ഗോകുലം കേരള 1 മിനർവ പഞ്ചാബ് 0 കോഴിക്കോട്: ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരളയ്ക്ക് തുടർച്ചയായ രണ്ടാം ജയം. ഗോകുലം ഏകപക്ഷീയമായ ഒരുഗോളിന് നിലവി...
ഗോകുലം കേരള 1 മിനർവ പഞ്ചാബ് 0
കോഴിക്കോട്: ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരളയ്ക്ക് തുടർച്ചയായ രണ്ടാം ജയം. ഗോകുലം ഏകപക്ഷീയമായ ഒരുഗോളിന് നിലവിലെ ചാമ്പ്യൻമാരായ മിനർവ പഞ്ചാബിനെ തോൽപിച്ചു. എസ് രാജേഷാണ് നിർണായക ഗോൾ നേടിയത്. ജയത്തോടെ ഗോകുലം ലീഗിൽ രണ്ടാം സ്ഥാനത്തേക്കുയർന്നു.കളിയുടെ അറുപതാം മിനിറ്റിലാണ് നിർണായക ഗോൾ പിറന്നത്. പെനാൽറ്റി ബോക്സിൻറെ വലതുഭാഗത്തുനിന്ന് ഗനി അഹമ്മദ് നിഗം നൽകിയ മനോഹര ക്രോസിന് അനായാസം തല വയ്ക്കുകയായിരുന്നു രാജേഷ്. തൊട്ടുപിന്നാലെ കോച്ച് ബിനോ ജോർജ്ജ് തിരികെ വിളിച്ചു. പകരം പ്രീതം സിംഗ് കളത്തിലിറങ്ങുകയും ചെയ്തു.
മിനർവയെക്കാൾ മികച്ച് കളിച്ചെങ്കിലും കിട്ടിയ അവസരങ്ങളെല്ലാം ഗോളാക്കിമാറ്റാൻ ഗോകുലത്തിന് കഴിഞ്ഞില്ല. എൺപത്തിയൊന്നാം മിനിറ്റിൽ വി പി സുഹൈറിന് പകരം പനിമാറിയെത്തിയ അർജുൻ ജയരാജ് എത്തി,തൊട്ടുപിന്നാലെ മലയാളി താരം സി എസ് സബീത്ത് മിനർവയ്ക്കായും പോരാട്ടത്തിനിറങ്ങി.
ഗോൾകീപ്പർ ഷിബിൻ രാജിൻറെ മികച്ച സേവുകളും ഗോകുലം ജയത്തിൽ നിർണായകമായി. ഷില്ലോംഗ് ലജോംഗിനെ തോൽപിച്ച ടീമിൽ മാറ്റം വരുത്താതെയാണ് ബിനോ ജോർജ്ജ് ഗോകുലത്തെ അണിനിരത്തിയത്.
അഞ്ച് കളിയിൽ എട്ട് പോയിൻറുമായാണ് ഗോകുലം ലീഗിൽ രണ്ടാം സ്ഥാനത്ത് എത്തിയത്. 13 പോയിൻറുള്ള ചെന്നൈ സിറ്റിയാണ് ഒന്നാ്ം സ്ഥാനത്ത്.
ഗോകുലത്തിന് രണ്ടാം ജയമൊരുക്കിയ രാജേഷാണ് ഹീറോ ഓഫ് ദ മാച്ച്. ഷില്ലോംഗ് ലജോംഗിനെതിരെയും രാജേഷ് ഗോൾ നേടിയിരുന്നു. ചുവപ്പ് കാർഡ് കണ്ട് വിലക്ക് നേരിടുന്ന ക്യാപ്റ്റൻ മൂസ ഇല്ലാതെയാണ് ഗോകുലം കളിച്ചത്.
-Sportsglobe.in
Tags: Gokulam FC Kerala, Minerva Punjab, S Rajesh, Bino George, I League Football, Kozhikode Football, Gokulam Football team
COMMENTS