അഭിനന്ദ് ന്യൂഡല്‍ഹി : കൊറോണ വൈറസ് ബാധയില്‍ പ്രേതനഗരമായി മാറിയ വുഹാനില്‍ നിന്ന് സ്വന്തം പൗരന്മാരെയും മാലിയുടെയും പൗരന്മാരെ തിരിച്ചെത്തി...
അഭിനന്ദ്
ന്യൂഡല്‍ഹി : കൊറോണ വൈറസ് ബാധയില്‍ പ്രേതനഗരമായി മാറിയ വുഹാനില്‍ നിന്ന് സ്വന്തം പൗരന്മാരെയും മാലിയുടെയും പൗരന്മാരെ തിരിച്ചെത്തിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അത്യദ്ധ്വാനം ചെയ്യുമ്പോള്‍ സ്വന്തം പൗരന്മാരെ തിരിഞ്ഞുനോക്കാതെ പാകിസ്ഥാന് ഭരണകൂടം.
ഇന്ത്യയെ കണ്ടുപഠിക്കാന്‍ പാക് ജനത തന്നെയാണ് സ്വന്തം പ്രധാനമന്ത്രി ഇമ്രാന് ഖാനോട് പറയുന്നത്. ചൈനയില്‍ നിന്നു പൗരന്മാരെ തിരിച്ചുകൊണ്ടുവന്നാല് സഖ്യരാജ്യമായ ചൈന പിണങ്ങുമെന്ന ഭയമാണ് ഇമ്രാന് ഖാന്.
ചൈനയില്‍ നിന്നു പൗരന്മാരെ വിവിധ രാജ്യങ്ങള്‍ മടക്കിക്കൊണ്ടു പോകുന്നതിനെ ചൈന എതിര്‍ത്തിരുന്നു. രാജ്യത്ത് കുഴപ്പമൊന്നുമില്ലെന്നു വരുത്തിത്തീര്‍ക്കാന്‍ കൂടിയായിരുന്നു ഈ നടപടി. എന്നാല്‍, കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന ഘട്ടം വന്നപ്പോള്‍ ചൈന സമ്മര്‍ദ്ദത്തിനു വഴങ്ങുകയായിരുന്നു. അങ്ങനെയാണ് സ്വന്തം പൗരന്മാരെ ഇന്ത്യ തിരിച്ചുകൊണ്ടുവന്നതും സേനയുടെ നേതൃത്വത്തില്‍ മനേസറില്‍ ക്യാമ്പ് ഒരുക്കി വന്നവരെ നിരീക്ഷിക്കുന്നതും പരിരക്ഷിക്കുന്നതും.
എങ്ങനെയും തങ്ങളെ തിരികെ കൊണ്ടുവരണമെന്നു കേണപേക്ഷിക്കുകയാണ് പാക് പൗരന്മാര്. വേണ്ട ചികിത്സയും പരിചരണവും ചൈനയില്കിട്ടുന്നില്ല. ഒറ്റപ്പെട്ടു പോയ പലര്‍ക്കും ഭക്ഷണവും വെള്ളവും പോലും കിട്ടാത്ത സ്ഥിതിയാണ്. അതിനാലാണ് ചൈനയില്‍ കുടുങ്ങിയവരും അവരുടെ ബന്ധുക്കളും ഇമ്രാന് ഖാനോടു സഹായത്തിന് അഭ്യര്‍ത്ഥിക്കുന്നത്.
സ്വന്തം സര്‍ക്കാരിന്റെ നീചമായ നടപടിക്കെതിരേ പാക് സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. വിദ്യാര്‍ത്ഥികള്‍ രൂക്ഷ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ ഇടുന്നുണ്ട്. പാക് ഭരണകൂടത്തെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്നും ഇന്ത്യക്കാരെ കണ്ട് എന്തെങ്കിലും പഠിക്കൂ എന്നാണ് മിക്ക വീഡിയോകളിലും പറയുന്നത്.
ഇതേസമയം, ചൈനയിലെ വുഹാനില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ വഹിച്ചുകൊണ്ടുള്ള രണ്ടാം വിമാനവും ഡല്‍ഹിയിലെത്തി. 323 ഇന്ത്യക്കാര്‍ക്കൊപ്പം ഏഴ് മാലി പൗരന്മാരെയും ഇന്ത്യ സുരക്ഷിതമായി എത്തിച്ചു.
തങ്ങളുടെ പൗരന്മാരെ രക്ഷിക്കാന്‍ കാണിച്ച സന്മനസ്സിന് മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ് ഇന്ത്യയ്ക്ക് അഭിനന്ദനമറിയിക്കുകയും ചെയ്തു. പ്രധാനമന്ത്രി മോഡിയേയും വിദേശകാര്യ മന്ത്രി ജയ്ശങ്കറിനെയും അദ്ദേഹം അഭിനന്ദിച്ചു.
Keywords: India, China, Coronavirus, Pakistan, Imaran Khan, Maldives
COMMENTS