സ്വന്തം ലേഖകന്‍ കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കര്‍ അപകടത്തില്‍ മരിച്ച സംഭവത്തിന്റെ നിജസ്ഥിതിയറിയാന്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി പ്...
സ്വന്തം ലേഖകന്‍
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കര്‍ അപകടത്തില്‍ മരിച്ച സംഭവത്തിന്റെ നിജസ്ഥിതിയറിയാന്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി പ്രകാശ് തമ്പിയെ ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്കി.
തട്ടിപ്പു കേസില്‍ പ്രതിയായി കാക്കനാട് ജയിലില്‍ കഴിയുകയാണ് പ്രകാശ് തമ്പി. ഇയാളെ ജയിലിലെ സൗകര്യമനുസരിച്ച് ചോദ്യം ചെയ്യാനാണ് എറണാകുളത്തെ, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി അനുമതി നല്‍കിയിരിക്കുന്നത്.രണ്ടുദിവസത്തിനകം പ്രകാശ് തമ്പിയെ അന്വേഷക സംഘം ചോദ്യം ചെയ്യുമെന്നറിയുന്നു. പ്രകാശ് തമ്പിയെ വീണ്ടും ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്ന ക്രൈംബ്രാഞ്ചിന്റെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.
ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഹരികൃഷ്ണന്റെ നേതൃത്വത്തിലായിരിക്കും ചോദ്യം ചെയ്യല്‍. ബാലഭാസ്കറിന്റെ സുഹൃത്തായിരുന്നു തമ്പി. ഇയാള്‍ സ്വര്‍ണകടത്ത് കേസില്‍ റിമാന്‍ഡിലായതോടെയാണ് മരണത്തിന്റെ കാര്യത്തില്‍ സംശയം ബലപ്പെട്ടത്.
അപകടത്തിന് മുമ്പ് ബാലഭാസ്കറും കുടുംബവും ജ്യൂസ് കുടിച്ച കൊല്ലത്തെ കടയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പ്രകാശ് തമ്പി കൊണ്ടുപോയെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയതും സംഭവത്തിനു പിന്നിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.
കട ഉടമയെ ഭീഷണിപ്പെടുത്തുന്നതായും സംശയം ബലപ്പെട്ടിട്ടുണ്ട്. ദൃശ്യങ്ങള്‍ പ്രകാശ് തമ്പി കൊണ്ടുപോയെന്നു സമ്മതിച്ച കട ഉടമ ഇന്നു മലക്കം മറിഞ്ഞിരുന്നു. ദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ചിനാണ് കൊടുത്തതെന്നാണ് ഇയാള്‍ ഇന്നു പറഞ്ഞത്. ഈ മൊഴിമാറ്റത്തിന്റെ കാരണവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
സംഭവത്തിലെ ദുരൂഹതയ്ക്ക് ആക്കം കൂട്ടിക്കൊണ്ട്, പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഡ്രൈവര്‍ അര്ജുന് അസമിലേക്ക് കടന്നിരിക്കുകയാണ്. കൊല്ലത്തുനിന്ന് ജ്യൂസ് കഴിച്ചതിന് ശേഷം ബാലഭാസ്ക്കര്‍ വാഹനമോടിച്ചെന്നായിരുന്നു ഡ്രൈവര്‍ അര്‍ജുന്റെ മൊഴി. എന്നാല്‍ അര്ജുന് തന്നെയാണ് വണ്ടിയോടിച്ചതെന്ന് ബാലഭാസ്ക്കറിന്റെ ഭാര്യ ലക്ഷ്മി ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. ഇതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്ന കാര്യമാണ്.
Keywords: Balabhaskar, Prakash Thamoi, Violinist
COMMENTS