ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയ്ക്കു കരുത്തും അഭിമാനവുമായി അഞ്ചു റഫാല്‍ പോര്‍വിമാനങ്ങള്‍ ഹരിയാനയിലെ അംബാല വ്യോമത്താവളത്തില്‍ പറന്നിറങ്ങി. ...
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയ്ക്കു കരുത്തും അഭിമാനവുമായി അഞ്ചു റഫാല്‍ പോര്‍വിമാനങ്ങള്‍ ഹരിയാനയിലെ അംബാല വ്യോമത്താവളത്തില്‍ പറന്നിറങ്ങി.
3.10നായിരുന്നു വിമാനങ്ങള്‍ ഇന്ത്യന്‍ മണ്ണില്‍ തൊട്ടത്. ഇതുവരെ ഇന്ത്യ സ്വന്തമാക്കിയ പോര്വിമാനങ്ങള്ക്കൊന്നും കിട്ടാത്ത സ്വീകരണമാണ് റഫാലിനു രാജ്യം നല്‍കിയത്.
ഫ്രാന്‍സില്‍ നിന്ന് തിങ്കളാഴ്ച പുറപ്പെട്ട വിമാനങ്ങള്‍ 7,000 കിലോ മീറ്റര്‍ പിന്നിട്ടാണ് ഇന്ത്യയിലെത്തിയത്. അബുദാബിയില്‍ ഒരു ദിനം തങ്ങിയതിനു ശേഷമാണ് ഇന്ത്യയിലേക്കു വിമാനങ്ങള്‍ തിരിച്ചത്.
ഗ്രൂപ്പ് ക്യാപ്റ്റന്‍ ഹര്‍കിരത് സിംഗ് നയിച്ച സംഘമാണ് ഇന്ത്യയിലേക്കു വിമാനങ്ങള്‍ എത്തിച്ചത്. വിമാനങ്ങള്‍ അംബാല താവളത്തിലെത്തിയെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ട്വീറ്റ് ചെയ്തു.
രാജ്യത്തിന്റെ സൈനിക ചരിത്രത്തിലെ നാഴികക്കല്ലാണ് ഈ നിമിഷമെന്ന് രാജ് നാഥ് പറഞ്ഞു. വിമാനങ്ങള്‍ ഇന്ത്യയ്ക്കു വേഗത്തില്‍ ലഭ്യമാക്കുന്നിതിനു മുന്‍കൈയെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോഡിയോട് രാജ്നാഥ് നന്ദി രേഖപ്പെടുത്തി.
ഇന്ത്യയുടെ സമുദ്രാതിര്‍ത്തിയില്‍ കടന്ന വിമാനത്തെ സ്വീകരിച്ച് അകമ്പടിയായി നാവികസേനയുടെ രണ്ട് സുഖോയ് വിമാനങ്ങള്‍ ഒപ്പം പറന്നു.
ഇന്ത്യന്‍ വ്യോമാതിര്‍ത്തി കടന്ന ഉടന്‍ റഫാലിലേക്ക്, സ്വാഗതം റഫാല്‍, പ്രതാപത്തോടെ പറക്കൂ ഇന്ത്യന്‍ ആകാശത്തിലൂടെ എന്ന് ഐഎന്‍എസ് കൊല്‍ക്കത്തയില്‍ നിന്ന് സന്ദേശമെത്തി.
ഡെല്‍റ്റ 63, ഗുഡ് ലക്ക്, ഹാപ്പി ഹണ്ടിംഗ് എന്ന് റഫാലില്‍ നിന്ന് പടക്കപ്പലിലേക്കു തിരിച്ചും സന്ദേശം പറന്നു.
ഫ്രാന്‍സിലെ ദസോ ഏവിയേഷനാണ് വിമാനങ്ങളുടെ നിര്‍മ്മാതാക്കള്‍. മിസൈലുകളും മറ്റ് അനുബന്ധ സംവിധാനങ്ങളും ഒരുക്കി ആഗസ്റ്റ് രണ്ടാം പകുതിയോടെ വിമാനങ്ങള്‍ പൂര്‍ണ സജ്ജമാവും.
പല ദൗത്യങ്ങള്‍ക്കായി ഒറ്റ വിമാനം എന്നതാണ് റഫാലിന്റെ പ്രത്യേകത. മിറാഷ് വിമാനങ്ങളുടേതിലും ഇരട്ടി ആക്രമണ ശേഷിയുള്ളവയുമാണ് ഇന്ത്യയിലെത്തിയ വിമാനങ്ങള്‍.
സംഘര്‍ഷം നിലനില്‍ക്കുന്ന ചൈന അതിര്‍ത്തിയിലായിരിക്കും ഈ വിമാനങ്ങളുടെ ആദ്യ ദൗത്യം. 12 പൈലറ്റുമാര്‍ ഫ്രാന്‍സില്‍ നിന്ന് ഈ വിമാനം പറത്തുന്നതില്‍ പ്രത്യേക പരിശീലനം നേടി.
59,000 കോടി രൂപയ്ക്ക് 36 റഫാല്‍ വിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്. വിമാനത്തില്‍ ഘടിപ്പിക്കാന്‍ പോകുന്ന ആയുധങ്ങളും മിസൈലുകളും സംബന്ധിച്ച് ഇന്ത്യ വ്യക്തമായ വിവരം നല്‍കിയിട്ടില്ല. അതു സൈനിക രഹസ്യമായി തുടരും.
ആകാശത്തും കരയിലുമുള്ള ലക്ഷ്യങ്ങള്‍ ഭേദിക്കാന്‍ പോന്ന മിസൈലുകള്‍ ഈ വിമാനത്തില്‍ ഘടിപ്പിക്കാനാവും. 9.3 ടണ്‍ ആയുധങ്ങള്‍ ഈ വിമാനങ്ങള്‍ക്ക് വഹിക്കാനാകും. 3,700 കിലോ മീറ്ററാണ് ഓപ്പറേഷണല്‍ റേഞ്ച്. മണിക്കൂറില്‍ 2,222 കിലോ മീറ്റര്‍ വേഗത്തില്‍ കുതിക്കാന്‍ ശേഷിയുള്ളവയാണ് റഫാല്‍ വിമാനങ്ങള്‍.
പരമാവധി 18.5 കിലോ മീറ്റര്‍ ഉയരം വരെ താണ്ടാന്‍ റഫാല്‍ പോര് വിമാനങ്ങള്‍ക്കു ശേഷിയുണ്ട്. ഈ വിമാനങ്ങള്‍ പൂര്‍ണമായി പ്രവര്‍ത്തന സജ്ജമാകുന്നതോടെ ഏഷ്യയിലെ ഏറ്റവും മികച്ച വ്യോമസേനയായി ഇന്ത്യന്‍ എയര്‍ ഫോഴ്സ് മാറുകയാണ്.
Summary: Five Rafale fighter jets land at Ambala Air Force Base in Haryana with the strength and pride of the Indian Air Force. The planes touched down on Indian soil at 3.10 p.m. The country has given Rafale a reception that none of the fighter jets India has acquired so far.
Keywords: Rafale fighter jets , Ambala Air Force Base, Haryana , Indian Air Forc, Indian soil, India
COMMENTS