ന്യൂഡല്‍ഹി : റഫാല്‍ കോഴ ഇടപാട് സംബന്ധിച്ച് ദി ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച മൂന്ന് രേഖകള്‍ തെളിവായി സ്വീകരിക്കാന്‍ സുപ്രീം കോടതി ഉത്ത...
ന്യൂഡല്‍ഹി : റഫാല്‍ കോഴ ഇടപാട് സംബന്ധിച്ച് ദി ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച മൂന്ന് രേഖകള്‍ തെളിവായി സ്വീകരിക്കാന്‍ സുപ്രീം കോടതി ഉത്തരവ്. ഇതോടെ ഈ ഇടപാടില്‍ ബിജെപി സര്‍ക്കാര്‍ ഒന്നുകൂടി പ്രതിരോധത്തിലായിരിക്കുകയാണ്.
പുതിയ രേഖകള്‍ സ്വീകരിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ഉത്തരവ്. പ്രശാന്ത് ഭൂക്ഷണാണ് പുതിയ രേഖകള്‍ സമര്‍പ്പിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് സഞ്ജയ് കിഷന് കൗള്‍ , ജസ്റ്റിസ് കെ എം ജോസഫ് എന്നിവരുടെ മൂന്നംഗ ബെഞ്ച് ഏകകണ്ഠമായാണ് വിധി പ്രസ്താവിച്ചത്.
റഫാല്‍ ഇടപാടില്‍ സി ബി ഐ അന്വേഷണം വേണ്ടെന്ന സുപ്രീം കോടതി വിധിക്കെതിരെ മുന്‍ ബിജെപി നേതാക്കളായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, അഭിഭാഷകന് പ്രശാന്ത് ഭൂഷണ്, മനോഹര്‍ ലാല്‍ ശര്‍മ്മ, സഞ്ജയ് സിങ് എന്നിവരാണ് പുനഃപരിശോധന ഹര്‍ജികള്‍ ഫയല്‍ ചെയ്തത്.
പുതിയ രേഖകള്‍ പുനപ്പരിശോധനാ ഹര്‍ജികള്‍ക്കൊപ്പം പരിശോധിക്കും. ഇടപാടുമായി ബന്ധപ്പെട്ട് ദി ഹിന്ദു പ്രസിദ്ധീകരിച്ച മൂന്ന് രേഖകള്‍ കോടതി തെളിവായി പരിഗണിക്കുന്നതോടെ കേന്ദ്ര സര്‍ക്കാര്‍ കടുത്ത പ്രതിരോധത്തിലാവുകയാണ്.
കോടതിയെ മനപൂര്‍വ്വം തെറ്റിധരിപ്പിച്ചുവെന്നു ചൂണ്ടിക്കാട്ടി ഹര്‍ജിക്കാര്‍ പ്രത്യേക അപേക്ഷയും നല്‍കിയിട്ടുണ്ട്. എന്നാല്‍, പുപ്പരിശോധന ഹര്‍ജികളും പ്രത്യേക അപേക്ഷയും ഫയലില്‍ സ്വീകരിക്കാതെ തള്ളണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. ഈ ആവശ്യം കൂടിയാണ് കോടതി നിരാകരിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ കോടതിയെ തെറ്റിധരിപ്പിച്ചുവെന്ന് തെളിയിക്കാന്‍ ദി ഹിന്ദു ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകളും രേഖകളും ഹര്‍ജിക്കാര്‍ സുപ്രീം കോടതിക്കു മുന്നില്‍ വച്ചിട്ടുണ്ട്.
ഈ രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിച്ചവയാണെന്നും അതിനാല്‍ കോടതി പരിഗണിക്കരുതെന്നുമായിരുന്നു കേന്ദ്രത്തിന്റെ വാദം. ഇതു രാജ്യതാത്പര്യത്തിനെതിരാവും എന്നാണ് കേന്ദ്ര നിലപാട്. ഇതു കൂടി പരിഗണിച്ചാണ് പുനപ്പരിശോധനാ ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചത്. എന്നാണ് പുനപ്പരിശോധനാ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നതെന്നു കോടതി പിന്നീട് അറിയിക്കും.
Keywords: Rafale Deal, India, NDA, Supreme Court, France
COMMENTS