അഭിനന്ദ് ന്യൂഡല്‍ഹി : കേന്ദ്രത്തില്‍ നരേന്ദ്രമോഡിയും സംഘവും അധികാരം നിലനിറുത്തുമെന്നു മിക്കവാറും എല്ലാ അഭിപ്രായ സര്‍വേകളും വ്യക്തമാക...
അഭിനന്ദ്
ന്യൂഡല്‍ഹി : കേന്ദ്രത്തില്‍ നരേന്ദ്രമോഡിയും സംഘവും അധികാരം നിലനിറുത്തുമെന്നു മിക്കവാറും എല്ലാ അഭിപ്രായ സര്‍വേകളും വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ അടുത്ത ക്യാബിനറ്റ് മന്ത്രിമാര്‍ ആരൊക്കെ ആയിരിക്കണമെന്ന ചര്‍ച്ചകള്‍ സജീവമായി.
ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായ്ക്കു പാര്‍ട്ടി പദവി വിട്ടു ഭരണത്തിലേക്കു വരാന്‍ അതിയായ ആഗ്രഹമുണ്ട്. അദ്ദേഹം വന്നാല്‍ ആഭ്യന്തര മന്ത്രി പദത്തില്‍ കുറഞ്ഞൊന്നും മോഡി നല്കുകയുമില്ല. പക്ഷേ, അമിത് ഷാ പാര്‍ട്ടിയുടെ തലപ്പത്തു തന്നെ വേണമെന്നാണ് ആര്‍എസ്എസ് നേതൃത്വത്തിന്റെ ആഗ്രഹം.മോഡി ഭരണനേതൃത്വം അമിത് ഷാ പാര്‍ട്ടി നേതൃത്വവും നന്നായി കൊണ്ടുപോയാല്‍ 2024ലും ഭരണം നിലനിറുത്താനാവുമെന്ന ചിന്തയാണ് ആര്‍എസ്എസിന്. അമിത് ഷായുടെ ചാണക്യതന്ത്രങ്ങളാണ് 19 സംസ്ഥാനങ്ങളില്‍ ബിജെപിയുടെ ഭരണത്തിനു വഴിതുറന്നതെന്നാണ് ആര്‍എസ്എസിന്റെ വിലയിരുത്തല്‍. എതിര്‍സ്വരങ്ങള്‍ ഉയരാതെ പാര്‍ട്ടിയെ അമിത് ഷായോളം മറ്റാരും കൈപ്പിടിയിലൊതുക്കിയിട്ടുമില്ല.
അമിത് ഷായ്ക്കു ഭരണത്തിലേക്കു വരാനാണ് താത്പര്യം. അതിന് മോഡി എതിരുമല്ല. ആ നിലയ്ക്കു അമിത് ഷാ ആഭ്യന്തര മന്ത്രിയാകാന്‍ തന്നെയാണ് സാദ്ധ്യത. ഇപ്പോഴത്തെ ആഭ്യന്തര മന്ത്രി രാജ്നാഥിന് പ്രതിരോധ വകുപ്പു നല്‍കിക്കൊണ്ട്, പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനെ പാര്‍ട്ടി അദ്ധ്യക്ഷയാക്കണമെന്ന ഫോര്‍മുലയാണ് ഉരുത്തിരിഞ്ഞു വരുന്നത്. വനിതയെ പാര്‍ട്ടി അദ്ധ്യക്ഷയാക്കിയെന്ന ഖ്യാതിയും പാര്‍ട്ടിക്കു ലഭിക്കും. മാത്രമല്ല, പ്രതിരോധ മന്ത്രിയെന്ന നിലയില്‍ തന്റെ കഴിവും സാമര്‍ത്ഥ്യവും നിര്‍മല രാജ്യത്തിനു കാട്ടിക്കൊടുക്കുകയും ചെയ്തു. പക്ഷേ, നിര്‍മലയുടെ കാര്യത്തില്‍ ആര്‍എസ്എസ് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
അടുത്ത ധനമന്ത്രിയുടെ കാര്യത്തിലും ചെറിയ സംശയങ്ങള്‍ ബാക്കിയുണ്ട്. ഇപ്പോഴത്തെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നു. കാന്‍സര്‍ ബാധിതനും കടുത്ത പ്രമേഹ രോഗിയുമാണ് ജെയ്റ്റ്ലി. കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിനു വൃക്ക മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് ജെയ്റ്റ്ലി തുടരുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്.തത്കാലം ജെയ്റ്റ്ലി തുടര്‍ന്നുകൊണ്ട് പതുക്കെ പിന്മാറുമെന്നും ശ്രുതിയുണ്ട്. അങ്ങനെ വന്നാല്‍ ഇപ്പോഴത്തെ റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിനു നറുക്കു വീഴാനാണ് സാദ്ധ്യത. നേരത്തേയും ജെയ്റ്റ്ലി ചികിത്സാര്‍ത്ഥം അമേരിക്കയില്‍ ആയിരുന്നപ്പോള്‍ പീയൂഷ് ഗോയലായിരുന്നു ധനമന്ത്രിയുടെ ചുമതല നിര്‍വഹിച്ചത്.
കേരളത്തില്‍ നിന്ന് ഏതെങ്കിലും ബിജെപി അംഗം ജയിച്ചെത്തിയാല്‍ അവര്‍ക്കും മന്ത്രിസഭയില്‍ ഇടം ഉറപ്പാണ്. കുമ്മനമാണ് ജയിക്കുന്നതെങ്കില്‍ കാബിനറ്റ് റാങ്ക് ഉറപ്പ്. സുരേന്ദ്രന്, സുരേഷ് ഗോപി തുടങ്ങി ആരെങ്കിലും ജയിച്ചാല്‍ സഹമന്ത്രി പദം ലഭിച്ചേക്കും.
Keywords: Amit Shah, Nirmala Sitharaman, BJP, RSS, Arun Jaitley, Narendra Modi
COMMENTS