പ്രതിഭാശാലിയായ പൈലറ്റായിരുന്നു അദ്ദേഹം.
നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ നിന്ന് 1980ലാണ് അദ്ദേഹം സേനയിലേക്കു കടന്നത്. എയര്‍ഫോഴ്സ് അക്കാദമിയില്‍ നിന്ന് സ്വേഡ് ഒഫ് ഓണര്‍ ബഹുമതി നേടിയിരുന്നു. എയര്‍ ഇന്ത്യ എയര്‍ബസ് 310ന്റെ പൈലറ്റായ പ്രവര്‍ത്തിച്ച ശേഷമാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് ബോയിംഗ് 737ന്റെ പൈലറ്റായത്. ഭാര്യയ്ക്കും രണ്ട് ആണ്‍മക്കള്‍ക്കുമൊപ്പം മുംബയിലെ പോവൈയിലായിരുന്നു താമസം.
വിമാനം 300 മീറ്റര്‍ കൂടി മുന്നിലേക്കു പോയിരുന്നെങ്കില്‍ ജനവാസ മേഖലയില്‍ പതിച്ചു വന്‍ ദുരന്തമുണ്ടാകുമായിരുന്നു. രാജ്യത്തെ തന്നെ ഏറ്റവും മോശം സുരക്ഷാ നിലയുള്ള വിമാനമത്താവളമാണ് കരിപ്പൂരിലേത്. ഇവിടെ ലാന്‍ഡിങ് സുരക്ഷിതമല്ലെന്ന് ഒരുവര്‍ഷം മുന്‍പുതന്നെ ഡയറക്ടര്‍ ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്‍ കണ്ടെത്തിയിട്ടും വേണ്ടത്ര മുന്‍കരുതല്‍ നടത്തിയില്ല.
റണ്‍വേയ്ക്കു മിനുസം കൂടുതലാണെന്നും മഴക്കാലത്ത് വിമാനമിറങ്ങുമ്പോള്‍ അപകടസാധ്യതയുണ്ടെന്നും ഇതിനു നടപടിയെടുക്കാത്തതിനും എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് അന്ന് ഡയറക്ടര്‍ ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്‍ നല്കിയിരുന്നു. തുടര്‍ന്ന് നടത്തിയ അറ്റകുറ്റപ്പണിയിലും റണ്‍വേയിലെ അധിക റബര്‍ സാന്നിദ്ധ്യം കുറയ്ക്കാനായില്ലെന്നാണ് അറിയുന്നത്. ടേബിള്‍ ടോപ് വിമാനത്താവളങ്ങളില്‍ റണ്‍ വേയ്ക്കു നല്ല ഘര്‍ഷത്തോത് അത്യാവശ്യമാണ്. എങ്കില്‍ മാത്രമേ അത്യാവശ്യ ഘട്ടങ്ങളില്‍ വിമാനം നിയന്ത്രിച്ചു നിറുത്താന്‍ കഴിയൂ.
Summary: Deepak Vasant Sathe, an experienced pilot, was the only one who was able to minimize the catastrophe that could have claimed the lives of 190 passengers and locals. A similar plane crash at Mangalore airport on May 22, 2010 killed 158 people. Mangalore Bajpe Airport and Karipur are similar in nature to the runway.
Keywords: Deepak Vasant Sathe, Pilot,Passengers, Mangalore airport , Bajpe Airport, Karipur, Table Top Runway
COMMENTS