മൊഹാലി : ഐപിഎല്‍ ഈ സീസണില്‍ തുടര്‍ച്ചയായ ആറു പരാജയങ്ങള്‍ക്കു ശേഷം വിരാട് കോലിയും കൂട്ടരും ആശ്വാസം കണ്ടെത്തി. കിങ്സ് ഇലവന് പഞ്ചാബിനെ നേ...
മൊഹാലി : ഐപിഎല്‍ ഈ സീസണില്‍ തുടര്‍ച്ചയായ ആറു പരാജയങ്ങള്‍ക്കു ശേഷം വിരാട് കോലിയും കൂട്ടരും ആശ്വാസം കണ്ടെത്തി. കിങ്സ് ഇലവന് പഞ്ചാബിനെ നേരിട്ടാണ് ബാംഗ്ലൂര്‍ ആദ്യജയം നേടിയത്.
ആദ്യം ബാറ്റ് ചെയ്ത കിംഗ്സ് ഇലവന് പഞ്ചാബ് 173 റണ്‍സെടുത്തു. ബാംഗ്ലൂരിനു വേണ്ടി ക്യാപ്റ്റന്‍ കോലിയും എ ബി ഡി വില്ലിയേഴ്സും ചേര്‍ന്നാണ് വിജയം നെയ്തത്. ഓപ്പണിംഗ് വിക്കറ്റില്‍ പാര്‍ഥിവ് പട്ടേലുമായി ചേര്‍ന്ന് കോലി 43 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഒന്‍പതു പന്തില്‍ നിന്ന് 19 റണ്‍സ് കണ്ടെത്തിയ പട്ടേല്‍ അശ്വിന്റെ ബോളില്‍ പുറത്തായി.
തുടര്‍ന്നാണ് ഡിവില്ലിയേഴ്സും ക്യാപ്റ്റന്‍ കോലിയും ഒത്തുചേര്‍ന്നത്. ഇരു ഇരുവരും രണ്ടാം വിക്കറ്റില്‍ 85 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 53 പന്തില്‍ എട്ടു ബൗണ്ടറികളോടെ 63 റണ്‍സാണ് കോലി നേടിയത്. എന്നാല്‍ കേവലം 38 പന്തില്‍നിന്ന് രണ്ടു സിക്സറുകളുടെയും അഞ്ചു ബൗണ്ടറികളുടെയും അകമ്പടിയോടെ 59 റണ്‍സെടുത്ത് കളിയുടെ ഗതി തിരിച്ചത് ഡി വില്ലിയേഴ്സ് ആയിരുന്നു. കളിയിലെ കേമനും ഡി വില്ലി തന്നെ. നാല് ബൗണ്ടറി ഉള്‍പ്പെടെ 28 റണ്‍സ് എടുത്ത മാര്‍ക്ക് സ്റ്റോയിനിസ് വിജയം ഉറപ്പാക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചു.
ആദ്യം ബാറ്റ് ചെയ്തപഞ്ചാബിനു വേണ്ടി മികച്ച സ്കോര്‍ ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ക്രിസ് ഗെയില്‍ ആയിരുന്നു. കളി അവസാനിക്കുമ്പോള്‍ കേവലം ഒരു റണ്‍സ് അകലെ സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ ഗെയിലിനു കഴിയാതെ പോവുകയും ചെയ്തു. 64 പന്ത് നേരിട്ട ഗെയില്‍ 10 ബൗണ്ടറികളുടെയും 5 സിക്സറുകളുടെയും അകമ്പടിയിലാണ് 99 റണ്‍സ് എടുത്തത്. പുറത്താകാതെ നിന്ന ഗെയിലിനു പക്ഷേ, എല്ലായ്പ്പോഴും ഒരുപോലെ കത്തിക്കയറാനായില്ല.
ഓപ്പണിംഗ് വിക്കറ്റില്‍ ലോകേഷ് രാഹുലുമായി ചേര്‍ന്ന് ഗംഭീര തുടക്കമാണ് ഗെയില്‍ നല്‍കിയത്. ഇരുവരും ചേര്‍ന്ന് 66 റണ്‍സിന് കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. സ്പിന്നര്‍മാര്‍ വന്നതോടെ ഗെയിലിനു താളം കണ്ടെത്താന്‍ കഴിയാതെ വന്നു. മായങ്ക് അഗര്‍വാള്‍-15, സര്‍ഫ്രാസ് ഖാന് -15, എന്നിവര്‍ക്ക് പഞ്ചാബിന് വേണ്ടി കാര്യമായി ഒന്നും ചെയ്യാന്‍ കഴിയാതെ പോയി.
അവസാന ലാപ്പില്‍ 16 പന്തില്‍ 18 റണ്‍സെടുത്ത മന്ദീപ് സിംഗ് ഗെയിലിന് പിന്തുണ നല്‍കിയെങ്കിലും സ്കോര്‍ കുറച്ചുകൂടി ഉയര്‍ത്താന്‍ ഇരുവര്‍ക്കും കഴിയാതെപോയി. ഇതുതന്നെയാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ആദ്യത്തെ ആശ്വാസജയം കണ്ടെത്താന്‍ സഹായകമായതും.
Keywords: IPL, RCB, Punchab, Virat Kohli
COMMENTS