റാന്നി: ശബരിമലില്‍ നിന്ന് അറസ്റ്റു ചെയ്തു കൊണ്ടുപോയ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല റാന്നി പൊലീസ് സ്റ്റേഷനില്‍ ഉപവാസത്തില്‍...
റാന്നി: ശബരിമലില്‍ നിന്ന് അറസ്റ്റു ചെയ്തു കൊണ്ടുപോയ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല റാന്നി പൊലീസ് സ്റ്റേഷനില്‍ ഉപവാസത്തില്‍. ശശികലയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് റാന്നി പൊലീസ് സ്റ്റേഷനു മുന്നില്‍ നാമജപ പ്രതിഷേധം ആരംഭിച്ചിരിക്കുകയാണ്. നിരവധി സ്ത്രീകളും നാമജപത്തില്‍ പങ്കുചേരാന്‍ എത്തിയിട്ടുണ്ട്.
തന്നെ അകാരണമായാണ് പൊലീസ് അറസ്റ്റു ചെയ്തതെന്നും ഭക്ത എന്ന നിലയില്‍ കെട്ടും കെട്ടി എത്തിയ തന്നെ തടഞ്ഞുവച്ച് അറസ്റ്റു ചെയ്തതെന്തിനെന്നു പൊലീസ് വ്യക്തമാക്കണമെന്നും ശശികല പറഞ്ഞു. ഇതിനു പിന്നാലെയാണ് അവര്‍ പൊലീസ് സ്റ്റേഷനില്‍ ഉപവാസം ആരംഭിച്ചിരിക്കുന്നത്.
ശശികലയെ റാന്നി പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുവന്നതറിഞ്ഞ് നൂറുകണക്കിന് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ സ്റ്റേഷനു മുന്നിലെത്തുകയായിരുന്നു. നാമജപത്തോടെ അവരും സ്റ്റേഷനു മുന്നില്‍ തമ്പടിച്ചിരിക്കുകയാണ്. ശശികലയെ വിട്ടുകിട്ടണമെന്നാണ് അവരുടെ ആവശ്യം.
ആക്ടിവിസ്റ്റ് രഹന ഫാത്തിമ ഉള്‍പ്പെടെയുള്ളവരെ ഏതു വിധേനയും മല ചവിട്ടിക്കാന്‍ പരിശ്രമിച്ചവരാണ് കെട്ടുംകെട്ടിയെത്തിയ തന്നെ ശബരിമലയില്‍ നിന്ന് അറസ്റ്റു ചെയ്തു നീക്കിയതെന്ന് ശശികല ആരോപിച്ചു.
പൊലീസിന്റെ നടപടികളില്‍ താന്‍ ഭയപ്പെടില്ലെന്നും ശബരിമലയില്‍ ദര്‍ശനം നടത്തി, അയ്യപ്പന് നെയ്യഭിഷേകം നടത്തിയിട്ട് മാത്രമായിരിക്കും തിരിച്ചു പോകുന്നതെന്നും അവര്‍ പറഞ്ഞു.
ഇരുമുടിക്കെട്ടുമായി മല കയറാനെത്തുന്നവരെ ക്രിമിനലുകളെ പോലെ അറസ്റ്റ് ചെയ്യുകയാണ്. ഇതു കണ്ടുനില്‍ക്കാനാവില്ലെന്ന് അവര്‍ പറഞ്ഞു.
ഇരുമുടിക്കെട്ടേന്തി എത്തുന്ന ഭക്തരെ അയ്യപ്പനെന്നും മാളികപ്പുറമെന്നും വിളിക്കുന്ന കേരളത്തിലാണ് അവര്‍ ഇപ്പോള്‍ വേട്ടയാടപ്പെടുന്നത്. ആചാരങ്ങള്‍ സംരക്ഷിക്കാനായി തെരുവിലേക്കിറങ്ങേണ്ട ഗതികേടിലെത്തിയവരെ പ്രതികാര നടപടികളോടെ തേടിപ്പിടിക്കുകയാണ് പൊലീസെന്ന് അവര്‍ പറഞ്ഞു.
ശബരിമലയില്‍ കെട്ടും കെട്ടിയെത്തിയ കെ.പി. ശശികലയെ പൊലീസ് അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്നു പകല്‍ ഹര്‍ത്താലിന് ഹിന്ദു ഐക്യ വേദിയും ശബരിമല കര്‍മ സമിതിയും ആഹ്വാനം ചെയ്തിരിക്കുകയാണ്.
വെളുപ്പിന് രണ്ടു മണിക്ക് മരക്കൂട്ടത്തു വച്ചാണ് ശശികലയെ അറസ്റ്റു ചെയ്തത്. മല കയറരുതെന്നും തിരികെ പോകണമെന്നുമുള്ള പൊലീസ് നിര്‍ദ്ദേശം ശശികല നിരാകരിക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു അറസ്റ്റ്.
ശബരിമല ആചാര സംരക്ഷണ സമിതി കണ്‍വീനര്‍ പൃഥ്വിപാല്‍, ബ്രഹ്മചാരി ഭാര്‍ഗവ് റാം എന്നിവരെയും പൊലീസ് നേരത്തേ പമ്പയില്‍ നിന്നു കസ്റ്റഡിയിലെടുത്തിരുന്നു.
ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കെ മുന്‍കരുതലെന്ന നിലയിലാണ് അറസ്റ്റെന്ന് പൊലീസ് വ്യക്തമാക്കി. യുവതീപ്രവേശത്തെ എതിര്‍ക്കുന്നവര്‍ ശബരിമലയില്‍ എത്തരുതെന്ന പൊലീസ് നിലപാടിന്റെ തുടര്‍ച്ചയാണ് അറസ്റ്റ്.
മരക്കൂട്ടത്ത് അവരെ അഞ്ചു മണിക്കൂറോളം തടഞ്ഞുവച്ചു. തുടര്‍ന്നായിരുന്നു അറസ്റ്റ്. അറസ്റ്റു ചെയ്യുന്നതായി അറിയിച്ച ശേഷം അവരെ വനംവകുപ്പിന്റെ ആംബുലന്‍സില്‍ പമ്പയിലേക്കു കൊണ്ടുവന്നു. പമ്പയില്‍ നിന്നു പൊലീസ് ബസ്സില്‍ കയറ്റി റാന്നിയിലേക്കു കൊണ്ടുവരികയായിരുന്നു.
COMMENTS