കൊച്ചി : മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള കനത്ത പ്രതിഷേധങ്ങള്‍ക്കു നടുവില്‍, സ്വര്‍ണം കള്ളക്കടത്ത് നടത്തിയ കേസിലെ പ്രതികളായ സ്വപ്ന...
കൊച്ചി : മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള കനത്ത പ്രതിഷേധങ്ങള്‍ക്കു നടുവില്‍, സ്വര്‍ണം കള്ളക്കടത്ത് നടത്തിയ കേസിലെ പ്രതികളായ സ്വപ്നാ സുരേഷിനെയും സന്ദീപ് നായരെയും കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്തെത്തിച്ചു.
മുഖം മറച്ചാണ് പ്രതികളെ ഇരുവരെയും കാറില്‍ കൊച്ചിയിലെത്തിച്ചത്. കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കു നടുവിലാണ് ഇരുവരെയും എത്തിച്ചത്.
പ്രതികളെ കൊണ്ടുവരുന്ന വഴിയിലെമ്പാടും പ്രതിഷേധമായിരുന്നു. എന്‍ ഐ എ യുടെ കൊച്ചി ഓഫീസിലേക്കു തള്ളിക്കയറാന്‍ ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരേ പൊലീസ് ലാത്തി വീശി.
ആലുവ ജില്ലാ ആശുപത്രിയില്‍ പ്രതികളെ രുവരെയും എത്തിച്ചു മെഡിക്കല്‍ പരിശോധന നടത്തിയ ശേഷമാണ് കൊച്ചിയിലേക്ക് കൊണ്ടുവന്നത്.
ഇരുവര്‍ക്കും അവിടെ കൊറോണ വൈറസ് ബാധയുടെ പരിശോധനയും നടത്തിയതായാണ് അറിയുന്നത.് ബംഗളൂരുവില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ പുറപ്പെട്ട സംഘം വളരെ വേഗത്തിലാണ് കൊച്ചിയിലെത്തിയത്.
വാളയാര്‍ ചെക്ക് പോസ്റ്റ് വഴിയാണ് പ്രതികളെ കേരളത്തിലേക്ക് കൊണ്ടുവന്നത്. വടക്കഞ്ചേരിയില്‍ വച്ച് സ്വപ്ന സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് മറ്റൊരു വാഹനത്തിലേക്ക് ഇവരെ മാറ്റി.
വാളയാര്‍ മുതല്‍ കേരള പൊലീസ് എന്‍ഐഎ സംഘത്തിന് അകമ്പടി സേവിച്ചു.
വാളയാര്‍ ചെക്ക് പോസ്റ്റില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫിപറമ്പിലിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരത്തിന് പദ്ധതിയിട്ടിരുന്നു.
പൊലീസ് ഇടപെട്ട് ഇത് ഒഴിവാക്കി. സ്വപ്നയെ അറസ്റ്റ് ചെയ്ത എന്‍ഐഎ സംഘത്തിന് അനുകൂലമായി പ്ലക്കാര്‍ഡുകളും പിടിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്.
COMMENTS