റോയ് പി തോമസ് കൊച്ചി: എറണാകുളം ലോക്സഭാ സീറ്റില്‍ ഇക്കുറി കെവി തോമസ് ഉണ്ടാകില്ലെന്നു പാര്‍ട്ടിയിലെ ഉന്നതര്‍ക്കെല്ലാം നേരത്തേ തന്നെ ബോ...
റോയ് പി തോമസ്
കൊച്ചി: എറണാകുളം ലോക്സഭാ സീറ്റില്‍ ഇക്കുറി കെവി തോമസ് ഉണ്ടാകില്ലെന്നു പാര്‍ട്ടിയിലെ ഉന്നതര്‍ക്കെല്ലാം നേരത്തേ തന്നെ ബോധ്യമുണ്ടായിരുന്നു. കെവി തോമസിനും അക്കാര്യം അറിയാമായിരുന്നു.
പക്ഷേ, ഡല്‍ഹിയിലെ തന്റെ സ്വാധീനവും സോണിയാ ഗാന്ധിയുമായുള്ള അടുപ്പവും വച്ച് എട്ടാം തവണയും സീറ്റു കിട്ടുമെന്ന് അദ്ദേഹം കണക്കുകൂട്ടുകയായിരുന്നു. അതു നടക്കാതെപോയതിലെ ദുഃഖമാണ് തോമസ് പരസ്യപ്രതികരണത്തിലൂടെ നടത്തിയിരിക്കുന്നത്.
കഴിഞ്ഞ തവണ തന്നെ അദ്ദേഹത്തിനു സീറ്റു കൊടുക്കുന്നതിന് ഡിസിസി എതിരായിരുന്നു. അന്നും ഹൈബിയുടെ പേരായിരുന്നു ഉയര്‍ന്നു വന്നിരുന്നത്. അന്നു ഹൈബി ചെറുപ്പമാണെന്നും ഇനിയും സമയുമുണ്ടെന്നും പറഞ്ഞായിരുന്നു ഒഴിവാക്കിയത്. ഇപ്പോള്‍ ആ തന്ത്രം ഫലിക്കാതെ പോയിരിക്കുന്നു.
കോണ്‍ഗ്രസ് തലപ്പത്തേയ്ക്കു സോണിയ മാറി രാഹുല്‍ വന്നതും തോമസ് മാഷിനു വിനയായി. യുവരക്തത്തിനു മുന്‍ഗണന കൊടുക്കാനായിരുന്നു രാഹുലിന്റെ തീരുമാനം. കോണ്‍ഗ്രസ് സംസ്ഥാന ഘടകവും എറണാകുളം ഡിസിസിയും കെവി തോമസിനെതിരായിരുന്നു.
ഇതിനെല്ലാം പുറമേ, കെ വി തോമസ് ബിജെപി പക്ഷത്തേയ്ക്കു ചായുമെന്നുള്ള ചില കിംവദന്തികളും അദ്ദേഹത്തിനു വിനയായി. ഇടയ്ക്കു പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കെവി തോമസ് മുക്തകണ്ഠം പ്രശംസിച്ചത് അദ്ദേഹം കളം മാറുന്നുവെന്ന സംശയങ്ങള്‍ക്ക് ആക്കം കൂട്ടുകയും ചെയ്തു.
സീറ്റു നിഷേധിച്ചതിനെതിരേ ശക്തമായ ഭാഷയിലാണ് തോമസ് പ്രതികരിച്ചിരിക്കുന്നത്. അദ്ദേഹം പറയുന്നു:
ഞാന്‍ ആകാശത്തുനിന്ന് പൊട്ടിവീണതല്ല, എന്തു തെറ്റാണ് ചെയ്തതെന്ന് നേതൃത്വം വ്യക്തമാക്കണം. സീറ്റ് നിഷേധിച്ചതില്‍ ദുഃഖമുണ്ട്. പ്രായമായതും ഏഴു തവണ വിജയിച്ചതും എന്റെ കുറ്റമല്ല.
ഒരു സൂചന പോലും നല്‍കാതെ ഒഴിവാക്കിയതില്‍ ദുഃഖവും വേദനയുമുണ്ട്. ആരോഗ്യവും പ്രവര്‍ത്തനശേഷിയുമുണ്ട്. പൊതുപ്രവര്‍ത്തനരംഗത്ത് ഇനിയും സജീവമായുണ്ടാകും. എന്നോട് ഒരു വാക്കുപോലും പറയാതെയാണ് ഈ തീരുമാനമെടുത്തത്. എന്നെ കറിവേപ്പിലയാക്കാന്‍ ആര്‍ക്കും കഴിയില്ല. പാര്‍ട്ടിക്ക് വേണ്ടെങ്കിലും സാമൂഹിക പ്രവര്‍ത്തനവുമായി മുന്നോട്ടു പോകും. പ്രായമായത് തെറ്റല്ല. പാര്‍ട്ടിക്ക് വേണ്ടെങ്കിലും ജനങ്ങള്‍ക്കൊപ്പം നിന്നു പ്രവര്‍ത്തിക്കും. എന്റെ അയോഗ്യത എന്താണെന്ന് പാര്‍ട്ടി പറയണം.
ബിജെപിയില്‍ നല്ല സുഹൃത്തുക്കളുണ്ട്. അവിടെ നിന്ന് ആരും വന്നിട്ടില്ല. ബിജെപിയിലേക്ക് പോകുന്നത് സംബന്ധിച്ച് തീരുമാനിച്ചിട്ടില്ല. ദേശീയ സെമിനാറില്‍വച്ച് നരേന്ദ്രമോഡിയെ പ്രശംസിച്ചതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല. പി രാജീവും മോഡിയെ അഭിനന്ദിച്ചിട്ടുണ്ട്.
ഹൈബി ഈഡനുവേണ്ടി പ്രവര്‍ത്തിക്കുമോ എന്നത് പാര്‍ടി തീരുമാനിക്കും. ഞാനിപ്പോള്‍ വലിയ ഷോക്കിലാണ്. സജീവമായി പാര്‍ടിയില്‍ പ്രവര്‍ത്തിക്കും.
Keywords: KV Thomas, Hibi Eaden, Congress Party, Ernakulam, Loksabha Poll 2019
COMMENTS