സമീപകാല ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പാതിരാ പ്രഖ്യാപനങ്ങളായിരുന്നു ഏറെയും. കുറുക്കന്‍ കൂകുന്ന രാത്രികളിലെ കുറുക്കന്‍ ബുദ്ധിയെക്കുറിച്ചു ച...
സമീപകാല ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പാതിരാ പ്രഖ്യാപനങ്ങളായിരുന്നു ഏറെയും. കുറുക്കന്‍ കൂകുന്ന രാത്രികളിലെ കുറുക്കന്‍ ബുദ്ധിയെക്കുറിച്ചു ചിലത്...
ജോര്‍ജ് മാത്യു
ലോക സിനിമയിലെ എക്കാലത്തെയും ക്ലാസിക്കാണ് 1929 ല്‍ പുറത്തിറങ്ങിയ കാള്‍ തിയഡോര്‍ ഡ്രയറുടെ ദ പാഷന്‍ ഒഫ് ജോവാന്‍ ഒഫ് ആര്‍ക്ക്.ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോഗ്രാഫിയിലും അഭിനയത്തികവിലും തൊണ്ണൂറ് വര്‍ഷങ്ങള്‍ക്ക് ശേഷവും ആ നിശ്ശബ്ദസിനിമയ്ക്ക് പകരം വയ്ക്കാന്‍ ഒരു ചിത്രം എനിക്ക് കണ്ടെത്താനായിട്ടില്ല. മഹത്തായ രചനകള്‍ളുണ്ട്. ചാര്‍ളി ചാപ്ലിനും ആല്‍ഫ്രഡ് ഹിച്ച്‌കോക്കും ഓര്‍സണ്‍ വെല്‍സും ഒക്കെ സിനിമയിലെ ചക്രവര്‍ത്തിമാര്‍ തന്നെയാണ്. പക്ഷേ, ഒരക്ഷരം ഉരിയാടാത്ത, ഒരു യുവതിയുടെ ആത്മസംഘര്‍ഷങ്ങള്‍ അപ്പാടെ അഗ്നിസ്ഫുലിംഗങ്ങള്‍ പോലെ നമ്മുടെ ഹൃദയത്തിലേക്ക് കോരിയിടുന്ന മറ്റൊരു സിനിമ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. ഫ്രാന്‍സിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി, കന്യാസ്ത്രീ എന്ന സ്വന്തം പരിമിതിയെ മറന്ന് പോരാടി ഒടുവില്‍ പതിതയായി കല്പിക്കപ്പെട്ട് സഭയുടെ വിചാരണ നേരിടുന്നിടത്താണ് കാള്‍ഡ്രയര്‍ നമ്മളെ കൂട്ടിക്കൊണ്ടുപോകുന്നത്. ആ പാവം സ്ത്രീ ഉരുകുകയാണ്. അവര്‍ക്ക് ഇനിയും വ്യക്തമായിട്ടില്ല എന്തുതരം 'പാപ'മാണ് അവര്‍ നിര്‍വഹിച്ചത് എന്ന്. സ്വന്തം രാജ്യത്തിനുവേണ്ടി, ഒരു ഉള്‍വിളി മൂലം തിരുവസ്ത്രം ഊരിവച്ച് പോരാടുക മാത്രമാണ് അവര്‍ ചെയ്തത്. അത്രമാത്രം, അവര്‍ തന്റെ രാജ്യത്തെ സ്‌നേഹിച്ചിരുന്നു.
ഇപ്പേള്‍ സഭയുടെ കോടതിയില്‍ അവള്‍ വിചാരണ നേരിടുകയാണ്. വിചാരണ വാക്കുകളില്‍ ലഭ്യമല്ല. നിശ്ശബ്ദദതയിലൂടെയാണ് കാള്‍ഡ്രയര്‍ ആ തീക്ഷ്ണമായ വിചാരണയെ ഒപ്പിയെടുക്കുന്നത്, ജോവാന്റെ റോളില്‍ വരുന്ന റിനി ഫാല്‍ക്കോനെറ്റിയുടെ ആത്മസംഘര്‍ഷങ്ങളുടെ വിളനിലമായ മുഖത്തിന്റെ ക്ലോസ് അപ്പുകളിലൂടെയാണ്. അതൊരു അന്യൂന അനുഭവമാകുന്നു. ഒരു മനുഷ്യമുഖം അതിന്റെ പതിന്മടങ്ങ് വലുപ്പത്തില്‍ തിരശ്ശീലയില്‍ കാണുമ്പോള്‍, അതുനിരന്തരം സംഭവിക്കുമ്പോള്‍, നാം അറിയാതെ, അറിയാതെ ഒരു ശരീരഭാഷാ വിദഗ്ദ്ധനായി മാറുകയാണ്. ഇത് നമ്മള്‍ വ്യവഛേദിച്ച് അറിയുന്നില്ല. പക്ഷേ, അത് സംഭവ്യമാണ്.
ഞാനിപ്പോള്‍ വാര്‍ത്താ ചാനലുകള്‍, ദേശീയ, ഇംഗ്ലീഷ് ചാനലുകള്‍ ഉള്‍പ്പടെ കാണുന്നത് അന്തിച്ചന്ത ചര്‍ച്ചകള്‍ കേള്‍ക്കുവാനേയല്ല. റേറ്റിങ് കൂട്ടുവാന്‍ വേണ്ട 'നാടകീയത'കള്‍ അവ പതിവാക്കിയിരിക്കുന്നു. എന്നാലും അവര്‍ അറിയാതെ അമിതാവേശത്തില്‍, സ്വയംകൃതാനര്‍ത്ഥം പോലെ അവരുടെ ശരീരഭാഷ അതിന്റെ സ്വാഭാവികതയിലേക്ക് പോകും. അതില്‍ ഒരു 'സത്യപ്രസ്താവന'യുടെ സ്വരം ഞാന്‍ കണ്ടെത്തുന്നു.
കുറച്ചുകൂടി ലളിതമായി പറഞ്ഞാല്‍, നമ്മുടെ രാജ്യത്ത് ഇപ്പോള്‍ രണ്ടര നേതാക്കന്മാരാണ് ഉള്ളത്. ഒന്നാമന്‍ പ്രാധാനമന്ത്രി ശ്രീ നരേന്ദ്ര മോഡി, രണ്ടാമന്‍ ഏറ്റവും വലിയ രണ്ടാമത്തെ പാര്‍ട്ടിയുടെ നേതാവ് ശ്രീ രാഹുല്‍ഗാന്ധി, മുന്നാമത്, നിലവില്‍ 'അരനേതാവ്' എന്നു ഞാന്‍ കരുതുന്ന ശ്രീ അമിത് ഷാ. ഇവരില്‍ ആദ്യത്തെ രണ്ടുപേര്‍ ചാനലുകളില്‍ സദാ നിറഞ്ഞുനില്‍ക്കുന്നു. മൂന്നാമനായി ശ്രീ ഷായും. ഞാനീ മൂന്നുപേരെയും ആഴത്തില്‍ നിരീക്ഷിക്കുന്ന കൂട്ടത്തിലാണ്. വസ്ത്രധാരണം, ആശയങ്ങളുടെ ആഴവും പരപ്പും, അത് പറഞ്ഞു ഫലിപ്പിക്കുന്ന ഭാഷാശൈലി...
2014 ല്‍ അമിത് ഷായെ നമുക്കറിയില്ലായിരുന്നു. പിന്നീട് ഉയിര്‍ത്തെഴുന്നേറ്റ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിറയുകയായിരുന്നു. കഴിഞ്ഞ മൂന്ന് നാല് വര്‍ഷങ്ങളില്‍ ഇന്ത്യന്‍ പ്രസിഡന്റിന് ലഭിക്കുന്നതിനേക്കാള്‍ വലിയ ആര്‍ഭാട സ്വീകരണങ്ങളും സെക്യൂരിറ്റി സന്നാഹങ്ങളും. ഓരോ വരവും ഓരോ എഴുന്നള്ളത്തായിരുന്നു.
ശ്രീ നരേന്ദ്ര മോഡി ഇന്ത്യയുടെ പ്രധാനമന്ത്രി ആയതിനാല്‍ മഹനീയ സന്നാഹങ്ങള്‍ക്ക് അദ്ദേഹം ന്യായമായും അര്‍ഹനാണ്. എന്നാല്‍ വളരെ അത്യാവശ്യമാണെങ്കില്‍ മാത്രമായിരുന്നു അദ്ദേഹത്തിന്റെ സംസ്ഥാന സന്ദര്‍ശനങ്ങള്‍. പാര്‍ലമെന്റ് പോലും അദ്ദേഹം ആ അത്യാവശ്യ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. അദ്ദേഹത്തിന്റെ ശ്രദ്ധ ലോകനേതൃനിരയിലേക്കായിരുന്നുവല്ലോ!
മോഡിജിയുടെ പ്രസംഗശൈലി ആക്രമണമായിരുന്നു. പിന്നെ പ്രതിപക്ഷത്തിനുനേരെ പുച്ഛത്തോടുകൂടിയ പരിഹാസവും. ചരിത്രത്തെ സ്വന്തം വാചാടോപത്തിന് അനുസൃതമായി വക്രീകരിക്കാന്‍ ലേശവും മടികാട്ടിയിട്ടുമില്ല. 2014 ല്‍ നമ്മള്‍ കണ്ടുതുടങ്ങുമ്പോള്‍ അരങ്ങ് ഒരു വ്യക്തിയുടെ മാത്രം സ്വന്തമായിരുന്നു. ആ വ്യക്തിക്ക് ചുറ്റും ഒരു പ്രഭാവലയം ഉണ്ടോ എന്ന് തോന്നിക്കുമാറുള്ള സജ്ജീകരണങ്ങള്‍.
ഇനി രാഹുല്‍ ഗാന്ധിയിലേക്ക്. അദ്ദേഹം ബി.ജെ.പിയുടെ ഭാഷയില്‍ പപ്പു രാഹുല്‍ ആയിരുന്നു. ഇന്ത്യന്‍ ജനതയ്ക്കിടയിലെ പ്രശസ്തി (പോപ്പുലാരിറ്റി) 12 ശതമാനം. മോഡിയുടെ വസ്ത്രഭ്രമം അയാള്‍ക്കില്ലായിരുന്നു. വല്ലപ്പോഴും ചെത്തിമിനുക്കുന്നു മുഖം. തികഞ്ഞ വിനയവും തന്മയീഭാവവും. തട്ടുകടയില്‍ നിന്നുപോലും ചായ കുടിക്കും. ചെറ്റക്കുടിലുകളില്‍ കയറി കുശലം അന്വേഷിക്കും. ജനക്കൂട്ടം കണ്ടാല്‍ ജീപ്പിന് മുകളില്‍ കയറി മെഗാഫോണില്ലാതെ നേരിട്ട് സംസാരിക്കും. ഇതൊരു സാധാരണക്കാരില്‍ സാധാരണക്കാരന്റെ മനോനിലയാണ്. അത് അയാളുടെ ശരീരഭാഷയില്‍ ഉണ്ട്. അത് നിങ്ങള്‍ക്ക് ആ മനുഷ്യനിലേക്ക് ഒരു പാലം ഇട്ടുതരുന്നു. ധൈര്യമായി നടന്നുചെന്ന് കൈകുലുക്കാം എന്നു സൂചന.
സ്യൂട്ട് - ബൂട്ട് രാജ്യതന്ത്രജ്ഞതയും ഫുള്‍പേജ് പരസ്യങ്ങളും ഏറെക്കാലം നിലനിന്നില്ല. അതിനാല്‍ അത്ഭുതങ്ങളിലേക്ക് പരീക്ഷണം നീട്ടി. ഉറി സര്‍ജിക്കല്‍ സ്‌ട്രൈക്ക് വന്നു, കൊണ്ടാടി. പിന്നെ നോട്ട് റദ്ദാക്കല്‍, വെറും 50 ദിവസം, എല്ലാം ശരിയാക്കിത്തരാമെന്ന ഉറപ്പും. അതിന്റെ പീഡനത്തിന്റെ മുള്‍മുനയിലാണ് രാഷ്ട്രം ഇപ്പോള്‍. അതിനു പിന്നാലെ ജി.എസ്.ടി വന്നു. സാധാരണക്കാരനെയും ചെറുകിട വ്യാപാരികളെയും വീണ്ടും തകര്‍ത്തു. എല്ലാ വരവും ശ്രദ്ധിച്ചാല്‍ അറിയാം, പാതിരാവുകളായിരുന്നു. കുറുക്കന്റെ തന്ത്രങ്ങള്‍ അങ്ങനെയാണല്ലോ.
ചുരുക്കിപ്പറയാം. പഴയ എന്‍.ഡി.എ ഇപ്പോള്‍ മെലിഞ്ഞുപോയ ആനയെപ്പോലെ ആയിരിക്കുന്നു. ചന്ദ്രബാബു നായിഡു തുടക്കമിട്ടു. പിന്നെ ശിവസേന പോയി, മാത്ധി പോയി, കുശ്വാഹ പോയി, ഇപ്പോള്‍ അസം ഗണതന്ത്ര പരിഷത്തും. എ.ഐ.എ.ഡി.എം.കെ തകര്‍ന്നുകൊണ്ടേയിരിക്കുന്നു.
ചാനല്‍ ചര്‍ച്ചകളിലും ഈ മാറ്റം പ്രതിഫലിച്ചുകഴിഞ്ഞിരിക്കുന്നു. എത്ര മറച്ചുപിടിച്ചാലും കുഴലൂത്തുകാരുടെ ജാള്യം മറച്ചുവയ്ക്കാന്‍ അവര്‍ക്ക് ആവുന്നില്ല. അവരുടെ മുഖങ്ങള്‍ ഇപ്പോള്‍ ഗ്രിമ്മാണ്. സമ്മര്‍ദ്ദം സൃഷ്ടിക്കുന്ന ഒരുതരം ഗൗരവം, കൂര്‍മ്മത, ബി.ജെ.പി അനുകൂലികള്‍ ഇപ്പോള്‍ അങ്ങനെയാണ്. സംശയമുണ്ടെങ്കില്‍ ഒരുപാടു പേരെയൊന്നും ശ്രദ്ധിക്കേണ്ട കാര്യമില്ല, നമ്പര്‍ വണ്ണിനെ ശ്രദ്ധിച്ചാല്‍ മതി. പഴയ പരമപുച്ഛം ഇല്ല. ചരിത്രം പരിശോധിക്കലില്ല, വികസന വാഗ്ദാനങ്ങളും ആഹ്ലാദങ്ങളുമില്ല. ആക്രമണോത്സുകത തീരെയുമില്ലെന്നു മാത്രമല്ല എല്ലാം 'ഞാന്‍' എന്ന വ്യക്തിയിലേക്ക് ചുരുക്കുന്നു. അവര്‍ എനിക്ക് എതിരെയാണ്, എല്ലാവരും ഒത്തുകൂടുന്നത് എന്നെ വകവരുത്താനാണ്. അവിടെ രാഷ്ട്രീയമില്ല, പാര്‍ട്ടിയില്ല, ഭരണകൂടമില്ല, എല്ലാം ഞാന്‍ എന്ന വ്യക്തിയിലേക്ക് ചുരുക്കപ്പെടുന്നു. കാരണം വ്യക്തം. ചാനല്‍ക്കൊമ്പന്മാരും ആശ്രിതരും ഉണ്ടാക്കിക്കൊടുത്ത പഴയ പ്രഭാവലയത്തിന്റെ അടിമയാണ് ശ്രീ മോഡി ഇന്ന്. മോഡി വെഴ്‌സസ് ഇന്ത്യ എന്ന നിലയിലേക്ക് ഇപ്പോള്‍ കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ഇന്ത്യ ഈസ് ഇന്ദിര, ഇന്ദിര ഈസ് ഇന്ത്യ എന്നൊക്കെ കേട്ടവരാണല്ലോ നമ്മള്‍ ഇന്ത്യക്കാര്‍.
ശരീരഭാഷ എനിക്കു നല്‍കുന്ന സൂചന, മോഡിജിയും അമിത് ഷായും വല്ലാത്ത സംഘര്‍ഷത്തില്‍ ആകുന്നു എന്നാണ്. അത്യാവശ്യം വേണ്ട പ്രസന്നത ഇല്ലാതെ പോകുന്നു. വാക്കുകള്‍ക്ക് ഇമ്പമില്ല. കൂര്‍മ്മതയുമില്ല. വെരി ഫ്‌ളാറ്റ്. സമയം കിട്ടുമ്പോള്‍, രാഹുല്‍ ഗാന്ധിയെ ഒന്ന് ശ്രദ്ധിക്കുക, അയാള്‍ ആഹ്ലാദവാനാണ്. വാക്കുകളില്‍ നര്‍മ്മമുണ്ട്, പുച്ഛമില്ല. വാക്കുകള്‍ക്ക് കൃത്യതയുണ്ട്, വിനയവും. കവിളില്‍ ഇന്ത്യന്‍ യുവത്വത്തെ ആകര്‍ഷിക്കുന്ന നുണക്കുഴികളുമുണ്ട്. ഇന്ത്യന്‍ ജനത ആ യുവാവിനോട് കൂടുതല്‍ കൂടുതല്‍ ഐക്യപ്പെടുകയാണ്, സമരസപ്പെടുകയാണ്.
എത്ര ഒളിച്ചുവച്ചിട്ടും ഇപ്പോള്‍ചാനലുകാര്‍ക്ക് പറയേണ്ടിവരുന്ന മോഡിജിയുടെ, പോപ്പുലാരിറ്റി ഗ്രാഫിന്റെ കാര്യം കൂടി സൂചിപ്പിക്കട്ടെ. അത് 12 ശതമാനം കുറഞ്ഞ് 42 ശതമാനം ആയിരിക്കുന്നു എന്ന് അവര്‍ സമ്മതിക്കുന്നു.
ഒപ്പം രാഹുല്‍ ഗാന്ധിയുടെ ഗ്രാഫ് 12 ശതമാനത്തില്‍ നിന്നു ഡിസംബര്‍ 2018 ആകുമ്പോഴേക്കും 36 ശതമാനം ആയിരിക്കുന്നു എന്ന്.
ഈ വ്യത്യാസവും ശരീരഭാഷയില്‍ നിന്ന് വായിച്ചെടുക്കാം. ശ്രദ്ധിച്ച് ശ്രമിച്ചുനോക്കുക.
ലേഖകന്റെ ഫോണ്‍: 9847921294 .
COMMENTS